യോഗ

Posted on: June 24, 2016 6:00 am | Last updated: June 24, 2016 at 12:01 am
SHARE

SIRAJ.......യോഗ ദിനം ഈ വര്‍ഷം രാജ്യത്ത് വിപുലമായി ആചരിക്കുകയുണ്ടായി. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ തലത്തില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആചരണം നടന്നു. യോഗ ഹിന്ദുത്വ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള സംഘ്പരിവാറിന്റെ നീക്കത്തെ ചെറുക്കാന്‍ മതേതര സര്‍ക്കാറുകളും ഇത്തവണ യോഗാചരണത്തിന് കൂടുതല്‍ ആവേശത്തോടെ രംഗത്തുണ്ടായിരുന്നു. അതിനിടെ തിരുവനന്തപുരത്ത് നടന്ന യോഗാചരണ ചടങ്ങില്‍ ഹിന്ദു മതവുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നടപടിയെ വിവാദമാക്കാനുള്ള ശ്രമവുമുണ്ടായി. ഹൈന്ദവ പുരാണമായ ഋഗ്വേദത്തിലെ ചില വാക്യങ്ങളാണ് യോഗ ദിനാചരണത്തില്‍ പങ്കെടുത്തവരെ കൊണ്ട് ഉദ്യോഗസ്ഥര്‍ ചൊല്ലിപ്പിച്ചത്. മതേതര സര്‍ക്കാറുകളുടെ കീഴില്‍ നടത്തപ്പെടുന്ന ചടങ്ങുകള്‍ തീര്‍ത്തും മതേതരമായിരിക്കണം. ഹിന്ദു മതവിശ്വാസികള്‍ മാത്രമല്ല, ഇതര മതക്കാരും ഒരു മതത്തിലും വിശ്വാസമില്ലാത്തവരും യോഗാചരണത്തില്‍ സംബന്ധിച്ചിരിക്കെ അതില്‍ ഹൈന്ദവ മിത്തും ആചാരങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമം ശരിയായില്ല. എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നതായിരിക്കണം ഉരുവിടേണ്ടത് എന്നാണ് ശൈലജ ടീച്ചറുടെ പക്ഷം. തികച്ചും ന്യായമാണ് അവരുടെ കാഴ്ചപ്പാട്. അത് വിവാദമാക്കേണ്ടതല്ല. രാഷ്ട്രീയ പക തീര്‍ക്കാനായി ചില മതേതര പാര്‍ട്ടികളുടെ നേതാക്കളും ടീച്ചറുടെ നിലപാടിനെ വിമര്‍ശിച്ചത് ഖേദകരമായിപ്പോയി.
യോഗയെക്കുറിച്ചു മുമ്പേ വിവാദം ഉയര്‍ന്നിട്ടുണ്ട്. ഹിന്ദുമതവുമായി ബന്ധമില്ലാത്ത, ശാരീരിക മാനസിക ആരോഗ്യത്തിനുള്ള ഒരു മുറയാണ് അതെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഹിന്ദുമതവുമായി ബന്ധപ്പെട്ട ആചാരമാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചില ഹിന്ദു പുരാണങ്ങളില്‍ ആ നിലയിലാണ് അതിനെ പരിചയപ്പെടുത്തുന്നത്. ഹിന്ദുമതം ദൈവവും പരമാത്മാവുമെന്ന് വിശ്വസിക്കുന്ന ബ്രഹ്മനും മനുഷ്യനും തമ്മില്‍ ഒന്നായിത്തീരുന്ന അവസ്ഥയാണത്രെ യോഗ. ഇതനുസരിച്ചു ഹൈന്ദവ മതവിശ്വാസം ദൃഢീകരിക്കാനുള്ള ആരാധനയാണത്. രാജ്യത്തെ ആള്‍ദൈവങ്ങളുടെയെല്ലാം പ്രധാന വില്‍പനച്ചരക്കും യോഗയാണെന്നത് ശ്രദ്ധേയമാണ്. ഇതുവഴി ഹിന്ദുത്വത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ആരോപണമുണ്ട്. ആള്‍ദൈവങ്ങള്‍ നടത്തി വരുന്ന യോഗയില്‍ പങ്കെടുക്കുന്നവര്‍ ക്രമേണ ഹിന്ദുത്വത്തിലേക്ക് ആകൃഷ്ടരാകുന്നുവെന്നത് ഇതിന് ബലമേകുന്നു.
