ഡിഫ്തീരിയ;മലപ്പുറത്ത് വിദ്യാര്‍ഥി മരിച്ചു

Posted on: June 23, 2016 12:46 pm | Last updated: June 23, 2016 at 3:47 pm

vassinationമലപ്പുറം:മലപ്പുറത്ത് ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അഫ്‌സാഖാണ് (14) മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

എന്നാല്‍ മരണകാരണം ഡിഫ്തീരിയ ബാധിച്ചത് മാത്രമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിക്ക് ബുള്‍നെക്ക് എന്ന അസുഖമുണ്ടായിരുന്ന തായും അതിന്റെ ചികിത്സയിലായിരുന്നതായും മെഡിക്കല്‍ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മരണകാരണം ഡിഫ്തീരിയ ആണോ എന്നറിയാനുളള ശ്രമങ്ങള്‍ മെഡിക്കല്‍ സംഘം നടത്തുന്നുണ്ട്. അതേസമയം ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് 16 കാരന്‍ മരിച്ചിരുന്നു. താനൂര്‍ സ്വദേശി മുഹമ്മദ് അമീറാണ് മരിച്ചത്. നാല് ദിവസത്തോളം കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമീറിന് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് വിവരം. ഒരാള്‍ കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ച് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ മലപ്പുറത്ത് ഡിഫ്തീരിയ പേടി വര്‍ധിക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നുണ്ടെങ്കിലും പലരും പ്രതിരോധ കുത്തിവെപ്പിന് സഹകരിക്കാതെ അവഗണിക്കുകയാണ് ചെയ്യുന്നത്.