വ്യാജ കറുവപ്പട്ട ഇറക്കുമതിക്കെതിരെ ഒമ്പത് വര്‍ഷത്തെ നിയമ പോരാട്ടം; ഒടുവില്‍ വിജയം

Posted on: June 23, 2016 5:42 am | Last updated: June 23, 2016 at 12:43 am

കൊച്ചി: വ്യാജ കറുവപ്പട്ട ഇറക്കുമതിക്കെതിരെ ഒമ്പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡോ ജോണിന് വിജയം.
മനുഷ്യ ശരീരത്തിന് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന കാസിയയാണ് കറുവപട്ടയായി ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇവയുടെ ഇറക്കുമതിക്കാണ് ന്യൂഡല്‍ഹി ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ശന നിയന്ത്രണം ബാധമാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയതെന്ന് ലിയോണാര്‍ഡോ ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കഴിഞ്ഞ 16ന് ഇറക്കിയ ഉത്തരവ് പ്രകാരം ശരീരത്തിന് ഹാനികരമല്ലാത്ത മൂന്ന് ശതമാനം കോമറിന്‍ ഉള്ള കറുവപ്പട്ട മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. യഥാര്‍ഥ കറുവപ്പട്ടയില്‍ .004 ശതമാനം കോമറിനാണ് ഉള്ളത്. വ്യാജ കറുവപ്പട്ടിയില്‍ ഇത് നാല് ശതമാനത്തിലേറെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വലുതും ചെറുതുമായ തുറമുഖങ്ങളിലൂടെ ഏകദേശം മുപ്പത് ലക്ഷം കിലോഗ്രാമിലധികം വ്യാജ കറുവപ്പട്ടയാണ് പ്രതിവര്‍ഷം ഇറക്കുമതിയായി ഇന്ത്യയിലെത്തുന്നത്. കാസിയ മൂലം ആളുകളില്‍ മഞ്ഞപ്പിത്തം, വയറിളക്കം, വായിലെ കാന്‍സര്‍, തുടങ്ങിയ അസുഖങ്ങളുള്‍പ്പെടെയുണ്ടാവുകയും വൃക്ക, കരള്‍, തലച്ചോര്‍, ഞരമ്പ്, മസിലുകള്‍ എന്നിവ തകരാറിലാവുകയും ചെയ്യും.
യഥാര്‍ഥ കറുവപ്പട്ടയുടെ ഉത്പാദന ചെലവ് കിലോഗ്രാമിന് 300 രൂപ മുതല്‍ 1000 വരെയാണെങ്കില്‍ വ്യാജ കറുവപ്പട്ടക്ക് എഴുപത് രൂപയോളം മാത്രമേ വരുകയുള്ളു എന്നതാണ് വ്യാജന്‍ ഉപയോഗിക്കാന്‍ ആയുര്‍വേദ, മസാല സുഗന്ധ വ്യാപാരികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.