മതകീയ കാഴ്ചപ്പാടിന് അപ്പുറത്ത് ഒരു വ്യായാമമുറ എന്ന നിലയില്‍ യോഗ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടേണ്ടതല്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അതിന് നല്‍കപ്പെടുന്ന അമിത പ്രാധാന്യവും അതിന്റെ പ്രചാരണത്തിന് ഭരണ തലത്തില്‍ നടന്നുവരുന്ന ശ്രമങ്ങളും പല സന്ദേഹങ്ങളും ഉയര്‍ത്തുന്നു. കേന്ദ്ര സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നത് രഹസ്യമല്ല. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികള്‍ക്കും രൂപം നല്‍കിയത് ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ യോഗ പരിശീലിപ്പിക്കാനുള്ള തീരുമാനവും അവര്‍ ആവിഷ്‌കരിച്ച പദ്ധതിയായിരിക്കണം. കലാകായിക വിദ്യാഭ്യാസത്തിന്റെ പേരില്‍ യോഗയെ ദേശവ്യാപകമായി കരിക്കുലത്തിന്റെ ഭാഗമാക്കാനുളള ആലോചനയും നടന്നു വരുന്നുണ്ട്. യോഗയുടെ പേരില്‍ ഹിന്ദുത്വ സന്യാസിമാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടം ലഭിക്കുകയും ഈ അവസരം ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കാനാകുകയും ചെയ്യുമെന്ന കാഴ്ചപ്പടായിരിക്കണം ഇതിന് പിന്നില്‍.
മുസ്‌ലിംകളില്‍ ചിലര്‍ യോഗയുടെ വക്താക്കളും പ്രചാരകരുമായി രംഗത്ത് വന്നതായി കാണുന്നു. നിസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്ന ഒരു മുസ്‌ലിമിന് യോഗയുടെ ആവശ്യമെന്ത്? യോഗ കൊണ്ട് ലക്ഷ്യമാക്കുന്ന ആരോഗ്യപരമായ നേട്ടങ്ങള്‍ അതിലുപരി നിസ്‌കാരത്തില്‍ നിന്ന് ലഭ്യമാകുന്നുണ്ട്. ശാരീരിക വ്യായാമം, മനോവികാസം, മനസ്സിന്റെ ഏകാഗ്രത തുടങ്ങി ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആവശ്യമായതെല്ലാം നിസ്‌കാരത്തില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ രക്തയോട്ടം സുഗമമാക്കാനും ഹൃദയപേശികള്‍ക്കും ആന്തരീകാവയവങ്ങള്‍ക്കും ആശ്വാസം ലഭ്യമാകാനും സഹായകമായ നിലയിലാണ് നിസ്‌കാരത്തിന്റെ ചലനങ്ങളും ഘടനയും. ശരീരത്തിന് വലിവ്, കൈകാലുകളുടെയും സന്ധികളുടെയും ചലനം, നട്ടെല്ലിന് വ്യായാമം തുടങ്ങി ശാരീരികാരോഗ്യത്തിന് നിര്‍ദേശിക്കപ്പെടുന്നതെല്ലാം നിസ്‌കാരത്തിലുണ്ട്. ജീവിത പ്രയാസങ്ങള്‍ ഏല്‍പിക്കുന്ന സമ്മര്‍ദങ്ങളില്‍ നിന്ന് മനസ്സിന് മോചനം നല്‍കുക വഴി മനസ്സിന്റെ ആരോഗ്യവും ഇത് വര്‍ധിപ്പിക്കുന്നു. യോഗയേക്കാള്‍ എത്രയോ മടങ്ങ് ഗുണകരവും പ്രയോജനകരവുമാണ് ഇസ്‌ലാമിലെ നിസ്‌കാരമെന്ന് ഇതര മതസ്ഥരായ ആരോഗ്യവിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതുമാണ്. യോഗക്ക് അതിമഹത്വം കല്‍പിക്കുന്നവരും അതിന്റെ പ്രചാരകരും നിസ്‌കാരത്തെക്കുറിച്ചു കൂടുതല്‍ പഠിക്കാനും അറിയാനും ശ്രമിക്കുന്നത് നന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here