Connect with us

Gulf

45 മിനുട്ട് കൊണ്ട് നാല് മില്യന്‍ റിയാല്‍ സമാഹരിച്ച് റാഫ്‌

Published

|

Last Updated

റാഫ് നടത്തിയ റേഡിയോ പരിപാടി

ദോഹ: വായ്പ തിരിച്ചടവ് മുടങ്ങിയ ഖത്വരി പൗരന്മാരെ സഹായിക്കുന്നതിന് ഒറ്റ കാള്‍ ഇന്‍ റേഡിയോ പരിപാടിയിലൂടെ നാല് മില്യന്‍ ഖത്വര്‍ റിയാല്‍ സമാഹരിച്ച് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്). ഇതിലേക്ക് ഒരു മില്യന്‍ ഖത്വര്‍ റിയാല്‍ റാഫ് തന്നെ സംഭാവന ചെയ്തിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ ആറ് ലക്ഷം വരെ റിയാല്‍ വായ്പ തിരിച്ചടക്കാനുള്ള ഏഴ് ഖത്വരികളെ സഹായിക്കാനാണ് റാഫ് മുന്‍കൈയെടുത്തത്.
ഞായറാഴ്ച രാത്രി നടത്തി “അബ്‌വാബ് അല്‍ റഹ്മ” (കാരുണ്യ കവാടം) എന്ന 45 മിനുട്ട് നീണ്ട റേഡിയോ പരിപാടിയിലാണ് പണം സമാഹരിച്ചത്. ഹോളി ഖുര്‍ആന്‍ റേഡിയോയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ് അല്‍ ഔദി, ശൈഖ് അബ്ദുല്ല അല്‍ നിഅ്മ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവര്‍ക്ക് തണലേകുന്നതിനുള്ള റാഫിന്റെ ഖൈറുനാ ലി അഹ്‌ലിനാ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. ഖത്വരി യുവാവ് ഉള്‍പ്പെടെ മറ്റു ചിലരെ കൂടി ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിന് കൂടുതല്‍ പണം ആവശ്യമാണെന്നും ഇതിന് ഇപ്പോഴും പ്രചാരണം നടത്തുന്നുണ്ടെന്നും ക്യാംപയിന്‍ മേധാവി ഹുസൈന്‍ അമാന്‍ അല്‍ അലി പറഞ്ഞു. ബിസിനസ് നഷ്ടം മൂലം നാല് ലക്ഷം റിയാല്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനാലാണ് ഈ യുവാവ് ജയിലിലായത്. പ്രായം ചെന്ന വിധവയായ മാതാവിനുള്ള ഏകമകനാണ് എന്നതിനാല്‍ ഈ യുവാവിന് റാഫ് മുന്‍ഗണ നല്‍കിയിട്ടുണ്ട്. ഈ കേസിന് വേണ്ടി ഒരു ലക്ഷം റിയാല്‍ റാഫ് സമാഹരിച്ചിട്ടുണ്ട്. യുവാവിനെ ജയില്‍ മോചിതനാക്കി പ്രായം ചെന്ന ഉമ്മക്ക് ആശ്വാസമേകാന്‍ ഇനിയും മൂന്ന് ലക്ഷം റിയാല്‍ ആവശ്യമാണ്. അതിന് ഉദാരമതികളുടെ സഹായം വേണമെന്നും അല്‍ അലി പറഞ്ഞു.

Latest