ഇന്ത്യയ്ക്ക് എന്‍ എസ് ജി അംഗത്വമില്ല

Posted on: June 24, 2016 11:22 am | Last updated: June 24, 2016 at 4:05 pm

സോള്‍: എന്‍.എസ്.ജി (ന്യൂക്ലിയര്‍ സപ്ലയര്‍ ഗ്രൂപ്പ്) അഥവാ ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയില്‍ തീരുമാനമായില്ല. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ നടന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ അപേക്ഷ തല്‍ക്കാലം നിരസിക്കപ്പെട്ടു. ചൈനയുടെ ശക്തമായ എതിര്‍പ്പാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന് തടസമായത്.

ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പ് വയ്ക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന് എതിര്‍പ്പുയര്‍ന്നത്. ചൈനയ്ക്ക് പുറമേ ന്യൂസിലാന്റ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, അയര്‍ലന്റ്, ആസ്ട്രിയ, ബ്രസീല്‍ തുടങ്ങിയ അംഗരാജ്യങ്ങളും ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തു. ഇന്ത്യക്കൊപ്പം പാകിസ്ഥാനും എന്‍.എസ്.ജി അപേക്ഷയുമായി രംഗത്തുണ്ടായിരുന്നു. പാകിസ്ഥാന് അംഗത്വം നല്‍കണമെന്ന ആവശ്യം ചൈന മുന്നോട്ട് വച്ചിരുന്നു. അമേരിക്ക, ഫ്രാന്‍സ്, മെക്‌സിക്കോ, കാനഡ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചു. ചൈനയുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും ഇതുണ്ടായില്ല. ആണവ വ്യാപരത്തിന് എന്‍.എസ്.ജി അംഗത്വം ആവശ്യമാണ്. 48 രാജ്യങ്ങളാണ് നിലവില്‍ എന്‍.എസ്.ജി അംഗങ്ങളായിട്ടുള്ളത്‌