Connect with us

Kerala

സ്വാശ്രയ എന്‍ജിനീയറിംഗ്: അസോസിയേഷനില്‍ ഭിന്നത

Published

|

Last Updated

തിരുവനന്തപുരം:എന്‍ജിനീയറിംഗ് പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ക്കിടയില്‍ ധാരണയില്ലാതെ വന്നതോടെ തീരുമാനം അറിയിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ 27 വരെ നീട്ടി. പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്ന് മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പ്രവേശനം നടത്തണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നതിനെ ചൊല്ലിയാണ് മാനേജ്‌മെന്റുകള്‍ക്കിടയില്‍ ഭിന്നത. കഴിഞ്ഞ വര്‍ഷത്തെ കരാര്‍ അനുസരിച്ച് പ്രീ നോര്‍മലൈസേഷന്‍ (സമീകരണ പ്രക്രിയക്ക് മുന്‍പുള്ള) പട്ടികയില്‍ നിന്ന് പ്രവേശനത്തിന് അനുമതി വേണമെന്ന നിലപാടിലാണ് അസോസിയേഷന്‍. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയാറാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ.കെ ശശികുമാര്‍ അറിയിച്ചെങ്കിലും സെക്രട്ടറി കെ എം മൂസയുടെ നേതൃത്വത്തിലുള്ളവര്‍ എതിര്‍ത്തതോടെയാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്. തന്റെ കീഴിലുള്ള രണ്ട് കോളജുകള്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയാറാണെന്ന് എഴുതി നല്‍കിയശേഷം ശശികുമാര്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്നലെ രാവിലെ 11ന് മുമ്പ് തീരുമാനം അറിയിക്കണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ആവശ്യവും അസോസിയേഷന്‍ തള്ളി. എന്നാല്‍, 26ന് കൊച്ചിയില്‍ ചേരുന്ന യോഗത്തിനുശേഷം അന്തിമതീരുമാനം കൈക്കൊള്ളാമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചതോടെ 27 വരെ സര്‍ക്കാര്‍ സമയം നീട്ടി നല്‍കി.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിലാണ് ബുധനാഴ്ച രാത്രി യോഗം ചേര്‍ന്നത്. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്തവര്‍ക്ക് പ്രവേശനം നല്‍കരുതെന്ന സുപ്രീംകോടതി വിധിയും ജസ്റ്റിസ് ജയിംസ് കമ്മിറ്റി നിര്‍ദേശവും ചൂണ്ടിക്കാട്ടി റാങ്ക് പട്ടികയില്‍ നിന്നെ പ്രവേശനം നടത്താനാകൂവെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചു. എന്നാല്‍, അസോസിയേഷന്‍ സെക്രട്ടറിയും കൂടെയുള്ളവരും ഇതിനെ എതിര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ കരാര്‍ അനുസരിച്ച് പ്രവേശനം നടത്താന്‍ അനുമതി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനിടെയാണ് സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുന്നതായി പ്രസിഡന്റ്് ശശികുമാര്‍ അറിയിച്ചത്. തുടര്‍ന്ന് സെക്രട്ടറിയും കൂട്ടരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റില്‍ രണ്ടുതരത്തിലുള്ള ഫീസ് വേണ്ടെന്ന ആവശ്യം അസോസിയേഷനിലെ ഒരുവിഭാഗം സര്‍ക്കാരിന് മുന്നില്‍വച്ചു. നിലവില്‍ മെറിറ്റ് സീറ്റുകളില്‍ പകുതിയില്‍ 50,000 രൂപയും പകുതിയില്‍ 75,000 രൂപയുമാണ് ഫീസ്. മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്നും ഇവര്‍ അറിയിച്ചു. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാറും മൂന്നു വര്‍ഷത്തേക്കുള്ള കരാറായിരുന്നു ഒപ്പിട്ടത്.
എന്നാല്‍ ഒരു വര്‍ഷത്തേക്കുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. കഴിഞ്ഞവര്‍ഷത്തെ കരാര്‍പ്രകാരം സമീകരണ പ്രക്രിയക്ക് മുന്‍പുള്ള പട്ടികയില്‍ നിന്ന് സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. ഇത് അനുവദിക്കാനാകില്ലെന്നാണ് പുതിയ സര്‍ക്കാരിന്റെ നിലപാട്. അലോട്ട്‌മെന്റിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. ധാരണയിലെത്താതെ വന്നതോടെ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്നത് വൈകിയാല്‍ ഓപ്ഷന്‍ പ്രകാരമുള്ള അലോട്ട്‌മെന്റ് നടപടികളും സ്തംഭിക്കും.

Latest