Connect with us

Kozhikode

പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിസമര്‍പ്പിച്ചു

Published

|

Last Updated

അംബിക മംഗലത്ത്

താമരശ്ശേരി: അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിക മംഗലത്ത് രാജിസമര്‍പ്പിച്ചു. ഭരണ സമിതിയില്‍ ഭൂരുപക്ഷമുള്ള എല്‍ ഡി എഫ് പ്രസിഡന്റിനെതിരെ സമര്‍പ്പിച്ച അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചക്കെടുക്കാനിരിക്കെയാണ് ഇന്ന് വൈകിട്ട് അമ്പിക മംഗലത്ത് രാജിവെച്ചൊഴിഞ്ഞത്. 21 അംഗ ഭരണ സമിതിയിലേക്ക് എല്‍ ഡി എഫിലെ 12 പേര്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ് സി സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. പ്രസിഡന്റ് സ്ഥാനം ഉറപ്പായതോടെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയും സംസ്ഥാന നേതൃത്വം ഇടപെട്ട് കോഗ്രസിലെ അമ്പിക മംഗലത്തിനെ പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്‍ ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രസിഡന്റ് എന്ന നിലയില്‍ കടമ നിര്‍വഹിക്കുന്നില്ലെന്നും സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും പ്രസിഡന്റിന്റെ അനാസ്ഥ കാരണം നഷ്ടമാവുന്നുവെന്നുമാണ് എല്‍ ഡി എഫിന്റെ ആരോപണം. പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി നിലവിലെ ഏതെങ്കിലും അംഗത്തെ രാജിവെപ്പിക്കുകയും ഉപ തിരഞ്ഞെടുപ്പിലൂടെ എസ് സി വിഭാഗത്തില്‍നിന്നുള്ളയാളെ വിജയിപ്പിച്ചെടുക്കാനുമാണ് എല്‍ ഡി എഫിന്റെ നീക്കം. വിജയം ഉറപ്പുള്ള വാര്‍ഡ് സംബന്ധിച്ചും മത്സരിപ്പിക്കേണ്ടയാളെ സംബന്ധിച്ചുമുള്ള ചര്‍ച്ച എല്‍ ഡി എഫില്‍ സജീവമാണ്. അടുത്ത ദിവസം ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് സൂചന.