റമസാൻ നൽകുന്ന സാർവജനീന സന്ദേശം

ഇസ്ളാമിക മുന്നേറ്റത്തെ വഴിതെറ്റിക്കാനും അത് തീവ്രവാദപരമായി കൊണ്ടുപോകാനുമുള്ള പരിശ്രമം സാർവദേശീയമായി നടക്കുന്നുണ്ട്. അമേരിക്കൻ സാമ്രാജ്യം കാലഘട്ടങ്ങളായി സോഷ്യലിസ്‌റ് വിരുദ്ധവും ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവും കമ്മ്യൂണിസ്റ്റുവിരുദ്ധവുമായ നിലപാടുകളോടൊപ്പം ഇസ്ളാം വിരുദ്ധമായ നിലപാടും വച്ചു പുലർത്തുന്നതായി കാണാം.
Posted on: June 23, 2016 5:55 pm | Last updated: May 26, 2017 at 8:42 pm

g sudhakaranപരിശുദ്ധ റമസാൻ മാസം ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. എതാണ്ട് 1400 വർഷമായി മാനവരാശി അച്ചടക്കത്തോടെയും വളരെയേറെ പ്രതിക്ഷയോട് കൂടിയും നോമ്പ് അനുഷ്ഠിക്കുന്ന കാലമാണ് റമസാൻ മാസം.

മുസ്ലീം വിഭാഗത്തിന് പുറമേ മറ്റ് വിഭാഗത്തിലുള്ളവരും ഇപ്പോൾ നോമ്പ് നോക്കുന്നുണ്ട്. അതിന്റെ സന്ദേശം അത്ര സാർവജനീനമാണ്. പ്രത്യേകിച്ച് ത്യാഗത്തിന്റെ മാസമാണിത്. ധ്യാനത്തിന്റെ മാസമാണ്. അച്ചടക്കത്തിന്റെ മാസമാണ്. ശാരീരികവും മാനസികവുമായ ശുദ്ധിയുടെ മാസമാണ്. അതോടൊപ്പം തന്നെ ഭൗതികമായ അമിത താൽപര്യങ്ങൾ പരിത്യജിച്ചിട്ട് വ്രതം നോക്കുന്ന ആളിന്റെ ഏറ്റവും ചുരുങ്ങിയ ജീവിതാവശ്യങ്ങൾ മാത്രമേ റമസാൻ വ്രതം അനുഷ്ഠിക്കുന്ന കാലത്ത് പരിപാലിക്കുന്നുള്ളൂ. പ്രവാചകനായ മുഹമ്മദ് നബിയുടെ ഓർമകളാണ് ഈ ദിനത്തിൽ പ്രത്യേകിച്ചും ഉണർന്ന് വരുന്നത്.

ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും പ്രവാചകനിൽ വിശ്വസിക്കുന്നവർ ഏറി വരുന്ന കാലമാണിത്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ പോലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള തമ്മിലുള്ള അന്തരം വർദ്ധിച്ചുവരികയാണ്. തീരെ പാവപ്പെട്ടവരും അതിസമ്പന്നരും എന്നുള്ള വ്യത്യാസം ഉണ്ടാവുന്നു. ഈ രാജ്യങ്ങളിൽ വിലക്കയറ്റം, പണപ്പെരുപ്പം, അതുപോലെ തന്നെ സാമ്പത്തിക മാന്ദ്യം, പ്രകൃതിപരമായ ക്ഷോഭം തുടങ്ങിയ കാരണങ്ങളാൽ ഇടത്തരക്കാർക്ക് ജീവിതം പ്രയാസമാവുകയാണ്. തൊഴിലില്ലായ്മയും ഈ രാജ്യങ്ങളിൽ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്.

