വിമര്‍ശകരുടെ വായടപ്പിച്ച ക്രിസ്റ്റ്യാനോ സ്റ്റൈല്‍

Posted on: June 24, 2016 5:21 am | Last updated: June 24, 2016 at 12:22 am

christianoപാരീസ്: ഹംഗറിക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ട ഗോളുകള്‍ ഓസ്ട്രിയക്കെതിരെ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്നതായി. ഹംഗറിക്കെതിരെയുള്ള മത്സരത്തില്‍ ക്രിസ്റ്റ്യാനോ നേടിയ ഇരട്ടഗോളുകളും, കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നതുമാണ് ടീമിന് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.
ഹംഗറിക്കെതിരെ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താകുമെന്ന അവസ്ഥയിലാണ് മൂന്നുവട്ടം പിന്നില്‍നിന്ന ടീം റൊണാള്‍ഡോയുടെ ഇരട്ടഗോളുകളിലൂടെ സമനില പിടിച്ചുപറ്റിയത്. അവശ്യ സമയത്ത് ടീമിനെ ഗോളുകളിലൂടെ സഹായിക്കുക എന്ന തന്റെ ദൗത്യം ഇവിടെയും റൊണാള്‍ഡോ നിറവേറ്റി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചെങ്കിലും ഗോള്‍ ആവറേജിലെ മുന്‍തൂക്കമാണ് ഗ്രൂപ്പ് എ യിലെ മൂന്നാംസ്ഥാനക്കാരായ അല്‍ബേനിയയെ പിന്തള്ളി പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. രണ്ട് ടീമിനും മൂന്ന് പോയിന്റായിരുന്നെങ്കിലും ഗ്രൂപ്പ് മത്സരങ്ങളില്‍നിന്നായി പോര്‍ച്ചുഗല്‍ നാല് ഗോളുകള്‍ നേടി. നാലെണ്ണം വഴങ്ങി. ഒരു ഗോള്‍ മാത്രം നേടാനായ അല്‍ബേനിയ മൂന്ന് ഗോളുകള്‍ വഴങ്ങിയതാണ് പോര്‍ച്ചുഗലിന് തുണയായത്.
ഇന്‍ജുറി ടൈമില്‍ ഓസ്ട്രിയക്കെതിരെ ഗോള്‍ നേടി വിജയം കരസ്ഥമാക്കിയ ഐസ്‌ലാന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ അഞ്ച് ഗ്രൂപ്പുകളില്‍നിന്നായി മികച്ച നാല് മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ കടന്നുകൂടിയാണ് പോര്‍ച്ചുഗല്‍ അവസാന പതിനാറിലെത്തുന്നത്. മൂന്നാം സ്ഥാനക്കാരായത് കൊണ്ട് പോര്‍ച്ചുഗലിന് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടേണ്ട അവസ്ഥയും ഒഴിവായിരിക്കുകയാണ്. ക്രൊയേഷ്യയാണ് ടീമിന്റെ എതിരാളി.
ആദ്യ മത്സരത്തില്‍ യൂറോയിലെ നവാഗതരായ ഐസ്‌ലാന്‍ഡിനോട് 1-1ന് സമനില വഴങ്ങിയ പോര്‍ച്ചുഗലിന്റെ രണ്ടാം മത്സരം ഓസ്ട്രിയയോട് ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. ഈ മത്സരത്തില്‍ ലഭിച്ച പെനാല്‍ട്ടി തുലച്ചുകളഞ്ഞ റൊണാള്‍ഡോ കടുത്ത വിമര്‍ശനത്തിന് വിധേയനായിരുന്നു. ഹംഗറിക്കെതിരായ മത്സരത്തിന്റെ 50 ാം മിനുട്ടില്‍ നേടിയ മനോഹരമായ ബാക്ക്ഹീല്‍ ഗോള്‍ തന്റെ പ്രതിഭ തെളിയിക്കുന്നതായിരുന്നു. യൂറോയില്‍ പിറന്ന ഗോളുകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നായിരുന്നു ഇത്. ഇതോടെ രാജ്യത്തിനുവേണ്ടി നാല് യൂറോ കപ്പുകളില്‍ ഗോള്‍ നേടുകയെന്ന റെക്കോര്‍ഡിനും റൊണാള്‍ഡോ അര്‍ഹനായി. എന്നാല്‍ റെക്കോര്‍ഡുകള്‍ പ്രകൃതിപരമായി സംഭവിക്കുന്നതാണെന്നും ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്നും റൊണാള്‍ഡോ പ്രതികരിക്കുന്നു.