യോഗ – അഭ്യാസങ്ങളും സൂത്രങ്ങളും

യോഗയെന്നല്ല ഏതു തരത്തിലുള്ള മനുഷ്യാവിഷ്‌കാരവും അത്, എം എന്‍ വിജയന്‍ വ്യാഖ്യാനിച്ചതു പോലെ മൃഗനിലമകളെ അനുകരിക്കാനുള്ള പരിശ്രമങ്ങളാണെങ്കിലും അല്ലെങ്കിലും; മത വര്‍ഗീയതക്കും അതുവഴിയുള്ള അധികാരവേട്ടക്കും പ്രയോജനപ്പെടുത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നു തന്നെയാണ് ബോധ്യമാവുന്നത്. അക്കാര്യം തന്നെയാണ്; ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും യോഗ ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോള്‍ പോലും രാഷ്ട്രീയ ജാഗ്രത പാലിക്കുന്ന ശൈലജ ടീച്ചര്‍ വരും വരായ്കകള്‍ ആലോചിക്കാതെ പറഞ്ഞത്. അതിഷ്ടപ്പെടാത്തവരുടെയും എതിര്‍ത്തവരുടെയും നിക്ഷിപ്ത താത്പര്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ, ടീച്ചറുടെ ആത്മാര്‍ഥത വ്യക്തമാവും. എന്താണ് യോഗ കൊണ്ട് നേട്ടമെന്ന ശ്രീനാരായണ ഗുരുവിന്റെ ചോദ്യത്തിന് അഭ്യാസി പറഞ്ഞത്, ശോധനക്ക് നല്ലതാണെന്നായിരുന്നു. അപ്പോള്‍ നമുക്ക് യോഗ തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യാം.
Posted on: June 23, 2016 6:00 am | Last updated: June 23, 2016 at 12:28 am
കെ കെ ശൈലജ
കെ കെ ശൈലജ

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. പ്രൊഫസര്‍ എം എന്‍ വിജയനെ തലശ്ശേരി-ധര്‍മ്മടത്ത് അദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടില്‍ സന്ദര്‍ശിച്ച് പല കാര്യങ്ങളും സംസാരിക്കുന്ന കൂട്ടത്തില്‍, എന്താണ് യോഗ എന്നും ഇക്കാര്യത്തില്‍ മാഷുടെ അഭിപ്രായം എന്താണ് എന്നും ആരാഞ്ഞു. സാധാരണ ചെയ്യാറുള്ളതു പോലെ, മുകളിലേക്ക് അല്‍പ നേരം കണ്ണു പായിച്ച് ആലോചിച്ചു കൊണ്ട്, തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ അദ്ദേഹം മറുപടി പറഞ്ഞു. ഏതാണ്ടത് ഇപ്രകാരമായിരുന്നു. മനുഷ്യന്‍ എന്നത് ജന്തുക്കള്‍ക്കിടയിലെ ഒരു വിശേഷ ജീവിയാണ്. ബുദ്ധിയും ധിഷണയും ചിന്താബോധവും വിവേകവും ശാസ്ത്രവും കലയും വിശ്വാസവും അങ്ങനെ പലതും മനുഷ്യവര്‍ഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന്റെ അര്‍ഥം മനുഷ്യര്‍ക്കെല്ലാ കഴിവുമുണ്ടെന്നും മറ്റു മൃഗങ്ങള്‍ ഒന്നിനും കൊള്ളാത്തവയാണെന്നുമല്ല. മനുഷ്യര്‍ക്കില്ലാത്ത ചില കഴിവുകള്‍ മൃഗങ്ങള്‍ക്കുമുണ്ട്. അതില്‍ പ്രമുഖമായതാണ് മനുഷ്യര്‍ക്ക് അവരുടെ ശരീരം കൊണ്ട് സാധാരണ ഗതിയില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ചില വിന്യാസങ്ങള്‍ മൃഗങ്ങളില്‍ ചിലതിന് ചെയ്യാന്‍ കഴിയുമെന്നത്. ഒരു മൃഗത്തിന് ചെയ്യാന്‍ കഴിയുന്നത് മറ്റൊരു മൃഗത്തിന് ചെയ്യാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല താനും. ഇത്തരത്തില്‍ ഓരോരോ ജന്തുക്കള്‍ ചെയ്യുന്ന ശാരീരിക നിലകള്‍ നിരീക്ഷിച്ച ശേഷം അത് തനിക്കും ചെയ്യാനാകുമോ എന്ന് മനുഷ്യന്‍ തന്റെ ശരീരം കൊണ്ട് പരീക്ഷിച്ചു നോക്കുന്നതിനെയാണ് യോഗ എന്നു പറയാവുന്നത് എന്നാണ് മാഷ് വ്യാഖ്യാനിച്ചത്.
