ഫ്രാന്‍സിലെ തൊഴിലാളി പ്രക്ഷോഭങ്ങളും കാല്‍പ്പന്തുകളിയും

ഫ്രഞ്ച് സമ്പദ്ഘടന നേരിടുന്ന വന്‍പ്രതിസന്ധികളുടെ പ്രത്യക്ഷ ഉദാഹരണമാണ് കോര്‍പ്പറേറ്റ് അനുകൂല തൊഴില്‍ നിയമങ്ങളും പണിയെടുക്കുന്നവര്‍ക്കെതിരായ ആക്രമണങ്ങളും. ഇപ്പോഴത് ഭരണകൂടവും ഫ്രാന്‍സിലെ ജനങ്ങളും തമ്മിലുള്ള തെരുവ് യുദ്ധമായി കലാശിച്ചിരിക്കുന്നു. തൊഴിലാളികള്‍ മുന്നോട്ടു വെച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്കു ഫ്രാന്‍ഷ്യസ് ഹോളണ്ടിന്റെ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഫ്രാന്‍സിന്റെ സാമൂഹിക ജീവിതം താറുമാറാകുമെന്ന അപകട സാഹചര്യമാണ് നിലവിലുള്ളത്.
Posted on: June 23, 2016 5:28 am | Last updated: June 23, 2016 at 12:29 am

കാല്‍പ്പന്തുകളിയും തൊഴിലാളി പ്രക്ഷോഭവും ഒരേപോലെ ഫ്രാന്‍സിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. യൂറോകപ്പിന്റെ വേദിയായ ഫ്രാന്‍സിന്റെ പ്രധാന സ്റ്റേഡിയങ്ങളില്‍ ഫുട്‌ബോള്‍ ആരവങ്ങള്‍ മുഴങ്ങുമ്പോള്‍ പുറത്തു ആയിരക്കണക്കിന് ആളുകള്‍ പോലീസുമായി ഏറ്റുമുട്ടുന്ന പ്രക്ഷോഭങ്ങളിലാണ്. അതോടൊപ്പം, തീവ്രവാദ ഭീഷണിയും ആക്രമണങ്ങളും കൂടി സംഭവിക്കുന്നതിനാല്‍ പ്രക്ഷുബ്ധമാണ് ഫ്രാന്‍സ്.
തൊഴിലാളിവിരുദ്ധമായ തൊഴില്‍ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ മാസങ്ങളായി തൊഴിലാളികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ പാരീസ് ഉള്‍പ്പെടെയുള്ള നഗരങ്ങളെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. 1.2 ദശലക്ഷം തൊഴിലാളികളും ബഹുജനങ്ങളുമാണ് പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന്. പുതിയ തൊഴില്‍ നിയമമനുസരിച്ച് തൊഴിലാളികള്‍ക്കു യാതൊരുവിധ തൊഴില്‍ സുരക്ഷിതത്വവുമില്ല.
അവരെ തൊഴില്‍ശാലകളില്‍ നിന്ന് നിഷ്‌കരുണം പുറത്താക്കാന്‍ കഴിയുന്ന വകുപ്പുകളാണ് നിയമഭേദഗതിയിലുള്ളത്. പണിയെടുക്കുന്നവരുടെ അഭിവൃദ്ധി തീരെ പരിഗണിക്കാത്ത സര്‍ക്കാര്‍ അവരുടെ ജീവിത ദുരിതങ്ങള്‍ വര്‍ധിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങള്‍ നഗ്നമായ വിധത്തില്‍ അവതരിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണോ? ചെറുകിട രംഗത്തു പ്രവ ര്‍ത്തിക്കുന്ന തൊഴിലാളികളെ രണ്ടാം തരക്കാരായി കാണുന്ന നിയമത്തിനെതിരെ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പൊട്ടിത്തെറിക്കുന്നതിനും ഫ്രാന്‍സ് സാക്ഷ്യം വഹിക്കുകയുണ്ടായി. ജനറല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ലേബറിന്റെ (C G T) ആഭിമുഖ്യത്തിലാണ് പ്രധാന സമരം. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വമ്പന്‍ റാലിയില്‍ തൊഴിലാളികള്‍ മാത്രമല്ല സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുകയുണ്ടായി. വന്‍കിട സാമ്പത്തികശക്തികളെയും ബിസിനസ്സു കുത്തകകളെയും മാത്രം സഹായിക്കുന്ന നയങ്ങള്‍ക്കെതിരെയായിരുന്നു ആ പ്രക്ഷോഭം. റെയില്‍വേയിലെ 40 മുതല്‍ 50 ശതമാനം വരെ ജീവനക്കാരുടെ സര്‍വീസുകള്‍ വെട്ടിക്കുറക്കാനെടുത്ത തീരുമാനങ്ങളും വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. റെയില്‍വേയില്‍ മാത്രമല്ല, ആകാശത്തു പറക്കുന്ന വിമാനങ്ങളുടെ സര്‍വീസിന്റെ കാര്യത്തില്‍ പോലും അഞ്ചിലൊന്ന് ക്യാന്‍സല്‍ ചെയ്യുന്ന സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അങ്ങനെ സകലമാന രംഗങ്ങളിലും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഫ്രാന്‍സിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ രക്ഷിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടിന് കഴിയുന്നില്ല. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
പശ്ചിമനഗരമായ നാന്റെസില്‍ പോലീസ് ടിയര്‍ഗ്യാസ് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ ലോകം മുഴുവന്‍ കാണിക്കുന്നുണ്ടായിരുന്നു. ഒരേസമയം രാജ്യത്തെ പല കേന്ദ്രങ്ങളില്‍ സമാനമായ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്നു. കത്തിപ്പടരുന്ന പ്രക്ഷോഭങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍, തീവ്രവാദ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി കരിനിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ വക്കിലാണ്. പല ദിക്കുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. എന്നാല്‍ അതിനിടയിലും, മെയ് 17-ന് 220,000 തൊഴിലാളികള്‍ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും – റിഫൈനറീസ് ഉള്‍പ്പെടെയുള്ളവ പിക്കറ്റ് ചെയ്യുന്ന സമരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. മെയ് 10-ാം തീയതി ഫ്രഞ്ച് പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ, വോട്ടിംഗ് കൂടാതെ, ജനാധിപത്യവിരുദ്ധമായ രീതിയില്‍ പാസ്സാക്കപ്പെട്ട തൊഴില്‍ നിയമത്തിനെതിരായ പ്രതിഷേധമാണ് അതില്‍ കണ്ടത്.
