ഉത്തര്‍ പ്രദേശില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു

Posted on: June 23, 2016 5:47 am | Last updated: June 23, 2016 at 2:37 pm

പാറ്റ്‌ന: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ഈ മാസം 27ന് രാജ്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഗവര്‍ണര്‍ രാം നായിക് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുമെന്ന് രാജ്ഭവന്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. അഖിലേഷ് മന്ത്രിസഭയിലെ അവസാനത്തെ മിനിക്കുപണിയായിരിക്കും ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. 2012ല്‍ എസ് പി അധികാരമേറ്റത് മുതല്‍ ഇത് ഏഴാം തവണയാണ് മന്ത്രിസഭ പുനഃ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ അഞ്ച് ക്യാബിനറ്റ് മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. എട്ട് പേര്‍ക്ക് സ്വതന്ത്ര ചുമതലയും നല്‍കിയിരുന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം ബല്‍റാം യാദവ് ചൊവ്വാഴ്ച രാജിവെച്ചിരുന്നു. ഇതിന് പുറമെ അന്‍സാരി ഖ്വയാമിയുടെ ഏകദാ ദള്‍ എസ് പിയില്‍ ലയിച്ചതോടെ മന്ത്രിസഭയില്‍ നാല് അംഗങ്ങളുടെ ഒഴിവ് ഇപ്പോഴുണ്ട്. മുഖ്യമന്ത്രിയടക്കം പരമാവധി 60 പേര്‍ക്ക് മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയും.