Connect with us

Kerala

പ്രതിരോധ കുത്തിവെപ്പ്: മാതൃഭൂമി പരാമര്‍ശം വസ്തുതാവിരുദ്ധം- മുസ്‌ലിം ജമാഅത്ത്‌

Published

|

Last Updated

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ മതാന്ധത പിടികൂടിയ ഒരു വിഭാഗം ഏറെ നാളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇക്കൂട്ടര്‍ ആരോഗ്യ പ്രവര്‍ത്തകരെ ആട്ടിയോടിക്കുകയും ജനസമ്പര്‍ക്ക പരിപാടികള്‍ അലങ്കോലപ്പെടുത്തുകയുമാണെന്നുള്ള മാതൃഭൂമി മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലല്ലല്ലോ ഒരു പത്രം മുഖപ്രസംഗമെഴുതേണ്ടത്. അവര്‍ക്ക് പൂര്‍ണബോധ്യമുള്ള ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖപ്രസംഗമെഴുതേണ്ടതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഏതെങ്കിലും ഉത്തരവാദപ്പെട്ട സംഘടനയോ കൂട്ടായ്മയോ കുത്തിവെപ്പുകള്‍ക്കെതിരെ ജില്ലയില്‍ രഹസ്യമായോ പരസ്യമായോ പ്രചാരണം നടത്തുന്നുണ്ടെങ്കില്‍ അവരെ ചൂണ്ടിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിന് തയ്യാറാകാതെ മതപാഠശാലകളിലെ കുട്ടികള്‍ക്ക് ഡിഫ്തീരിയ, വില്ലന്‍ ചുമ, പിള്ളവാതം എന്നിവക്കുള്ള പ്രതിരോധ ഔഷധം നല്‍കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് വിഷയം പ്രാഥമികമായിപ്പോലും പഠിക്കാതെയാണെന്നതില്‍ സംശയമില്ല. ഇത്തരം പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തേണ്ടത് പഠനകാലത്തല്ല എന്ന സാമാന്യ വിവരമുള്ളവരാരും ഈ രീതിയിലുള്ള ആരോപണമുന്നയിക്കാന്‍ ധൈര്യപ്പെടില്ല.
ഒരു പ്രത്യേക മതവിഭാഗം കൂടുതലുള്ളതുകൊണ്ട് മലപ്പുറം ജില്ലയിലുള്ളവര്‍ തീര്‍ത്തും പ്രതിലോമപരമായാണ് ചിന്തിക്കുന്നതെന്നും “വിശ്വാസമൗഢ്യം” അവരെ നാശത്തിലേക്ക് നയിക്കുകയാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പാതകമാണ്. പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെയുള്ള പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ മുസ്‌ലിം മതപണ്ഡിതരും നേതാക്കളും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.
പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ ബദല്‍ ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നവരോ കുത്തക വിരുദ്ധ അജന്‍ഡകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരോ ഏതെങ്കിലും ഒറ്റപ്പെട്ട ചിലരോ വല്ലതും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവ സൂക്ഷ്മമായി പഠിച്ച് അവരെ ബോധവത്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. അല്ലാതെ അതിന്റെ പേരില്‍ വിശ്വാസി സമൂഹത്തെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഏത് പിന്തിരിപ്പന്‍ കാഴ്ചപ്പാടിനെയും മലപ്പുറം ജില്ലയുടെ കണക്കില്‍ വരവുവെക്കുന്നത് ആ ജില്ലയെ കുറിച്ചുള്ള മുന്‍വിധികൊണ്ടാവാനേ തരമുള്ളൂ. പ്രതിരോധ കുത്തിവെപ്പിലൂടെ ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രത്യുത്പാദന ശേഷിയും ലൈംഗിക ശേഷിയും നശിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ തൊട്ടുകാണിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അതിന് തയ്യാറാകാതെ ഒരു ജില്ലയെയും ജനതയെയും ഒന്നടങ്കം കുറ്റപ്പെടുത്തുന്നതും അപഹസിക്കുന്നതും അത്യന്തം പ്രതിഷേധാര്‍ഹമാണ്- വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പറഞ്ഞു.

 

---- facebook comment plugin here -----

Latest