Connect with us

Gulf

ശാസ്ത്ര ഗവേഷണത്തില്‍ ഖത്വറിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടി സിംഗപ്പൂര്‍ മാഗസിന്‍

Published

|

Last Updated

ദോഹ: ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളില്‍ ഖത്വറിന്റെ പുരോഗതിയെ അഭിനന്ദിച്ച് സിംഗപ്പൂര്‍ മാസിക എല്‍ സേവ്യര്‍. പ്രത്യേകിച്ച് ശാസ്ത്ര ഗവേഷണ മേഖലയില്‍ രാജ്യം വലിയ നേട്ടമാണ് കൈവരിച്ചതെന്ന് മാസിക അടിവരയിടുന്നു. 77 രാഷ്ട്രങ്ങളിലെ ഗവേഷണ സൂചിക വിശകലനം നടത്തിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഗവേഷണം നടത്താന്‍ ഖത്വറിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വര്‍ധന വന്നിട്ടുണ്ട്. പതിനൊന്ന് ശതമാനം പേര്‍ ഇങ്ങനെ രാജ്യത്തേക്ക് കടന്നുവരുന്നവരാണ്. മൊത്തം ഗവേഷക അനുപാതം 18 ശതമാനം ആണ്. വികസനമാണ് ഗവേഷകരെ ആകര്‍ഷിക്കുന്ന പൊതുവായ കാരണമെങ്കിലും ശാസ്ത്ര ഗവേഷണത്തിലെ നിക്ഷേപം വര്‍ധിപ്പിച്ചത് പ്രധാന ഘടകമാണ്. ഒരു വര്‍ഷം 100 മില്യന്‍ ഡോളര്‍ ശാസ്ത്ര ഗവേഷണത്തിനുള്ള നിക്ഷേപം. ജി ഡി പിയുടെ 2.8 ശതമാനം ശാസ്ത്ര ഗവേഷണത്തിന് ഉപയോഗിക്കുന്ന രാഷ്ട്രമാണ് ഖത്വര്‍. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഗവേഷകരെ ആകര്‍ഷിച്ച് ഈ മേഖലയില്‍ രാജ്യം വലിയ നേട്ടങ്ങളിലേക്ക് കുതിപ്പ് നടത്തുമെന്ന് മാഗസിന്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ഖത്വറില്‍ ഗവേഷണം നടത്തുന്ന മൂന്ന് പേരുമായി രണ്ട് അഭിമുഖങ്ങളും മാഗസിന്‍ നടത്തിയിട്ടുണ്ട്. മികച്ച പശ്ചാത്തല സൗകര്യവും സര്‍ക്കാറിന്റെ ചെലവില്‍ നിര്‍മിച്ച ഗവേഷണ കേന്ദ്രങ്ങളും ആകര്‍ഷിച്ചെന്ന് ഗവേഷകര്‍ പറയുന്നു. അന്താരാഷ്ട്ര ഗവേഷക സമൂഹത്തിനിടയില്‍ ഖത്വറിനെ സംബന്ധിച്ച് മതിപ്പും അഭിമാനവും ഉണ്ടാക്കുന്നതാണ് ഇതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest