പുറം രാജ്യങ്ങളില്‍ എണ്ണ വില്‍ക്കാന്‍ പുതിയ ഖത്വര്‍ പെട്രോളിയം കമ്പനി

Posted on: June 24, 2016 6:33 pm | Last updated: June 28, 2016 at 8:38 pm

petrolദോഹ: ഖത്വറിന്റെ പെട്രോളിയം ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളില്‍ വിപണനം ചെയ്യാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ പെട്രോളിയം കമ്പനി രൂപവത്കരിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ഖത്വര്‍ പെട്രോളിയം കമ്പനിയുടെ ആഭിമുഖ്യത്തിലായിരിക്കും പുതിയ കമ്പനി.
സര്‍ക്കാര്‍ നിബന്ധനകള്‍ക്കു വിധേയമായി ഖത്വറിന്റെ പെട്രോളിയിം ഉത്പന്നങ്ങള്‍ രാജ്യത്തിനു പുറത്ത് മാര്‍ക്കറ്റ് ചെയ്യുകയും വില്‍പ്പന നടത്തുകയുണ് കമ്പനിയുടെ ഉത്തരവാദിത്തം. സര്‍ക്കാര്‍ ഉത്പന്നങ്ങള്‍ രാജ്യത്തിനു പുറത്തു വിപണനം ചെയ്യുന്നതിനായുള്ള 2007ലെ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ കമ്പനി രൂപവത്കരിക്കുന്നത്. നിയമം ഭേദഗതി ചയ്യുന്നതിനുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ സ്വീകരിച്ചത്.
ഖത്വര്‍ പെട്രോളിയത്തെപ്രതിനിധീകരിച്ച് രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അനുമതിയാണ് പുതിയ നിയമത്തിലൂടെ കമ്പനിക്ക് ലഭിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച നിയമം ശൂറാ കൗണ്‍സിലിന്റെ അംഗീകാരത്തിനു വിട്ടിരിക്കുകയാണ്. ശൂറാ കൗണ്‍സിലിന്റെ ശിപാര്‍ശകള്‍ കൂടി അംഗീകരിച്ചായിരിക്കും നിയമം അന്തിമമായി പ്രസിദ്ധീകരിക്കുക.
നിലവില്‍ തസ്‌വീഖ് കമ്പനിയാണ് ഖത്വര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി നടത്തുന്നത്. എന്നാല്‍ ഇത് ഖത്വര്‍ പെട്രോളിയം സബിസിഡയറി കമ്പനിയല്ല. മറ്റു ഓയില്‍, ഗ്യാസ് കമ്പനികളില്‍നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു എന്നാണ് തസ്‌വീഖ് വെബ്‌സൈറ്റ് പരിചയപ്പെടുത്തുന്നത്. 44 ദശലക്ഷം ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഒരു വര്‍ഷം കയറ്റുമതി നടത്തുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇതില്‍ നാലിലൊന്നും പോകുന്നത് ജപ്പാനിലേക്കാണ്. ഖത്വര്‍ പെട്രോളിയം പ്രവര്‍ത്തനങ്ങളില്‍ 2014ല്‍ ആരംഭിച്ച പരിഷ്‌കരണങ്ങളുടെ കൂടി ഭാഗമായാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി വരുന്നത്. എണ്ണവിലക്കുറവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ നടപടികളുടെ ഭാഗമാണിതും എന്നു നിരീക്ഷിക്കപ്പെടുന്നു.