Connect with us

Kerala

ലക്ഷദ്വീപുകാര്‍ക്ക് ഐലന്‍ഡില്‍ നിന്ന് കെ എസ് ആര്‍ ടി സി സര്‍വീസ്

Published

|

Last Updated

കൊച്ചി: ലക്ഷദ്വീപില്‍ നിന്നും കൊച്ചിയില്‍ ഇറങ്ങുന്ന കപ്പല്‍ യാത്രികര്‍ക്ക് കെ എസ് ആര്‍ ടി സി ലോ ഫ്‌ളോര്‍ എ.സി ബസ് സര്‍വീസ് ആരംഭിച്ചു. എറണാകുളം നഗരത്തിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം എന്നതിനാല്‍ ദ്വീപ് നിവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് ബസ് സര്‍വീസ്. ദ്വീപുകാരുടെ ഏറെ നാളായുള്ള ആവശ്യം കൂടിയായിരുന്നു ഇത്തരമൊരു ബസ് സര്‍വീസ്. മുഹമ്മദ് ഫൈസല്‍ എം പിയുടെ ശ്രമഫലമായാണ് ബസ് സര്‍വീസ് യാഥാര്‍ഥ്യമാക്കിയത്. ഐലന്‍ഡിലെ എറണാകുളം വാര്‍ഫില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഫൈസല്‍ എം .പി യും ആഡ്മിനിസ്‌ട്രേറ്റര്‍ വിജയകുമാറും ചേര്‍ന്ന് ആദ്യ സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു. ഐലന്‍ഡില്‍ നിന്നാരംഭിച്ച് എറണാകുളം ജെട്ടി സ്റ്റാന്‍ഡ് , കലൂര്‍, പാലാരിവട്ടം വഴി അങ്കമാലി സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്.
ദ്വീപ് ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് മുഹമ്മദ് ഫൈസല്‍ എം.പി പറഞ്ഞു. ചെറുതും വലുതുമായ ഏഴ് യാത്രാകപ്പലുകളുടെ ഇരുപത്തൊന്നോളം സര്‍വീസുകളാണ് പ്രതിമാസം ലക്ഷദ്വീപിനും കൊച്ചിക്കും ഇടയിലായി നടക്കുന്നത്. എഴുന്നൂറ്റമ്പത് യാത്രക്കാര്‍ വരെ കപ്പല്‍ ഇറങ്ങുന്ന വാര്‍ഫില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ ഓട്ടോറിക്ഷ മാത്രമാണ് നിലവില്‍ ആശ്രയം. ഇതാകട്ടെ കൊച്ചിയില്‍ എത്തുന്നതിനേക്കാള്‍ ചെലവേറിയതുമാണ്. അത് കൊണ്ടു തന്നെ ഒരു സര്‍വീസ് മതിയാകില്ലെന്നും കൂടുതകള്‍ സര്‍വീസിനായി ശ്രമം തുടരുമെന്നും ഫൈസല്‍ പറഞ്ഞു. ഡി .ടി.ഒ ജയമോഹന്‍, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, അഡ്വ. അറഫ, ലിയാവുദീന്‍, ജിമ്മി ജോര്‍ജ്, അബ്ദുല്‍ അസീസ്, സി.ടി. കുഞ്ഞുമോന്‍, അഫ്‌സല്‍ കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.