അങ്ങനെ സാമ്പത്തികവും സാമൂഹികവുമായ അസമത്വം, സാംസ്ക്കാരികമായ വ്യത്യാസം ഇതെല്ലാം വലിയ തരത്തിൽ പ്രകടിപ്പിക്കപ്പെടുന്ന ഈ രാജ്യങ്ങളിൽ അടിച്ചമർത്തപ്പെടുന്നവർക്കും പരാധീനതകളുള്ളവർക്കും പാർശ്വവൽക്കരിക്കപ്പെടുന്നവർക്കും മുൻപിലെത്താൻ പ്രാമാണികത്വം കൊണ്ട് കഴിയാതെ വരുന്നവർക്കും ഇസ്ലാം മതത്തിലേക്കുള്ള വാതിൽ തുറന്ന് വച്ചതായി കാണുന്നുണ്ട്. അതിനാൽ ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളിൽ വലിയ തരത്തിലുള്ള ഇസ്ലാമിക മുന്നേറ്റമാണ് സാമൂഹ്യ രംഗത്ത് നടന്നു കൊണ്ടിരിക്കുന്നത്.

ഇസ്ളാമിക മുന്നേറ്റത്തെ വഴിതെറ്റിക്കാനും അത് തീവ്രവാദപരമായി കൊണ്ടുപോകാനുമുള്ള പരിശ്രമം സാർവദേശീയമായി നടക്കുന്നുണ്ട്. അമേരിക്കൻ സാമ്രാജ്യം കാലഘട്ടങ്ങളായി സോഷ്യലിസ്‌റ് വിരുദ്ധവും ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവും കമ്മ്യൂണിസ്റ്റുവിരുദ്ധവുമായ നിലപാടുകളോടൊപ്പം ഇസ്ളാം വിരുദ്ധമായ നിലപാടും വച്ചു പുലർത്തുന്നതായി കാണാം.

പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഇസ്‌ളാമിക മേധാവിത്വമുള്ള രാജ്യങ്ങളിൽ ജനാധിപത്യപരമായ സമ്പ്രദായങ്ങളിൽ ഒരുപാട് പോരായ്‌മകളും പരിമിതികളും ഉള്ളത് മുതലാക്കി അതിൻറെ മറയിൽ ജനാധിപത്യമുണ്ടെന്ന് പറഞ്ഞ് ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന അമേരിക്ക പോലെയുള്ള സാമ്രാജ്യത്വ രാജ്യങ്ങൾ ഇസ്‌ലാമിക വിശ്വാസികളെ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ബോംബിട്ട് കൊല്ലുകയും ചെയ്യുകയാണ് ചെയ്യുന്നത്. അടുത്തകാലത്തെ ഉദാഹരണങ്ങളാണ് അഫ്‌ഗാനിസ്ഥാനും ഇറാക്കും. അമേരിക്കയുടെയും സഖ്യത്തിൻറെയും ബോംബ് വർഷത്തിൽ ഒരുപാട് സാധാരണക്കാരായ നിരപരാധികൾ കൊല്ലപ്പെടുന്നുണ്ട്.

അമേരിക്കൻ ഭരണാധികാരികൾ ലോകത്തിലെ ഏറ്റവും വലിയ ഭീരുക്കളാണ്. ലോകത്തിലെ ഏറ്റവും വലിയ ആയുധ സമുച്ചയവും അണുവായുധ സങ്കേതങ്ങളും മറ്റ് ശാസ്ത്ര സാങ്കേതിക മേധാവിത്വവും മറ്റ് രാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ചു ഐ.എം.എഫും വേൾഡ് ബാങ്കും വഴി കൊണ്ടുവരുന്ന പണത്തിൻറെ മേധാവിത്വവുമെല്ലാം ഉണ്ടെങ്കിലും അവർ ഭീരുക്കളാണ്.

എന്നാൽ ഭീരുക്കളായ അമേരിക്കൻ ഭരണാധികാരികളെ അവരുടെ സാമ്രാജ്യത്വ പിഴവുകളുടെ പേരിൽ തൊഴിലാളികളും കൃഷിക്കാരും ഇടത്തരക്കാരും ബുദ്ധിജീവികളുമടങ്ങുന്ന വലിയ ബഹുജന മുന്നേറ്റത്തിന് മുൻപിൽ വിചാരണ ചെയ്യുന്നതിന് പകരം നിരപരാധികളെ ബോംബിട്ടും ആക്രമിച്ചും കൊന്നും മറ്റും നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ പ്രവാചകൻറെ സംസ്‌കാരത്തിനും പ്രവാചകൻ പറഞ്ഞ സിദ്ധാന്തത്തിനും എതിരായിട്ടുള്ളതാണെന്ന് എല്ലാവർക്കുമറിയാം.

അത്തരം തീവ്രവാദ പ്രവർത്തനങ്ങളില്ലാതെ സംഘടിത പ്രസ്ഥാനങ്ങളുടെ ഭാഗമായി തീവ്രവാദം ഉപേക്ഷിച്ച്‌ അണിനിരന്നിരുന്നെങ്കിൽ അമേരിക്കക്ക് ഇതിനേക്കാൾ വലിയ പരാജയങ്ങൾ സമ്മാനിക്കാമായിരുന്നു. അതുകൊണ്ട് തന്നെയാണ് “ലാദൻ ബിൻലാദൻ” എന്ന എന്റെ കവിതയിൽ ഒബാമയും ലാദനും ഒരുപോലെ തന്നെ വിനാശം സൃഷ്ടിക്കുന്നുവെന്ന് പറയുന്നത്. അത് മനസ്സിലാക്കിയിട്ടും ഇല്ല എന്ന ഭാവത്തിൽ “ബിൻലാദനെ ഞാൻ പുകഴ്ത്തുന്നു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു” എന്നു അവാസ്തവം പറഞ്ഞ് ഹിന്ദുവർഗ്ഗീയ വാദികൾ കഴിഞ്ഞ ഇലക്ഷൻ കാലത്ത് അമ്പലപ്പുഴ മണ്ഡലത്തിൽ ഹിന്ദുവിശ്വാസികളുടെ വോട്ടുകൾ എനിക്ക് കിട്ടാതിരിക്കാനുള്ള ക്യാമ്പയിൻ വ്യാപകമായി നടത്തുകയുണ്ടായി. പക്ഷെ അവർ ഈ ശ്രമത്തിൽ പരാജയപ്പെടുകയും എന്നെ ജനങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിച്ച് വിജയിപ്പിക്കുകയാണുണ്ടായത്. അപ്പോൾ വർഗ്ഗീയ വാദികൾ കോൺഗ്രസ്സിനകത്തായാലും ബി.ജെ.പി.ക്കകത്തായാലും മുസ്‌ലിം ലീഗിനകത്തായാലും അവരെല്ലാവരും തന്നെ തീർച്ചയായും വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ഐക്യത്തെ തകർക്കുകയുമാണ് ചെയ്യുന്നത്. ഇതിനൊക്കെ എതിരാണ് പ്രവാചക മതം.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ രണ്ടാം പതിറ്റാണ്ടിൽ പ്രവാചകനായ മുഹമ്മദ് നബിയുടെ സിദ്ധാന്തങ്ങൾ കൂടുതൽ പ്രസക്തമാണ്. കൂടുതൽ സ്വത്തുള്ളവർ അതിൻറെ ഒരു ഭാഗം പരിത്യജിക്കണമെന്നും അത് പാവങ്ങൾക്ക് നൽകണമെന്നും റംസാൻ കാലത്ത്‌ എല്ലാവരും വിശ്വസിക്കുകയും പ്രവൃത്തിയിൽ കൊണ്ടുവരുകയും ചെയ്യുന്നു.

പല സമ്പന്നരെയും സംബന്ധിച്ചിടത്തോളം സ്വത്ത്‌ മേന്മയുടെ മാത്രമല്ല, അഴിമതിയുടെയും അക്രമത്തിന്റെയും അവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റേയും അഹങ്കാരത്തിന്റെയും കൂടി ഒരു പ്രതീകമായി മാറുന്നുണ്ട്.

അത് മാന്യമായി കൈകാര്യം ചെയ്യുന്നവരുമുണ്ട്. അവരെ നമ്മൾ ബഹുമാനിക്കുന്നു. പക്ഷെ പാവപ്പെട്ടവൻ സമ്പന്നനെ നോക്കി പ്രതികാര ബുദ്ധിയോട് കൂടി ചിന്തിക്കുന്ന ഒരു സ്ഥിതിവിശേഷം വർദ്ധിച്ചു വന്നാൽ ഉണ്ടാകുന്നത് കലാപമായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് നബി തിരുമേനി പ്രചരിപ്പിച്ചത് പോലെ വലിയ സമ്പന്നന്മാർ സാധാരണക്കാരെ ഓർക്കണം. അവരുടെ സാമ്പത്തിക ശേഷിയുടെ നല്ലൊരു ഭാഗം പാവപ്പെട്ടവരുടെ ഉയർച്ചക്ക് വേണ്ടി അവരുടെ മക്കളുടെ വളർച്ചക്ക് വേണ്ടി മാറ്റിവെക്കുന്നത് ഈ കാലഘട്ടത്തിൻറെ ആവശ്യമായി കരുതാനുള്ള പ്രായോഗിക ബോധം സമ്പന്ന വർഗ്ഗത്തിന് ഉണ്ടാവണം.

പക്ഷെ കാറൽ മാർക്‌സ് പറഞ്ഞത് പോലെ സമ്പന്ന വർഗ്ഗം സ്വയം ഒന്നും കാര്യമായി ത്യജിക്കാൻ പോകുന്നില്ല. എങ്കിലും മാനവികതയുള്ള കുറച്ചുപേരുണ്ട്. അവരോടാണ് അഭ്യർത്ഥിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവർ അവരുടെ സ്വത്തിന്റെ ഒരു ഭാഗം സർക്കാരിന്റെ പദ്ധതികളിലിടുകയും മൊത്തം ജനങ്ങൾക്ക് സഹായകമായ പദ്ധതികൾ കൊണ്ടുവരാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സഹായിക്കുകയും പലിശയില്ലാതെ ആ പണം സർക്കാർ അവർക്ക് മടക്കിക്കൊടുക്കാൻ കഴിയുന്ന പുതിയ സാമ്പത്തിക വ്യവസ്ഥകളും സാമ്പത്തിക കരാറുകളുമുണ്ടാവുകയാണെങ്കിൽ ഈ മുതലാളിത്ത കാലഘട്ടത്തിൽ തന്നെ കേരളം പോലെയുള്ള സംസ്ഥാനം വളരെയേറെ വളരും.

ഏകദേശം അയ്യായിരം കോടി മുതൽ പതിനായിരം കോടി രൂപ വരെയുള്ള ചിലവ് പ്രതിവർഷം കേരളത്തിൽ പൊതുമരാമത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിലെ 2 ലക്ഷത്തോളം വരുന്ന നഗര റോഡുകളും ഗ്രാമീണ റോഡുകളും തീരദേശ റോഡുകളും പാലങ്ങളും എല്ലാമടക്കം അതിമഹത്തായിട്ടുള്ള ഒരു ഗതാഗത വിപ്ലവമിവിടെ സംഭവിക്കും. ലോകത്തിലെ ഏത് മുന്നോക്ക രാജ്യത്തിനും മുൻപിൽ തലയുയർത്തി നിൽക്കാൻ കേരളത്തിന് കഴിയും.

മഹത്തായ റമസാൻചിന്തകളുടെ സമയത്ത് ത്യാഗത്തിന്റെയും സ്നേഹത്തിൻറെയും പരസ്‌പര വിശ്വാസത്തിൻറെയും സാഹോദര്യത്തിന്റെയും മത നിരപേക്ഷതയുടെയും ചിന്തകൾ തളിരിടട്ടെ. നമ്മുടെ നാട്ടിലെ എല്ലാവർക്കും ഒരുപോലെ നല്ല നിലയിൽ അധ്വാനിക്കാനും വിയർപ്പു തുള്ളിയുടെ വില അവർക്കു തന്നെ ലഭിക്കുവാനും ജീവിതമാസ്വദിക്കാനുമുള്ള ഒരു വ്യവസ്ഥയിലേക്ക് മുന്നേറാനാവട്ടെ. ത്യാഗത്തിൻറെയും സംസ്ക്കാരത്തിന്റെയും അച്ചടക്കത്തിൻറെയും അതേസമയം മുന്നേറ്റത്തിൻറെയും പാഠങ്ങൾ മലയാളികൾക്ക് ഈ റംസാൻ മാസത്തിൽ പഠിക്കാൻ കഴിയട്ടെ.