അത്തരം ഒരു വ്യാഖ്യാനം അതിനു മുമ്പോ ശേഷമോ കേട്ടിട്ടില്ല. കുക്കുടാസനം എന്ന ആസനം കുക്കുടം അഥവാ കോഴിക്ക് അനായാസം നിര്‍വഹിക്കാന്‍ സാധിക്കുന്നതാണ്. അത് പറ്റുമോ എന്നാണ് മനുഷ്യന്‍ പരീക്ഷിക്കുന്നത്. ഗരുഡാസനം(പരുന്ത്), മത്സ്യാസനം(മത്സ്യം), അധോ മുഖ ശ്വാനാസനം(നായ), ബധകോനാസനം(ചിത്രശലഭം), മാര്‍ജാരാസനം(പൂച്ച), ഉസ്ത്രാസനം(ഒട്ടകം), ശിശുവാസനം(കുട്ടി), ഭുജംഗാസനം(മൂര്‍ഖന്‍), ശവാസനം(മൃതദേഹം) എന്നിവയൊക്കെ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നതനുസരിച്ച് മൃഗ-മനുഷ്യ വിശേഷാവസ്ഥകള്‍ അനുകരിക്കാനുള്ള പരിശ്രമങ്ങളോ അന്വേഷണങ്ങളോ ആയി യോഗയെ വ്യാഖ്യാനിക്കാമെന്നു സാരം.
ഞാനും യോഗ പരിശീലിക്കാന്‍ പില്‍ക്കാലത്ത് ചില ശ്രമങ്ങള്‍ നടത്തി. എം എന്‍ വിജയന്‍ മാഷ് നടത്തിയ ഈ വ്യാഖ്യാനം മനസ്സില്‍ തറഞ്ഞു കിടന്നിരുന്നു. പതഞ്ജലി സൂത്രമൊന്നും പഠിക്കാന്‍ അതുകാരണം മിനക്കെട്ടില്ല. യോഗ ക്ലാസെടുക്കുന്ന മഹാന്മാരായ മാഷന്മാരെ കണ്ടാല്‍ തന്നെ ഓടിയൊളിക്കാന്‍ തോന്നുന്ന തരത്തില്‍ അവരും ഞാനും തമ്മിലുള്ള ‘അന്തര്‍ധാര’ സജീവമായിക്കൊണ്ടേ ഇരുന്നു. കാരണം, അവരില്‍ മിക്കവരും കൈത്തണ്ട നിറയെ പല നിറച്ചരടുകള്‍ കെട്ടിയവരും ഇടക്കിടെ ‘ഓം’ എന്ന് ഉച്ചരിക്കുന്നവരുമായിരുന്നു. നിങ്ങള്‍ മനസ്സില്‍ ശാന്തിയും സമാധാനവും ചിന്തിച്ചുണ്ടാക്കൂ എന്ന് ഉദ്‌ഘോഷിക്കുമ്പോള്‍, ഇവരുടെ കൈച്ചരടുകളിലേക്കും ഓം ശബ്ദത്തിലേക്കും ശ്രദ്ധ ചിതറിത്തെറിക്കുന്നതിനാല്‍ അത് സാധിക്കുകയുണ്ടായില്ല. സോമനാഥ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ബീഹാറില്‍ ലാലു തടഞ്ഞ അഡ്വാനിയുടെ രഥയാത്രയും; ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത ‘രാം കേ നാം’ മലപ്പുറത്ത് നിരോധിച്ചതും; ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചതും; ഗോധ്രാനന്തര വംശഹത്യയും; ലവ് ജിഹാദ് ആരോപണങ്ങളും; ഘര്‍വാപസികളും; ഹനുമാന്‍ സേനകളും; രാജ്യസ്‌നേഹ നിര്‍ബന്ധങ്ങളും അന്തരീക്ഷത്തില്‍ കലങ്ങി മറിയുന്നതിനാല്‍, അകത്തും പുറത്തും ശാന്തി കൈവരുന്നേയുണ്ടായിരുന്നില്ല. ഓം മന്ത്രവും കൈച്ചരടുകളും ബോധാബോധങ്ങളില്‍ കുത്തിനിറച്ച് തോറ്റു പിന്‍വാങ്ങി. പിന്നീട്, പ്രകൃതി ജീവനത്തിന്റെ ഭാഗമായി, കാസര്‍കാട് ജില്ലക്കാരനും സൗമ്യ സ്വഭാവിയുമായ ഒരു അധ്യാപകന്‍; കൈയില്‍ ചരടും ഓം നിര്‍ബന്ധങ്ങളുമില്ലാതെ യോഗയുടെ ഒരു ഷോര്‍ട് ടേം കോഴ്‌സ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കാളിയാകാനും കുറച്ച് പഠിച്ചെടുക്കാനും സാധിച്ചു. അദ്ദേഹം സ്ഥലം വിടുകയും യുക്തനായ പരിശീലകനെ കിട്ടാതെ വരികയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയായി.
