വായു സേന നടത്തിയത് വിജയകരമായ 50 ദൗത്യങ്ങള്‍

Posted on: June 24, 2016 9:11 pm | Last updated: June 24, 2016 at 9:11 pm
SHARE

AR-160629758റാസല്‍ ഖൈമ: റാസല്‍ ഖൈമ പോലീസിന്റെ വായു സേന കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ വിജയകരമായ 50 ദൗത്യങ്ങള്‍ നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായാണ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.
ഗലീല താഴ്‌വരയില്‍ അകപ്പെട്ട മൂന്നംഗ ഏഷ്യന്‍ പര്‍വതാരോഹകരെ രക്ഷിച്ചതാണ് ഇവയില്‍ ഏറ്റവും പ്രധാനം. പര്‍വതത്തിന്റെ ഉച്ചിയില്‍ എത്തിയ സംഘത്തിന് തിരിച്ചു വരാന്‍ പറ്റാതായതിനെ തുടര്‍ന്നായിരുന്നു പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ച ഉടന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് മേഖല അരിച്ചുപെറുക്കുകയും 15 മിനുട്ടിനകം സംഘത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയുമായിരുന്നൂവെന്ന് പോലീസ് വായു സേനാ വിഭാഗം തലവന്‍ വിംഗ് കമാന്റര്‍ സഈദ് റാശിദ് അല്‍ യമാഹി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ സേനാംഗങ്ങള്‍ക്ക് പോലീസ് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ മികച്ച പ്രകടനമാണ് രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളില്‍ പ്രകടമാക്കുന്നത്.
പര്‍വതത്തിന് മുകളില്‍ മാത്രമല്ല കടലിലും കരയിലും മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും സാധിക്കുന്ന രീതിയിലുള്ള രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനമാണ് നല്‍കുന്നത്. 24 മണിക്കൂറും ഏത് സാഹചര്യത്തെയും നേരിടാന്‍ സേന സജ്ജമാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പോലീസിന്റെ സെന്‍ട്രല്‍ ഓപറേഷന്‍സ് റൂമില്‍ ലഭിക്കുന്ന അത്യാഹിതവുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകള്‍ക്ക് അനുസൃതമായി അതിവേഗം നീങ്ങാവുന്ന രീതിയിലാണ് സേനയെ സജ്ജമാക്കിയിരിക്കുന്നത്.
പര്‍വതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവര്‍ക്ക് പ്രാഥമിക ചികിത്സയും കുടിവെള്ളവും നല്‍കിയിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 4,500 അടി ഉയരത്തിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പര്‍വതാരോഹണം ഉള്‍പെടെയുള്ളവക്കായി പുറപ്പെടുന്നവര്‍ ആവശ്യമായ ഉപകരണങ്ങളും അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടാനായി ഇലട്രോണിക് ഡിവൈസുകളും കരുതണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here