പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടും

Posted on: June 23, 2016 6:00 am | Last updated: June 23, 2016 at 12:36 am

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള എല്ലാ പി എസ് സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറ് മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ശിപാര്‍ശ പി എസ് സിക്ക് സര്‍ക്കാര്‍ നല്‍കും.
പി എസ് സിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത്. പുതിയ തീരുമാനത്തോടെ ഈ മാസം 30ന് കാലാവധി അവസാനിക്കുന്ന മുന്നൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടും.
സീനിയര്‍ ഗവ. പ്ലീഡര്‍മാരായി പി നാരായണന്‍, പി പി താജുദ്ദീന്‍, പി എന്‍ സന്തോഷ്, നിഷ ബോസ് എന്നിവരെയും സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍മാരായി എന്‍ മനോജ്കുമാര്‍, എം ആര്‍ ശ്രീലത, പി സന്തോഷ്‌കുമാര്‍ എന്നിവരെയും നിയമിക്കാന്‍ യോഗം തീരുമാനിച്ചു.
24ന് ആരംഭിക്കുന്ന 14ാം നിയമസഭയുടെ ആദ്യസമ്മേളനത്തിനുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.