ഫ്രഞ്ച് ബാല്‍മൈന്‍ ഖത്വര്‍ ഫണ്ട് സ്വന്തമാക്കുന്നു

Posted on: June 23, 2016 8:35 pm | Last updated: June 24, 2016 at 11:18 pm

balmain parisദോഹ: ഫ്രഞ്ച് ആഡംബര ഫാഷന്‍ ലേബല്‍ ബാല്‍മൈന്‍ ഖത്വര്‍ ഫണ്ട് സ്വന്തമാക്കുന്നു. വാലന്റിനോ ഉമടസ്ഥരായ ഖത്വര്‍ കമ്പനിയായ മേഹൂലയാണ് ഏകദേശം 460 മില്യന്‍ യൂറോ ചെലവില്‍ ബാല്‍മൈന്‍ ഏറ്റെടുക്കുന്നത്. ഈ ആഴ്ച തന്നെ ഇടപാടു നടന്നേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സനോഫി സഹസ്ഥാപകന്‍ ജീന്‍ ഫ്രാങ്കോയിസ് ദിഹക്, മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് 2014ല്‍ മരിച്ച അലൈന്‍ ഹിവെലിന്റെ കുടുംബം എന്നിവരുള്‍പ്പെട്ട ബാല്‍മൈന്‍ നിക്ഷേപകരുമായി കഴിഞ്ഞ മാസം അവസാനം മുതലാണ് ഇടപാട് ചര്‍ച്ച തുടങ്ങിയത്. 2004ല്‍ പാപ്പരായ ബാല്‍മൈനെ ഹിവലിന്‍ ആണ് പുനരുജ്ജീവിപ്പിച്ചത്. പ്രതിഭാധനരായ ഡിസൈനര്‍മാരുടെ പിന്‍ബലത്തോടെ ബാല്‍മൈന്‍ വിജയക്കൊടുമുടിയിലെത്തി. സൈനിക ശൈലിയുള്ള ജാക്കറ്റുകളിലൂടെ പേരെടുത്ത ബാല്‍മൈന്‍ ഫ്രാന്‍സിലെ അവശേഷിക്കുന്ന പ്രധാന സ്വതന്ത്ര ഫാഷന്‍ ലേബലുകളിലൊന്നാണ്. ഇടപാട് പ്രകാരം ബാല്‍മൈന്റെ അന്താരാഷ്ട്ര വികസനം, ആക്‌സറീസ് വിപുലീകരണം എന്നിവക്ക് മേഹൂല സാമ്പത്തികസഹായം ചെയ്യും. പത്തില്‍ താഴെ സ്റ്റോറുകളുള്ള മൊത്തക്കച്ചവട ബിസിനസ് ആണ് ബാല്‍മൈന്റെത്.