ഈ വര്‍ത്തമാനങ്ങളൊക്കെ ഓര്‍ക്കാന്‍ കാരണം, കേരള സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് ഇതെഴുതുന്ന ദിവസം – 2016 ജൂണ്‍ 21 – ഉണ്ടായ അനുഭവം കണ്ടപ്പോഴാണ്. ഇന്ന് അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണത്രെ. ആരാണ് പ്രഖ്യാപിച്ചത് എന്നും എന്താണതിന്റെ ആധികാരികത എന്നൊന്നും അറിയില്ല. എന്തായാലും പ്രഖ്യാപിച്ചല്ലോ, ഇനി അങ്ങനെത്തന്നെയാകട്ടെ. വിരോധം ഒട്ടുമില്ല. പ്രധാനമന്ത്രി ഡല്‍ഹിയില്‍ വമ്പിച്ച യോഗാസമ്മേളനം നടത്തിയതായും യോഗയെക്കുറിച്ച് സംസാരിച്ചതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തും പല യോഗാ പ്രദര്‍ശനങ്ങള്‍ നടത്തി. നടന്നോട്ടെ. ഞാന്‍ നടക്കുകയോ ബസില്‍ യാത്ര ചെയ്യുകയോ ചെയ്ത വഴിക്കൊന്നും ഒന്നും കണ്ടില്ല. അതായത്, എന്റെ വണ്ടികളും നടത്തകളും എല്ലാം പതിവുപോലെ കാര്യമായ തടസ്സങ്ങളില്ലാതെ നടന്നുവെന്നര്‍ഥം. അതും നല്ലത്. അപ്പോഴാണ് ഫേസ്ബുക്കിലും വാട്ട്‌സപ്പിലും ചാനലുകളില്‍ ന്യൂസ് അവര്‍ കഴിഞ്ഞതിനു ശേഷമുള്ള, കാണികള്‍ ചിരിച്ചോളണമെന്ന നിര്‍ബന്ധത്തോടെ അവതരിപ്പിക്കുന്ന സിനിമാ രംഗങ്ങള്‍ കൂട്ടിക്കുഴച്ച ഹാസ്യ നാട്യ പരിപാടികളിലും മന്ത്രിയുടെ അനുഭവവും അവരുടെ പ്രതികരണവും വൈറലായി തീര്‍ന്ന സംഭവം തലക്കടിച്ചത്. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ഒരു മതവിഭാഗത്തിന്റെ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് അതൃപ്തി എന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതത്തിന്റെ ഭാഗമല്ലാത്തതും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ കീര്‍ത്തനം ചൊല്ലാമായിരുന്നുവെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയുഷ് വകുപ്പ് സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ചടങ്ങിലാണ് സംഭവം. യോഗ ഒരു മതവിഭാഗത്തിന്റെ മാത്രമല്ല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞതായും യോഗയില്‍ മതേതരത്വം കാത്തു സൂക്ഷിക്കണം എന്നും രാജ്യത്ത് മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ടെന്നും അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത വിവാദമായതോടെ ചില വിശദീകരണങ്ങള്‍ പുറകെ വന്നിട്ടുണ്ടെങ്കിലും അതിലേക്കൊന്നും കടക്കുന്നില്ല.
