പ്രായം കൂടിയവരെ ഒഴിവാക്കണമെന്ന് യൂത്ത് കോണ്‍.യോഗത്തില്‍ പൊതുവികാരം

Posted on: June 24, 2016 6:00 am | Last updated: June 23, 2016 at 11:54 pm
SHARE

തിരുവനന്തപുരം: യൂത്ത്‌കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് പൊതുവികാരം. ഇന്ദിരാഭവനില്‍ കെ പി സി സി വിളിച്ചുചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് വിമര്‍ശം. കാലാവധി കഴിയുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് ആവശ്യപ്പെട്ടു. പ്രതികരണ ശേഷിയില്ലാത്ത കമ്മിറ്റിയെ ക്രെയിന്‍വെച്ച് പൊക്കിയാലും പൊങ്ങില്ല. പ്രായം കഴിഞ്ഞവരെ ഒഴിവാക്കി പുതിയ കമ്മിറ്റി രൂപവത്കരിക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ചവരും ആവശ്യം ആവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസിന്റ തിരഞ്ഞെടുപ്പ് രീതി മാറ്റണമെന്നും പൊതുഅഭിപ്രായമുണ്ടായി. രാഹുല്‍ഗാന്ധി ആവിഷ്‌കരിച്ച പാര്‍ലമെന്റുതല കമ്മിറ്റി ഒഴിവാക്കി ജില്ലാതല കമ്മിറ്റികള്‍ രൂപവത്കരിക്കണം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. നിലവിലെ തിരഞ്ഞെടുപ്പ് രീതി തെറ്റായിപ്പോയെന്ന് യോഗത്തില്‍ പങ്കെടുത്ത കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ പോഷകസംഘടനകളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സംസ്ഥാനകമ്മിറ്റികള്‍ കെ പി സി സി നേതൃത്വം വിളിച്ചുചേര്‍ത്തത്. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രായപരിധി 38 ആക്കണമെന്നും ആവശ്യമുയര്‍ന്നു. പാര്‍ലമെന്റ് ഘടകങ്ങളും സംസ്ഥാന ഘടകവുമുള്ള നിലവിലെ രീതി പരാജയമാണ്. ജില്ലാ കമ്മിറ്റികളുള്ള പഴയ സംഘടനാരീതി തിരികെ കൊണ്ടുവരണമെന്നും യോഗത്തില്‍ പൊതുഅഭിപ്രായമുയര്‍ന്നു.
തിരുവനന്തപുരം എം പി ശശി തരൂരിനെതിരെയും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. നേമത്തിന് ശേഷം ബി ജെ പി ലക്ഷ്യം വെക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എം പി ആയി ഏഴ് വര്‍ഷമായിട്ടും മണ്ഡലം പ്രസിഡന്റുമാരെപ്പോലും തിരിച്ചറിയാത്തയാളാണ് കോണ്‍ഗ്രസിന്റെതെന്ന് വിമര്‍ശനമുയര്‍ന്നു. എം പിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ കീഴിലാക്കണമെന്നും നിര്‍ദേശമുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here