Connect with us

Articles

യോഗയും പ്രാര്‍ഥനയും

Published

|

Last Updated

വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. ഏതു കാര്യത്തിലും എന്തും പെട്ടെന്ന് വാര്‍ത്തയും പിന്നീട് വിവാദങ്ങളുമാകാന്‍ അധികം കാലതാമസം വേണ്ടി വരാറില്ല. ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ വലിയ ചര്‍ച്ചയാക്കാനും അതുവഴി വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാനും അണിയറയില്‍ ശ്രമം പുരോഗമിച്ചുകഴിഞ്ഞു. ആയുഷ് വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രാര്‍ഥനാ ഗാനം ആലപിച്ചതിനെക്കുറിച്ച് പ്രതികരിച്ചതാണ് എന്തോ വലിയ അപരാധം മന്ത്രി ചെയ്തുവെന്ന മട്ടിലുള്ള പ്രചാരണത്തിന് കാരണമായത്. ഉദ്ഘാടന പ്രസംഗത്തില്‍ പ്രാര്‍ഥനാ ഗാനം സംബന്ധിച്ച് മന്ത്രി തെറ്റ് ചൂണ്ടിക്കാട്ടിയതിനെയാണ് സംഘ്പരിവാര്‍ നേതാക്കള്‍ ചോദ്യം ചെയ്ത് വലിയ പ്രശ്‌നമാണിതെന്ന മട്ടില്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. പിറകെ മന്ത്രിയെ വിമര്‍ശിച്ച് സംഘ്പരിവാറിന് കൈത്താങ്ങുമായി മുസ്‌ലിം ലീഗും ഉമ്മന്‍ ചാണ്ടിയുമെത്തി. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ “ഒരു പാറ്റേണ്‍” ആയി ഈ ചേരി തിരിവ്.
ചടങ്ങില്‍ ഒരു മതത്തിന്റെ കീര്‍ത്തനം ചൊല്ലിയതിനെതിരെയാണ് മന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത്. മതത്തിന്റെ ഭാഗമല്ലാത്തതും ഏല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ പ്രാര്‍ഥനാഗാനമാണ് ഇവിടെ ആലപിക്കേണ്ടിയിരുന്നതെന്നായിരുന്നു മന്ത്രി അഭിപ്രായം. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനക്ക് പിറകെ തന്നെ ആ അഭിപ്രായം വലിയ അപരാധമാണെന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മതേതരമായ ഒരു പ്രവൃത്തിയെ എങ്ങനെയാണ് മതപരമാക്കിയതെന്നത്് യോഗയുടെ ചരിത്രം നിരീക്ഷിക്കുന്നവര്‍ക്ക് വ്യക്തമാകും. യോഗയെ നാടൊട്ടുക്കും അംഗീകരിക്കുമ്പോള്‍ അത് നാടിന്റെ സംസ്‌കാരത്തിന്റെ അടയാളമെന്നതിനപ്പുറം ഒരു മതവിഭാഗത്തിന്റെതാക്കി മാറ്റാനുള്ള പഴയ ശ്രമങ്ങള്‍ തന്നെയാണ് ചിലര്‍ ഇപ്പോഴും തുടരുന്നത്.
ഹിന്ദു മതത്തിന്റെ കീഴിലുള്ളതാണ് യോഗയെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍ വമായ ശ്രമം വളരെ കാലങ്ങള്‍ക്കു മുമ്പ് തന്നെ സംഘ്പരിവാര്‍ സംഘടനകള്‍ തുടങ്ങിവെച്ചിരുന്നു. അത് പരമാവധി പ്രചരിപ്പിക്കാനും ഹിന്ദു രാഷ്ട്രമെന്ന തങ്ങളുടെ സങ്കല്‍പം ആവര്‍ത്തിച്ചുറപ്പിക്കാനും യോഗദിനാചരണത്തിന്റെ മറവില്‍ ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നു. എക്കാലത്തും ഫാസിസ്റ്റുകള്‍ ആവിഷ്‌കരിക്കുന്ന ഒരു കൗശലം തന്നെയാണിത്. പൈതൃകസമ്പത്തിന്റെ ഭാഗമായിട്ടുള്ള ആചാരത്തെയോ ചടങ്ങിനെയോ അടര്‍ത്തിയെടുത്തു തങ്ങളുടെ രഹസ്യ അജന്‍ഡ നടപ്പാക്കാനുപയോഗിക്കുക. ഫാസിസ്റ്റ് ചടങ്ങുകള്‍ക്കനുകൂലമായി ജനമനസ്സുകളെ പാകപ്പെടുത്തിയെടുക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് ഇവര്‍ക്ക് നന്നായി അറിയാം. ഫാസിസ്റ്റ് തന്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ ഏറെ തങ്ങള്‍ക്ക് കൂടി ബന്ധമുള്ളതോ അല്‍പമൊക്കെ ചായ്‌വുള്ളതോ ആയ പരിപാടികളിലൂടെ ഫാസിസം ജനമനസ്സുകളിലേക്കിറങ്ങുകയാണ് ചെയ്യുന്നത്.
ജൂണ്‍ 21ന് ആര്‍ എസ് എസ് സ്ഥാപകനേതാവായ ഹെഡ്ഗവാറിന്റെ ചരമദിനത്തില്‍ തന്നെ ആ ദിനം വന്‍ പ്രാധാന്യത്തോടെ കൊണ്ടാടുക എന്ന സംഘ്പരിവാറിന്റെ ധര്‍മം കൗശലപൂര്‍വം ഏവരെയും കൊണ്ടംഗീകരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചതെന്ന് നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു. വിശ്വാസത്തോടോ ആചാരങ്ങളോടോ കൂറുണ്ടായതു കൊണ്ടോ ഇന്ത്യയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലുള്ള ആത്മാര്‍ഥത കൊണ്ടോ ഒന്നുമല്ല അവര്‍ യോഗയെയും മറ്റു പാരമ്പര്യ ആചാരങ്ങളെയും പോത്സാഹിപ്പിക്കുന്നതും പുനരുദ്ധരിക്കുന്നതുമെന്ന് എളുപ്പം തിരിച്ചറിയാനാകും. യോഗ ഇന്ത്യയുടെ പ്രാചീന വ്യായാമ പദ്ധതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോക നാഗരികതകളില്‍ ഏറ്റവും പഴക്കം ചെന്നതും ശ്രേഷ്ടവുമായ ഒരു നാഗരികത സിന്ധു, സരസ്വതി നദീതടങ്ങളില്‍ നിലനിന്നിരുന്നു. ഈ പ്രദേശം ഉത്ഘനനം ചെയ്തപ്പോള്‍ ലഭിച്ച പ്രതിമകളും ശില്‍പ്പങ്ങളും മുദ്രകളും ചുവര്‍ ചിത്രങ്ങളും യോഗാരൂഡരായിരിക്കുന്നവയായിരുന്നു. ആര്യന്മാരുടെ വരവിനുമുമ്പു തന്നെ ഇന്ത്യയില്‍ യോഗവിദ്യ നിലനിന്നിരുന്നുവെന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കാനാകുക. ചൈന, ജപ്പാന്‍, മ്യാന്‍മര്‍ തുടങ്ങിയ പൂര്‍വേഷ്യന്‍ രാജ്യങ്ങളും മംഗോളിയ, ശ്രീലങ്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയേക്കാളേറെ പ്രാധാന്യത്തോടെ യോഗ സ്വീകരിച്ചിരുന്നു. ബുദ്ധരും ജൈനരും വലിയ പിന്തുണയും പ്രചാരവും നല്‍കിയ രണ്ടു തനതു വിദ്യകളില്‍ ഒന്നാണ് യോഗയും അതിന്റെ അനുബന്ധ ആസനങ്ങളും. തുടക്കത്തില്‍ ശരീരത്തിന്റെയും ചിത്തവൃത്തികളുടെയും നിയന്ത്രണം പ്രധാനലക്ഷ്യമായി കണ്ടിരുന്ന യോഗയില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ പറയുന്നു. യോഗ ദര്‍ശനം രൂപഭേദപ്പെട്ട് കാലക്രമേണയാണ് ആസ്തിക ആധ്യാത്മിക ദര്‍ശനമായി മാറിയതെന്ന് ഇവര്‍ പറയുന്നു. യോഗവിദ്യ അഭ്യസിക്കുന്നതിനു പ്രത്യേക ആധ്യാത്മിക ചിന്താപദ്ധതി ആവശ്യമേയല്ല. ഇതൊരു ആരോഗ്യ പദ്ധതിയാണ്; ശാരീരികവിദ്യാ പദ്ധതിയാണ്. ആ വീക്ഷണത്തില്‍ യോഗ അഭ്യസിക്കുന്നത് ശാരീരികമായി ഗുണം ചെയ്യും. അങ്ങനെ ചെയ്യുന്നവര്‍ ലോകത്തെമ്പാടും ധാരാളമുണ്ട്. അതു കൊണ്ട് തന്നെയാണ് യോഗ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഇപ്പോഴും അഭ്യസിക്കുന്നത്.
ഇന്ത്യയില്‍ യോഗാചരണത്തിന്റെ കൂടെ ഉച്ചരിക്കുന്ന ഋഗ്വേദസൂക്തങ്ങളാണ് പലരുടെ ദൃഷ്ടിയിലും യോഗയെ ഹൈന്ദവമായി മാറ്റുന്നത്. വേദസൂക്തങ്ങളുടെ ആലാപനം യോഗ ആചരണത്തിന് അനുപേക്ഷണീയമാണോയെന്നത് ഇപ്പോഴും വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കുന്നുവെന്ന്് ഇതു സംബന്ധിച്ച് നിരീക്ഷണം നടത്തുന്നവര്‍ പറയുന്നു. ഋഗ്വേദത്തില്‍ യോഗയെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. യോഗ ആചരണത്തോടൊപ്പം ആലപിക്കുന്ന സൂക്തങ്ങളില്‍ യോഗ എന്ന പദം പോലുമില്ല. ആര്യന്മാര്‍ അഥവാ ബ്രാഹ്മണര്‍ ഇന്ത്യയില്‍ കടന്നു വന്നതിനു ശേഷം അവര്‍ രചിച്ചതാണ് ഋഗ്വേദം. അതിലെ ചില സൂക്തങ്ങള്‍ സന്ദര്‍ഭം നോക്കാതെ യോഗാചരണത്തില്‍ ആലപിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് നിരീക്ഷിക്കുന്ന യോഗാചാര്യന്മാര്‍ പറയുന്നത്. സംഘ്പരിവാര്‍ എപ്പോഴും ശ്രമിക്കുന്നത് യോഗയെ കാവിവത്കരിക്കാന്‍ തന്നെയാണ്. ശാരീരിക വ്യായാമ വിദ്യാപദ്ധതിക്കപ്പുറം കൂട്ടിച്ചേര്‍ക്കപ്പെട്ട മന്ത്രങ്ങളും സൂക്തങ്ങളും കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ് യോഗയെന്ന് സ്ഥാപിച്ചെടുക്കാന്‍ അവര്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു കണ്ടേയിരിക്കും.
എല്ലാ ജാതിമതവിഭാഗങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന ഭരണഘടനാ വിവക്ഷിക്കുന്ന നാട്ടില്‍, ആ നാടിന്റെ തനതു സംസ്‌കാരത്തെ ആരെങ്കിലുമൊരാള്‍ ചായം തേച്ച് കാവിയാക്കാന്‍ ശ്രമിച്ചാല്‍ ഒരു ചാറല്‍ മഴ മതി അത് ഒലിച്ചു പോകാനെന്ന് വിവരമുള്ളവര്‍ക്ക് എളുപ്പം മനസ്സിലാകും. മതനിരപേക്ഷ ഭാരതത്തെ തകര്‍ത്ത് മതാധിഷ്ഠിത സാമൂഹിക ഘടനയിലധിഷ്ഠിതമായ സാമൂഹിക സംവിധാനം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള തത്രപ്പാടുകളായേ യോഗയെ കാവി പൂശാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആ നടപടികളെ കാണാനാവൂ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി