പന്‍സാരെ വധം: സി ബി ഐ അന്വേഷണ ആവശ്യത്തില്‍ സംസ്ഥാനം നിലപാടറിയിക്കണം- ബോംബെ ഹൈക്കോടതി

Posted on: June 24, 2016 5:38 am | Last updated: June 23, 2016 at 11:39 pm
SHARE

മുംബൈ: സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരെ വധക്കേസ് സി ബി ഐക്ക് വിടുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറിന് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. പന്‍സാരെയുടെ ബന്ധുക്കള്‍ ഈ ആവശ്യം ഉന്നയിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചിരുന്നു. കേസില്‍ സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിനും താത്പര്യമുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചതായി പന്‍സാരെയുടെ ബന്ധു കൂടിയായ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് കോടതിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ജസ്റ്റിസുമാരായ എസ് സി ധര്‍മാധികാരി, ശാലിനി ഫന്‍സല്‍കര്‍ എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശം നല്‍കിയത്.
നിലവില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് (സി ഐ ഡി) ഈ കേസ് അന്വേഷിക്കുന്നത്. ഇവരില്‍ നിന്ന് കേസ് സി ബി ഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ പന്‍സാരെയുടെ കുടുംബത്തിന് ഉറപ്പ് കൊടുത്തതായി തനിക്ക് വിവരമില്ലെന്ന് പ്രോസിക്യൂട്ടര്‍ സന്ദീപ് ഷിന്‍ഡെ കോടതിയെ അറിയിച്ചു. അതിനിടെ, നരേന്ദ്ര ദഭോല്‍ക്കര്‍ വധക്കേസ് അന്വേഷക്കുന്ന സി ബി ഐക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് ബോംബെ ഹൈക്കോടതി നടത്തിയത്. അന്വേഷണ വിവരങ്ങള്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നതിലായിരുന്നു കോടതിക്ക് എതിര്‍പ്പ്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം.
കേസിലെ സമാനതകള്‍ അന്വേഷിക്കാന്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡിന് അയച്ചുകൊടുത്ത ദഭോല്‍ക്കര്‍, പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ടകളിന്മേലുള്ള പരിശോധനാ റിപ്പോര്‍ട്ട്, കേസില്‍ ആറാഴ്ചള്‍ക്ക് ശേഷം വീണ്ടും വാദം കേള്‍ക്കുമ്പോള്‍ ഹാജരാക്കാന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ദഭോല്‍ക്കര്‍ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐയും പന്‍സാരെ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ് ഐ ടിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദഭോല്‍ക്കര്‍ 2013 ആഗസ്റ്റ് 20നും പന്‍സാരെ 2015 ഫെബ്രുവരി 20നുമാണ് വെടിയേറ്റ് മരിച്ചത്.