നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം; കൂടുതല്‍ തുക ചെലവഴിച്ചത് വി അബ്ദുര്‍റഹ്മാന്‍

Posted on: June 23, 2016 1:48 pm | Last updated: June 23, 2016 at 1:48 pm
SHARE

v abdurahmanമലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് താനൂരിലെ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച വി അബ്ദുര്‍റഹ്മാന്‍. 25,57,991 രൂപയാണ് അദ്ദേഹം പ്രചാരണത്തിനായി ചെലവഴിച്ചത്.

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന് സമര്‍പ്പിച്ച കണക്കാണിത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന മുസ്‌ലിംലീഗിലെ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി ഇതിന് തൊട്ടടുത്ത് തന്നെയുണ്ട്. 24,02,223 രൂപയാണ് അദ്ദേഹം പ്രചാരണത്തിനായി ചെലവിട്ടത്. കോട്ടക്കലില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി അബിദ് ഹുസൈന്‍ തങ്ങള്‍ 23,58,374 രൂപ ചെലവഴിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എന്‍ സി പിയുടെ മുഹമ്മദ്കുട്ടി 16,13, 510 രൂപ മാത്രമാണ് ചെലവഴിച്ചത്. തിരൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സി മമ്മുട്ടി 23,13,291 രൂപ ചെലവിട്ടിട്ടുണ്ട്. ബാക്കിയുള്ള സ്ഥാനാര്‍ഥികളെല്ലാം ഇതിലും താഴെയാണ് പ്രചാരണത്തനായി ചെലവിട്ടിട്ടുള്ളത്. ഒരു സ്ഥാനാര്‍ഥിക്ക് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 28 ലക്ഷം രൂപ വരെ ചെലവഴിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ നോമിനേഷന്‍ നല്‍കുന്നതിനുളള ആയിരം രൂപ മാത്രം ചെലവ് നല്‍കിയ സ്ഥാനാര്‍ഥികളുമുണ്ട്. അപരന്‍മാരും സ്വതന്ത്രന്‍മാരുമാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കുന്നതിനുള്ള തുക മാത്രം ചെലവഴിച്ചത്. ജില്ലയില്‍ ആകെ മത്സരിച്ചത് 145 സ്ഥാനാര്‍ഥികളാണ്. ഇവരില്‍ 126 പേരാണ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. 19 പേര്‍ അവസാന തീയതി കഴിഞ്ഞിട്ടും സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെല്ലാം കണക്കുകള്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 18 വരെയാണ് ഇതിന് സമയം അനുവദിച്ചിരുന്നത്. കണക്ക് നല്‍കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ അയക്കും. നോട്ടീസ് കൈപറ്റി 20 ദിവസത്തിനകം മറുപടി നല്‍കണം.
സമര്‍പ്പിക്കാതിരുന്നതിനുള്ള കാരണം രേഖാ സഹിതം നല്‍കുകയും വേണം. രേഖകള്‍ വിശ്വാസയോഗ്യമല്ലെങ്കില്‍ ഇവരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ചെലവുകളുടെ കണക്കുകള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഉടന്‍ കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here