വീണ്ടും മെയ് 19ന് 4,00,000 തൊഴിലാളികള്‍ അണിനിരന്ന സമരമാണ് നടന്നതെന്ന് അറിയുമ്പോള്‍ എത്ര ശക്തമാണ് തൊഴിലാളികളുടെ രോഷപ്രകടനമെന്ന് മനസ്സിലാക്കാം. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നടന്ന വമ്പന്‍ ദേശീയ പ്രതിഷേധ പ്രകടനങ്ങളില്‍ ഏഴാമത്തെതായിരുന്നു അത്.
അടുത്ത വ്യാഴാഴ്ച ഫ്രാന്‍സിലെ ഏറ്റവും വലിയ മറ്റൊരു പ്രക്ഷോഭം നടക്കാനിരിക്കെ കഴിഞ്ഞ ഞായറാഴ്ച പ്രകടനങ്ങള്‍ നിരോധിക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമങ്ങള്‍ പുനഃപരിശോധിയ്ക്കാന്‍ ഗവണ്മെന്റ് തയ്യാറല്ല. ‘തൊഴിലില്ലായ്മ’ അതീവ രൂക്ഷമായിരിക്കുന്ന ഫ്രാന്‍സിലെ തൊഴിലാളി സമരങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ ഫ്രാന്‍സില്‍ സംഭവിക്കാന്‍ പോകുന്ന വന്‍ ചലനങ്ങളുടെ നാന്ദിയായിരിക്കും.
യൂറോ 2016-ന്റെ ആതിഥേയര്‍ എന്ന നിലയില്‍ ഓരോ നിമിഷവും ഭീതിയുടെ നിഴലിലാണ് ഫ്രഞ്ച് ഭരണകൂടം. 2015 നവംബര്‍ 15-ന് പാരീസിലെ ദേശീയ സ്റ്റേഡിയത്തിലുണ്ടായ ഉഗ്രന്‍ സ്‌ഫോടനങ്ങളുടെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല പാരീസ് ജനത. കളിക്കളത്തിലേക്കു നീളുന്ന തീവ്രവാദ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത് ആരാണെങ്കിലും ശരി അതിന്റെ മറയില്‍ തൊഴിലാളി സമരങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഫ്രഞ്ച് ഭരണകൂടം ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അഗ്നിജ്വാലകള്‍ക്കിടയിലാണ് ഫ്രാന്‍സിന്റെ യഥാര്‍ഥ അഗ്നിപരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹംഗറിയുടെയും തുര്‍ക്കിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും റഷ്യയുടെയും മറ്റും ആരാധകര്‍ ഗ്യാലറിയിലേക്കു സ്‌ഫോടക വസ്തുക്കളുമായി എത്തിയാണ് മൈതാനത്തേക്കു കളി നടക്കുമ്പോള്‍ പടക്കമേറ് നടത്തുന്നത്. അതുപോലും തടയാന്‍ കഴിയാത്ത നിസ്സാഹായവസ്ഥയിലാണ് ഫ്രഞ്ച് പോലീസ്.
സാമൂഹിക അസമത്വങ്ങള്‍ ഭയാനകമാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതിനെക്കാള്‍ ഭീകരമായിരിക്കുമെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഫ്രഞ്ച് സമ്പദ്ഘടന നേരിടുന്ന വന്‍പ്രതിസന്ധികളുടെ പ്രത്യക്ഷ ഉദാഹരണമാണ് കോര്‍പ്പറേറ്റു അനുകൂല തൊഴില്‍ നിയമങ്ങളും പണിയെടുക്കുന്നവര്‍ക്കെതിരായ ആക്രമണങ്ങളും. ഇപ്പോഴത് ഭരണകൂടവും ഫ്രാന്‍സിലെ ജനങ്ങളും തമ്മിലുള്ള തെരുവ് യുദ്ധമായി കലാശിച്ചിരിക്കുന്നു. തൊഴിലാളികള്‍ മുന്നോട്ടു വെച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്കു ഫ്രാന്‍ഷ്യസ് ഹോളണ്ടിന്റെ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഫ്രാന്‍സിന്റെ സാമൂഹിക ജീവിതം താറുമാറാകുമെന്ന അപകട സാഹചര്യമാണ് നിലവിലുള്ളത്. യൂറോ 2016-ന്റെ തുടര്‍കളി ദിനങ്ങളുടെ കാര്യത്തിലും അത് കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു.