Connect with us

Gulf

എയര്‍ ഇന്ത്യ, എക്‌സ്പ്രസ് അധിക ലഗേജ് ചാര്‍ജ് വര്‍ധിപ്പിച്ചു

Published

|

Last Updated

അബുദാബി: എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക ലഗേജിന് ചാര്‍ജ് വര്‍ധിപ്പിച്ചു. അനുവദിക്കപ്പെട്ട 30 കിലോ ലഗേജിന് പുറമെ വരുന്ന 10 കിലോ ലഗേജിന് 100 ദിര്‍ഹമില്‍നിന്നും 200 ദിര്‍ഹമായാണ് എക്‌സ്പ്രസ് വര്‍ധിപ്പിച്ചത്. എയര്‍ ഇന്ത്യ 150 ദിര്‍ഹമായും വര്‍ധിപ്പിച്ചു.
നേരത്തെ അഞ്ച് കിലോക്ക് 50 ദിര്‍ഹമും 10 കിലോക്ക് 100 ദിര്‍ഹമുമാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇതാണ് മുന്നറിയിപ്പില്ലാതെ ഇരട്ടിയായി വര്‍ധിപ്പിച്ചത്. എയര്‍ ഇന്ത്യക്ക് 10 കിലോഗ്രാമിന് 150 ദിര്‍ഹം ഈടാക്കുമ്പോള്‍ ബജറ്റ് എയര്‍ലൈനായ എക്‌സ്പ്രസ് 200 ദിര്‍ഹമാണ് ചുമത്തുന്നത്. സാധാരണ ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റിന് നല്‍കുന്ന സര്‍വീസ് ചാര്‍ജിന് പുറമെ അധിക ലഗേജ് ചാര്‍ജിന് 25 ദിര്‍ഹം സര്‍വീസ് ചാര്‍ജായി ജി എസ് എ ചാര്‍ജ് എന്ന പേരില്‍ ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നതായുള്ള പരാതിയും ശക്തമായിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാര്‍ ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞാണ് അധിക ലഗേജിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ഇത് നിയമാനുസൃതമല്ലെന്ന് എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ, ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സൗജന്യ ലഗേജ് അനുവദിക്കുന്നതില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നതായും പരാതിയുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ബോംബെയിലേക്കും 40 കിലോ സൗജന്യ ലഗേജ് അനുവദിക്കുമ്പോള്‍ കേരള സെക്ടറില്‍ മാത്രമാണ് 30 കിലോ അനുവദിക്കുന്നത്. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൈയില്‍ കരുതുന്നതിന് ഏഴ് കിലോഗ്രാം സൗജന്യ ലഗേജ് അനുവദിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് 10 കിലോഗ്രാമാണ് അനുവദിക്കുന്നത്.
കേരളത്തോട് എയര്‍ഇന്ത്യ പുലര്‍ത്തിപ്പോരുന്ന ചിറ്റമ്മ നയത്തിന് സര്‍ക്കാരുകള്‍ എത്ര മാറിയാലും ഒരു മാറ്റവുമുണ്ടാകുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ പത്തിരട്ടിയാണ് ടിക്കറ്റ് ചാര്‍ജ് നല്‍കേണ്ടത്.