ജിഷ വധം: സാക്ഷികളെ ലഭിക്കാതെ അന്വേഷണ സംഘം

Posted on: June 24, 2016 6:02 am | Last updated: June 23, 2016 at 11:51 pm
SHARE

പെരുമ്പാവൂര്‍: ജിഷ വധത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സാക്ഷികളെ ലഭിക്കാതെ അന്വേഷണ സംഘം. കേസിലെ പ്രതിയായ അമീറുല്‍ ഇസ്‌ലാം കൊലപാതക ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് വട്ടോളിപ്പടി ജംഗ്ഷനില്‍ വന്നിറങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ വെളുപ്പെടുത്തിയിരുന്നെങ്കിലും വട്ടോളിപ്പടിയിലുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ സംഭവം നിഷേധിച്ചിരിക്കുകയാണ്. ആദ്യ അന്വേഷണത്തില്‍ പോലീസ് വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നതാണ്. എന്നാല്‍ പ്രതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വീണ്ടും ഇന്നലെ ഓട്ടോ ഡ്രൈവര്‍മാരെ ചോദ്യം ചെയ്‌തെങ്കിലും ഫലം കണ്ടില്ല. പെരുമ്പാവൂരില്‍ നിന്നോ കുറുപ്പടിയില്‍ നിന്നോ വന്ന ഓട്ടോ തിരികെ പോയപ്പോള്‍ കയറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ മറ്റ് പ്രദേശങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. സംഭവ ശേഷം പുറത്തിറങ്ങിയപ്പോള്‍ കനാല്‍ സൈഡില്‍ പശുവിനെ തീറ്റിക്കാന്‍ നിന്നിരുന്നയാളെ അമീറുല്‍ ഇസ്‌ലാം കണ്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൂടാതെ പ്രതിയുടെ സുഹൃത്തിനെ തേടിയുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയായ അമീറുല്‍ ഇസ്‌ലാമിന്റെ കൂടെ എല്ലാ സമയങ്ങളിലും ഈ സുഹൃത്ത് ഉണ്ടായിരുന്നതായിട്ടാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിനിടെ ജിഷയുടെ വീടിന്റെ സമീപത്തുള്ള ഒരു പോലീസുകാരന്റെ വീട്ടിലെ ആടിനെ രതിവൈകൃതത്തിന് വിധേയമാക്കിയെന്ന കേസില്‍ പോലീസ് എഫ് ഐ ആര്‍ എടുത്തിട്ടുെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കാന്‍ സാധ്യതയില്ല. പ്രതിയുടെ മൊബൈലില്‍ നിന്നും ആടിനെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ആടിനെ രതിവൈകൃത്തിന് ഉപയോഗിച്ചതിന് കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ പ്രതിയും സുഹൃത്തും ആറ് മാസമായി ഈ പരിസരങ്ങളില്‍ വന്നിട്ടുണ്ടെന്നും ജിഷയുടെ വീട്ടിലേക്ക് ഒളിഞ്ഞ് നോക്കാറുണ്ടെന്നും വെളുപ്പെടുത്തിയിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം സുഹൃത്ത് കൂടെയുണ്ടായിരുന്നതായാണ് വിവരം. അതിനാല്‍ കൊലക്ക് ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും സുഹൃത്തിന്റെ നിയന്ത്രണത്തില്‍ മാറ്റിയതാകാമെന്നും പോലീസ് അനുമാനിക്കുന്നു. അതിനാല്‍ സുഹൃത്തിന് തേടിയുളള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here