Connect with us

Gulf

വിമാനം വാങ്ങി വരുമാനം കൂട്ടാന്‍ ഖത്വര്‍ ഫസ്റ്റ് ബേങ്ക് സംരംഭം

Published

|

Last Updated

ദോഹ: വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി വിമാനം വാങ്ങി പാട്ടത്തിനു കൊടുക്കുന്ന ബിസിനസ് സംരംഭവുമായി ഖത്വര്‍ ഫസ്റ്റ് ബേങ്ക്. വിമാനങ്ങള്‍ പാട്ടത്തിനു കൊടുക്കുന്ന സ്ഥാപനമായ നോവസ് ഏവിയേഷനുമായുള്ള സംയുക്ത സംരംഭത്തിലൂടെ രണ്ട് ബോയിംഗ് 737 എസ് വിമാനങ്ങള്‍ വാങ്ങുന്നതിനാണ് പദ്ധതി. കമ്പനികള്‍ സംയുക്തമായി സംരംഭം ഇന്നലെ പ്രഖ്യാപിച്ചു.
രണ്ടു 2011 മോഡല്‍ വിന്റേജ് ബോയിംഗ് 737-900 ഇആര്‍ സിംഗിള്‍ എയ്‌സല്‍ വിമാനങ്ങള്‍ സ്വന്തമാക്കി ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറിന് പാട്ടത്തിനു കൊടുക്കുന്നതാണ് പദ്ധതി. ഖത്വര്‍ ഫസ്റ്റ് ബേങ്കിന്റെ ഇസ്‌ലാമിക് ബേങ്കിംഗ് സംരംഭത്തിന്റെ ഭാഗമായാണ് നിക്ഷേപം. ബേങ്കിന്റെ വരുമാന സ്‌ത്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഖത്വര്‍ ഫസ്റ്റ് ബേങ്ക് സി ഇ ഒ സിയാദ് മക്കാവി പറഞ്ഞു. വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള ഏവിയേഷന്‍ മേഖല ഒരു അവസരമായി തിരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രിലില്‍ ഖത്വര്‍ സ്റ്റോക്ക് എക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഫസ്റ്റ് ഗള്‍ഫ് ബേങ്ക് കൂടുതല്‍ ശരീഅ അനുസൃതമായ മേഖലകളില്‍ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച് പഠനം നടത്തി വരികയാണ്. മറ്റു നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യോമയാന മേഖലയിലെ നിക്ഷേപം സ്ഥിരതയും സുരിതവുമാണെന്നും അദ്ദേഹം പറഞ്ഞു.

Latest