ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്ബി ജെ പിയുടെ മിഷന്‍-2019 പദ്ധതി

Posted on: June 24, 2016 6:01 am | Last updated: June 23, 2016 at 11:32 pm
SHARE

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബി ജെ പിയുടെ മിഷന്‍ 2019. മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കണമെന്നും ഇതിനായി എന്‍ ഡി എ വിപുലപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയവും 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കണമെന്നും യോഗത്തില്‍ അമിത്ഷാ ആവശ്യപ്പെട്ടു. കേരളത്തില്‍ എന്‍ ഡി എ ശക്തിപ്പെടുത്തണമെന്നും ദലിതുകളെയും ന്യൂനപക്ഷങ്ങളയും ഒപ്പം നിര്‍ത്താനും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ദളിത് വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കാനുളള ശ്രമങ്ങള്‍ക്കും യോഗത്തില്‍ രൂപം നല്‍കി.
സംസ്ഥാന ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് പുന:സംഘടിപ്പിച്ച ബി ജെ പി സംസ്ഥാന സമിതിയുടെ ആദ്യയോഗത്തിലെ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. യോഗദിനത്തില്‍ ഐക്യമത്വ സൂക്തത്തെ സി പി എം എതിര്‍ത്തത് തിരഞ്ഞെടുപ്പില്‍ സഹായിച്ച ന്യൂനപക്ഷ വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനാണ്. ഭാരതീയമായതെന്തും മതേതരത്വത്തിന് വിരുദ്ധമാണെന്ന ചിന്ത സി പി എം അവസാനിപ്പിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍, അതിരപ്പള്ളി പദ്ധതികളില്‍ സര്‍ക്കാരിന്റെ നിലപാട് ദുരൂഹമാണെന്നും പ്രമേയം കുറ്റപ്പെടുത്തി. ഗെയില്‍, ദേശീയപാത പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം, അരിപ്പ, ചെങ്ങറ, ആറളം തുടങ്ങി ഭൂസമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാനാകില്ല. സമരക്കാരെ ഉള്‍പ്പെടുത്തി ജനകീയ സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ജില്ലാ, മണ്ഡലം ബൂത്ത് കമ്മിറ്റികള്‍ സംഘടിപ്പിച്ചുകൊണ്ട് താഴെതട്ടുവരെയുള്ള കമ്മിറ്റികള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റില്‍ വിവിധ വിഭാഗങ്ങളിലായി പഠന ശിബിരങ്ങള്‍ നടത്തും. സപ്തംബര്‍ 23,24,25 തീയതികളില്‍ ദേശീയ എക്‌സിക്യൂട്ടീവ് കോഴിക്കോട്ടുവച്ചു നടത്തണമെന്ന് ഈയിടെ അലഹബാദില്‍ നടന്ന യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അന്തിമതീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here