വേനലവധി; വിദ്യാലയങ്ങള്‍ അടച്ചു, വിമാന ടിക്കറ്റ് നിരക്ക് കൂടി

Posted on: June 24, 2016 10:02 pm | Last updated: June 24, 2016 at 10:02 pm

ഷാര്‍ജ: വേനലവധിക്കായി ഇന്ത്യന്‍ വിദ്യാലയങ്ങള്‍ അടച്ചു. ആഗസ്റ്റ് 28ന് തുറക്കും. 65 ദിവസത്തോളമാണ് അവധി. ഇന്നലെയാണ് രാജ്യത്തെ വിദ്യാലയങ്ങള്‍ അടച്ചത്. ഇതോടൊപ്പം പാക്കിസ്ഥാന്‍ വിദ്യാലയങ്ങളും അടച്ചു.
ആദ്യപാദ പരീക്ഷ പൂര്‍ത്തിയാക്കിയായിരുന്നു പൂട്ടിയത്. അടുത്ത ദിവസങ്ങളില്‍ ഓപ്പണ്‍ ഹൗസുകള്‍ നടക്കും. ഓരോ വിദ്യാലയങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാവും ഓപ്പണ്‍ ഹൗസുകള്‍. എന്നാല്‍ ഇതിനു കാത്തുനില്‍ക്കാതെ പലപ്രവാസി കുടുംബങ്ങളും നാട്ടിലേക്ക് തിരിക്കും.
അധ്യാപക അധ്യാപകേതര ജീവനക്കാര്‍ക്കു ഈ മാസാവസാനത്തോടെ മാത്രമെ അവധി ആരംഭിക്കുയുള്ളൂ. എന്നാല്‍, ചില വിദ്യാലയങ്ങളില്‍ ജീവനക്കാര്‍ക്കു നേരത്തെ അവധി തുടങ്ങും. രാജ്യത്തെ പല വിദ്യാലയങ്ങളിലും വ്യത്യസ്ത തീയതികളിലാണ് ജീവനക്കാരുടെ അവധി ആരംഭിക്കുന്നത്.
അധ്യാപകരടക്കമുള്ള ജീവനക്കാര്‍ അവധിക്കുശേഷം ആഗസ്റ്റ് 24നു ജോലിയില്‍ തിരികെ പ്രവേശിക്കണം. വിദ്യാലയങ്ങള്‍ തുറക്കുന്നതിനു നാലു ദിവസം മുമ്പ് ജീവനക്കാര്‍ക്ക് ഏകദേശം 55 ദിവസമാണ് അവധി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അവധിദിനങ്ങളില്‍ വര്‍ധനവുണ്ട്. എന്നാല്‍ ചില വിദ്യാലയങ്ങളില്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അതേ അവധിതന്നെ ലഭിക്കും.
വിദ്യാലയങ്ങള്‍ അടച്ചതോടെ വിദ്യാര്‍ഥികള്‍ അവധിക്കാല ആഘോഷത്തിലേക്ക് നീങ്ങുകയാണ്. മിക്ക കുടുംബങ്ങളും രക്ഷിതാക്കളോടൊപ്പം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അവശേഷിക്കുന്നവര്‍ അവധിക്കാലം ഇവിടെ തന്നെ ആഹ്ലാദകരമാക്കും. ‘ഹാപ്പി ഹോളിഡേയ്‌സ്’ ആശംസിച്ചാണ് വിദ്യാര്‍ഥികളെ അധ്യാപകരും സ്‌കൂള്‍ അധികൃതരും യാത്രയാക്കിയത്. ചൂട് കനക്കുന്നതിനിടയിലാണ് അവധിക്കാലത്തിന്റെ ആരംഭമെന്നത് വിദ്യാര്‍ഥികള്‍ക്കു ഏറെ ആശ്വാസം പകരുന്നു.
വിദ്യാലയങ്ങള്‍ അടച്ചുവെങ്കിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കും. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ക്കു അവധി പ്രയാസമുണ്ടാക്കില്ല. വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്കുചെയ്തിരുന്നതിനാല്‍ ഉദ്ദേശിച്ച നാളില്‍ തന്നെ യാത്രതിരിക്കാനാവും. ഭീമമായ വിലയാണ് വിമാനടിക്കറ്റിനു ഇത്തവണ നല്‍കേണ്ടിവരുന്നത്.
മാസങ്ങള്‍ക്കുമുമ്പ് തന്നെ ബുക്കുചെയ്തവര്‍ക്കുപോലും അധിക നിരക്കാണ് നല്‍കേണ്ടിവന്നത്. റിട്ടേണ്‍ ടിക്കറ്റിനു 2,000 ദിര്‍ഹത്തില്‍ കുറവുണ്ടായിരുന്നില്ല. അവധി ദിനം അടുക്കുംതോറും നിരക്കും കുതിക്കുകയായിരുന്നു. എന്നാല്‍ നിരക്കു വര്‍ധനവ് വകവെക്കാതെ നാട്ടില്‍ പോകാനുള്ള മിക്ക കുടുംബങ്ങളും ടിക്കറ്റെടുക്കുകയായിരുന്നു. അതേ സമയം വരുമാനം കുറഞ്ഞ പ്രവാസികള്‍, വിവിധ രാജ്യങ്ങള്‍ താണ്ടിയാണ് നാട്ടിലെത്തുക. കുവൈത്ത്, ഒമാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് ഇത്തരക്കാര്‍ നാടണയുക. കുറഞ്ഞ നിരക്കാണ് ഇതിന്നു കാരണം. മുംബൈ, ഗോവ, ചെന്നൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങള്‍ വഴിപോകുന്നവരും കുറവല്ല. മംഗലാപുരത്തേക്കും നേരിട്ടുള്ള യാത്രക്ക് വന്‍ നിരക്കാണുള്ളത്. അതുകൊണ്ടുതന്നെ ഇവിടവും നിര്‍ദന്ധന പ്രവാസികള്‍ക്കു ആശ്രയിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. റമസാന്‍ അവസാന നാളുകളിലാണ് പല പ്രവാസികളും നാട്ടിലെത്തുക. അതുകൊണ്ടുതന്നെ പെരുന്നാള്‍ കുടുംബാംഗങ്ങളോടൊപ്പം സന്തോഷ പൂര്‍വം ആഘോഷിക്കാന്‍ അവസരം ലഭിക്കും. മാത്രമല്ല, നാട്ടില്‍ മഴക്കാലമായതും ഏറെ സന്തോഷം പകരുന്നുണ്ട്.
വിദ്യാലയങ്ങള്‍ അടച്ചതോടെ നിരത്തുകളില്‍ ഗതാഗത തിരക്കിനു ശമനമുണ്ടാകും. സ്‌കൂള്‍ ബസ്സുകള്‍ പിന്‍വലിയുന്നതോടെ ഗതാഗത തിരക്കു നന്നേകുറയുമെന്നാണ് കരുതപ്പെടുന്നത്. കുട്ടികളുമായി സ്‌കൂളിലെത്തുന്ന സ്വകാര്യവാഹനങ്ങളും നിരത്തിലുണ്ടാകില്ല. അടുത്ത ദിവസങ്ങളില്‍ വിമാനങ്ങളും വിമാനത്താവളങ്ങളും യാത്രക്കാരെ കൊണ്ടു നിറയും.