വിദ്യാര്‍ഥിക്ക് നേരെ തോക്ക് ചൂണ്ടിയ പോലീസുകാരനെ അറസ്റ്റ് ചെയ്തു

Posted on: June 23, 2016 5:36 am | Last updated: June 23, 2016 at 12:37 am

കാഞ്ഞിരപ്പള്ളി: എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ തോക്ക് ചൂണ്ടിയ പോലിസുകാരനെ അറസ്റ്റ് ചെയ്തു. പെരുവന്താനം പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെമിമോനെയാണ് വിദ്യാര്‍ഥിയുടെ മാതാവ് കാഞ്ഞിരപ്പള്ളി അഞ്ചിലപ്പ പൊട്ടംകുളം വീട്ടില്‍ ഷിബുവിന്റെ ഭാര്യ സല്‍മയുടെ പരാതിയെ തുടര്‍ന്ന് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
സല്‍മയുടേയും ഷെമിമോന്റെയും കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് ഇരുവീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കിയിരുന്നു. ഇതിനിടെ കാഞ്ഞിരപ്പള്ളി അഞ്ചിലപള്ളിയില്‍ നമസ്‌കാരത്തിനെത്തിയ വിദ്യാര്‍ഥിയെ ചെരുപ്പ് തട്ടിമാറിയെന്ന് ആരോപിച്ച് ഷെമിമോന്‍ മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ഥിയുടെ മാതാവിന്റെ പരാതി.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് ഷെമിമോന്‍ വിദ്യാര്‍ഥിക്ക് നേരെ ഭീഷണി മുഴക്കിയത്. കാഞ്ഞിരപ്പള്ളിയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.