ഡാറ്റാ ശേഖരങ്ങളുടെ ഏകോപനത്തിന് റീം ആപ്പ്‌

Posted on: June 24, 2016 8:35 pm | Last updated: June 24, 2016 at 8:35 pm

QNA_Rheem_Architecture_HBKUദോഹ: നിരവധി സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകളിലുള്ള ബിഗ് ഡാറ്റകള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന ആപ്പുമായി ഖത്വര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ക്യു സി ആര്‍ ഐ). രാജ്യത്ത് കാണപ്പെടുന്ന ഒരിനം കലമാന്റെ പേരായ റീം എന്നാണ് ആപ്പിന് പേര് നല്‍കിയത്.
ക്രോസ്സ് പ്ലാറ്റ്‌ഫോം ഡാറ്റ പ്രൊസസ്സിംഗിന് സഹായിക്കുന്ന പൊതു ലക്ഷ്യാടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ആപ്പാണിത്. വിവിധങ്ങളായ ഡാറ്റകളെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് ആപ്പ്. ബിഗ് ഡാറ്റ വിശകലനം വിശാലമേറിയതാണെന്നും പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി പല സംരംഭങ്ങളും കമ്പനികളും സംഘടനകളും മറ്റും വ്യത്യസ്ത സ്‌പെഷ്യലൈസ്ഡ് ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച സംഘത്തലവന്‍ ജോര്‍ജ് അര്‍ണുള്‍ഫോ കൈ്യന്‍ റൂയിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയും കസ്റ്റമര്‍ പര്‍ച്ചേസ് അനലിറ്റിക്കും പ്രത്യേകം സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകളെ ആവശ്യപ്പെടുന്നതാണ്. ഉദാഹരണത്തിന് ഒരു വിമാനകമ്പനിക്ക് പ്രത്യേക പ്രമോഷനുകളിലൂടെ ഉപഭോക്താക്കളെ ലക്ഷ്യംവെക്കുന്നതിന് യാത്രക്കാരുടെ ഡാറ്റാബേസില്‍ നിന്നുള്ള ഡാറ്റയും പാസഞ്ചര്‍ ലിസ്റ്റില്‍ സൂക്ഷിച്ച വിവരങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റ് ഹിസ്റ്ററി ഡാറ്റയും ആവശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവിധങ്ങളായ പ്ലാറ്റ്‌ഫോമുകളില്‍ ശേഖരിച്ച ഡാറ്റയുടെ സഹായത്തോടെ അധിക ഫ്‌ളൈറ്റ് കപ്പാസിറ്റി ഷെഡ്യൂള്‍ ചെയ്യുന്നതിന് എയര്‍ലൈന്‍ എന്‍ജിനീയര്‍മാരെ റീം ആപ്പ് സഹായിക്കും. ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് ഖത്വര്‍ എയര്‍വേയ്‌സ് സമ്മതിച്ചിട്ടുണ്ട്.
രോഗികളെ നിരീക്ഷിക്കുന്നതിന് ആശുപത്രികളെയും ആപ്പ് സഹായിക്കും. ഒരേ പ്രിസ്‌ക്രിപ്ഷന്‍ ലഭിച്ച രോഗികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഡോക്ടാര്‍മാര്‍ക്ക് ഇതിലൂടെ സമാഹരിക്കാം. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ഘടനാപരമായതും അല്ലാത്തതുമായ ഡാറ്റ വിശകലനം ചെയ്യാന്‍ റീമിലൂടെ എണ്ണ മേഖലക്കും എളുപ്പമാകും. എണ്ണ പര്യവേക്ഷണ സമയത്ത്, റിസര്‍വോയര്‍ ലാഭകരമാകുമോയെന്ന് അറിയാന്‍ വ്യത്യസ്തങ്ങളായ നിരവധി ഡാറ്റകളുടെ സമാഹരണം ആവശ്യമായി വരും. ഈ പശ്ചാത്തലത്തില്‍ റീം ആപ്പ് സഹായകമാണ്.