ദുബൈയും അബുദാബിയും മധ്യപൗരസ്ത്യ ദേശത്തെ ജീവിതച്ചെലവേറിയ നഗരങ്ങള്‍

Posted on: June 23, 2016 2:44 pm | Last updated: June 23, 2016 at 2:44 pm

The Tower at Dubai Creek Harbour (1)ദുബൈ:മധ്യപൗരസ്ത്യ ദേശത്ത് പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവേറിയ നഗരങ്ങള്‍ ദുബൈയും അബുദാബിയും. മെഴ്‌സര്‍ 2016 സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ആഗോളതലത്തില്‍ ദുബൈ 21-ാം സ്ഥാനത്താണ്. ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം 33-ാം സ്ഥാനത്തായിരുന്ന അബുദാബി 25-ാം സ്ഥാനത്തെത്തി. രാജ്യത്തെ രണ്ട് നഗരങ്ങളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നില മെച്ചപ്പെടുത്തി. മധ്യപൗരസ്ത്യ മേഖലയില്‍ ജി സി സി രാജ്യങ്ങളിലെ നഗരങ്ങളാണ് പ്രവാസികള്‍ക്ക് ജീവിതച്ചെലവ് കൂടിയവ.

ജി സി സി രാജ്യങ്ങളിലെ കറന്‍സികള്‍ ഡോളറിനെതിരെ നില മെച്ചപ്പെടുത്തിയതാണ് ദുബൈയും അബുദാബിയും അടക്കമുള്ള നഗരങ്ങള്‍ ആഗോളതലത്തില്‍ മുന്‍പന്തിയിലെത്താന്‍ കാരണമെന്ന് മെഴ്‌സര്‍ മിഡില്‍ ഈസ്റ്റിന്റെ ടാലന്റ് മൊബിലിറ്റി കണ്‍സള്‍ട്ടന്റ് റോബ് തിസ്സന്‍ പറഞ്ഞു. ഈ കാരണമാണ് ജീവിതച്ചെലവിന്റെ കാര്യത്തില്‍ റോമിനേക്കാളും മുന്നില്‍ സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ എത്തിച്ചത്. 71-ാം സ്ഥാനത്തുണ്ടായിരുന്ന റിയാദ് 57ലെത്തി.
ലോകത്തിലെ 100 പ്രധാന നഗരങ്ങളില്‍ മിക്കവയും മധ്യപൗരസ്ത്യദേശത്താണ്. ഇതില്‍ പല നഗരങ്ങളും ആഗോളതലത്തിലടക്കം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുപടി ഉയര്‍ന്നു. അതേസമയം അബുദാബിയും ജിദ്ദയുമടക്കമുള്ള നഗരങ്ങളില്‍ പ്രവാസികളുടെ താമസ വാടക വന്‍തോതില്‍ വര്‍ധിച്ചു.
ലോക പട്ടികയില്‍ 50-ാം സ്ഥാനത്തുള്ള ബെയ്‌റൂത്താണ് മധ്യപൗരസ്ത്യ മേഖലയിലെ ചെലവേറിയ മൂന്നാമത്തെ നഗരം. 50-ാം സ്ഥാനത്തുണ്ടായിരുന്ന ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ 44ലെത്തി. ജി സി സിയിലേക്ക് വന്നാല്‍, 91 ഉണ്ടായിരുന്ന ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ 71ലെത്തി. പുതിയ സര്‍വേയില്‍ ദോഹ (76), മസ്‌കറ്റ് (94), കുവൈത്ത് സിറ്റി (103), ജിദ്ദ (121) സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ വര്‍ഷം യഥാക്രമം 99, 117, 117, 151 സ്ഥാനങ്ങളിലായിരുന്നു ഈ രാജ്യങ്ങള്‍.
ആഗോളതലത്തിലും ഏഷ്യയിലും പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരം ഒന്നാം സ്ഥാനത്തുള്ള ഹോങ്കോംഗ് ആണ്. സിംഗപ്പൂര്‍ (4), ടോക്കിയോ (5), ഷാംഗ്ഹായ് (7), ബീജിംഗ് (10)എന്നിവയാണ് ഏഷ്യയിലെ മറ്റു ചെലവേറിയ നഗരങ്ങള്‍. അംഗോളയിലെ ലുവാണ്ടയും സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചുമാണ് ആഗോളതലത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള നഗരങ്ങള്‍. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഹോങ്കോംഗ് ഒന്നാം സ്ഥാനത്തേക്കും ഒന്നാമതുണ്ടായിരുന്ന ലുവാണ്ട രണ്ടാമതുമെത്തി.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ (82) ആണ്. ന്യൂഡല്‍ഹി (130), ചെന്നൈ (158), കൊല്‍ക്കത്ത (194), ബംഗളൂരു (180) എന്നിവ തൊട്ടുപിറകിലുണ്ട്.
ഭക്ഷണം, വസ്ത്രം, ഗതാഗതം, വാടക പോലോത്ത സാധനങ്ങളും സേവനങ്ങളും ജീവിത ചെലവുകളും സംയോജിപ്പിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് റോബ് തിസ്സന്‍ പറഞ്ഞു. യൂറോപ്പിനെ അപേക്ഷിച്ച് സഊദി അറേബ്യയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും മറ്റും വില കുറവാണ്. ഇത് റിയാദിലും ജിദ്ദയിലും പ്രവാസി വാടക വിപണി കൂടുതല്‍ മെച്ചപ്പെടുത്തി.