Connect with us

International

നൈജീരിയയില്‍ പട്ടിണി മൂലം 200ഓളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

അബൂജ: നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ ബമയില്‍ കഴിഞ്ഞ മാസം 200 അഭയാര്‍ഥികള്‍ പട്ടിണിയും നിര്‍ജലീകരണവും മൂലം മരണപ്പെട്ടതായി ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സന്നദ്ധ സംഘടന കണ്ടെത്തി.
പട്ടിണി മൂലം കുട്ടികള്‍ മരിക്കുകയായിരുന്നുവെന്നും എല്ലാ ദിവസവും ശവക്കുഴികള്‍ കുഴിച്ചിരുന്നുവെന്നും ആഗോള മെഡിക്കല്‍ സന്നദ്ധ സംഘടനയായ എം എസ് എഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
24,000 പേര്‍ അധിവസിക്കുന്ന താത്കാലിക ക്യാമ്പില്‍ മാനുഷിക പരിഗണ അടിയന്തരമായി പതിയേണ്ടതുണ്ടെന്ന് സംഘടന പറയുന്നു.
പട്ടിണി മൂലം ശുഷ്‌കിച്ച് മരണത്തോട് മല്ലടിക്കുന്ന 16 കുട്ടികളെ മെയ്ദുഗുരിയിലെ പ്രത്യേക കേന്ദ്രത്തിലേക്ക് ഡോക്ടര്‍മാര്‍ മാറ്റി. 15,000 കുട്ടികള്‍ പാര്‍ക്കുന്ന ഈ ക്യാമ്പില്‍ ഓരോ അഞ്ച് കുട്ടികളിലും ഒരാള്‍ പോഷകാഹാര കുറവുള്ളതായി കണ്ടെത്തി.
അഭയാര്‍ഥികള്‍ നിരവധി ക്രൂരകൃത്യങ്ങള്‍ക്ക് സാക്ഷിയായതായി സന്നദ്ധ സംഘടനയിലെ ഡോക്ടര്‍മാരുടെ മേധാവി ഗാതാ ഹാതിം പറഞ്ഞു.
മെയ്ദുഗുരുവിലെ സൈനിക പ്രതിനിധിയുമായാണ് ഇവര്‍ ബമയിലെ ഈ ക്യാമ്പില്‍ കഴിഞ്ഞ ദിവസമെത്തിയത്. വിമതരും സര്‍ക്കാറും തമ്മില്‍ നടക്കുന്ന സംഘര്‍ഷം കാരണം കഴിഞ്ഞ ഒന്നര വര്‍ഷമായി കര്‍ഷകര്‍ ഇവിടെ വിളവിറക്കിയിട്ടില്ല.
പ്രദേശത്തെ വീടുകള്‍ ബോക്കൊ ഹറാം തീവ്രവാദികള്‍ കത്തിക്കുകയും കിണറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില 40 ഡിഗ്രിയില്‍ അധികമായിരുന്നത് ദുരന്തത്തിന്റെ തോത് കൂട്ടി. 2014ലാണ് ബോക്കൊ ഹറാം തീവ്രവാദികള്‍ ബമ നഗരം പിടിച്ചത്. എന്നാല്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ഈ നഗരം തിരികെ പിടിച്ചിരുന്നു.

Latest