കൈച്ചരടുകളും ഓം കാരവും കാഴ്ചയിലും കേള്‍വിയിലും നിറഞ്ഞുനില്‍ക്കുമ്പോള്‍, ശാന്തി കൈവരട്ടെ എന്ന ആഹ്വാനം ഉള്‍ക്കൊള്ളാനാകാത്ത എന്റെ അതേ അനുഭവം തന്നെയായിരിക്കണം മന്ത്രി ശൈലജ ടീച്ചര്‍ക്കും ഉണ്ടായിട്ടുണ്ടാവുക എന്നു തോന്നുന്നു. അത് സത്യസന്ധമായി ആവിഷ്‌ക്കരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. അതിനെതിരെ ആക്ഷേപവുമായി വന്നിരിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ലീഗ് നേതാക്കളും ബി ജെ പി നേതാവ് കുമ്മനം രാജശേഖരനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വല്ലാത്ത ഒരു ഐക്യം തന്നെ. എന്നാല്‍, ശൈലജ ടീച്ചര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുമുണ്ട്.
സത്യത്തില്‍ എന്താണ് പ്രശ്‌നം? ഇന്ത്യന്‍-കേരള സമൂഹങ്ങളിലെ മുഖ്യ വൈരുധ്യം വിശ്വാസികളും അവിശ്വാസികളും തമ്മിലാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവു കൂടിയായ ടീച്ചര്‍ കരുതുന്നുണ്ടാവില്ലെന്നറിയാം. മനുഷ്യര്‍ക്കിടയിലെ മുഖ്യ വൈരുധ്യം, ഉള്ളവനും ഇല്ലാത്തവരും തമ്മിലാണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അതായത്, പണവും മൂലധനവും അധികാരവും കൈയടക്കി വെച്ച ദേശ-വിദേശ കുത്തകകള്‍ക്കിപ്പുറത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ബഹുഭൂരിപക്ഷവും വരുന്ന തൊണ്ണൂറ്റഞ്ച് ശതമാനം ദരിദ്രരാണ്. ഇവര്‍ മതവും ജാതിയും പറഞ്ഞ് തമ്മില്‍ തല്ലുകയോ, അതില്‍ തന്നെ ചില പ്രത്യേക വിഭാഗക്കാരെ വംശഹത്യയിലൂടെയും അടിച്ചമര്‍ത്തപ്പെട്ട നിശ്ശബ്ദതയിലൂടെയും പ്രത്യക്ഷമായും പരോക്ഷമായും തുടച്ചു നീക്കുകയും ചെയ്യുന്നതിനോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കെന്നല്ല, മതേതര-സമാധാന ജീവിതം ആഗ്രഹിക്കുന്ന ആര്‍ക്കും കഴിയില്ല. അപ്പോള്‍, യോഗയെന്നല്ല ഏതു തരത്തിലുള്ള മനുഷ്യാവിഷ്‌ക്കാരവും അത്, എം എന്‍ വിജയന്‍ വ്യാഖ്യാനിച്ചതു പോലെ മൃഗനിലമകളെ അനുകരിക്കാനുള്ള പരിശ്രമങ്ങളാണെങ്കിലും അല്ലെങ്കിലും; മത വര്‍ഗീയതക്കും അതുവഴിയുള്ള അധികാരവേട്ടക്കും പ്രയോജനപ്പെടുത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നു തന്നെയാണ് ബോധ്യമാവുന്നത്. അക്കാര്യം തന്നെയാണ്; ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും യോഗ ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോള്‍ പോലും രാഷ്ട്രീയ ജാഗ്രത പാലിക്കുന്ന ശൈലജ ടീച്ചര്‍ എന്ന സഖാവ് വരും വരായ്കകള്‍ ആലോചിക്കാതെ പറഞ്ഞത്. അതിഷ്ടപ്പെടാത്തവരുടെയും എതിര്‍ത്തവരുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ, ടീച്ചറുടെ ആത്മാര്‍ഥത വ്യക്തമാവും. എന്താണ് യോഗ കൊണ്ട് നേട്ടമെന്ന ശ്രീനാരായണ ഗുരുവിന്റെ ചോദ്യത്തിന് അഭ്യാസി പറഞ്ഞത്, ശോധനക്ക് നല്ലതാണെന്നായിരുന്നു. അപ്പോള്‍ നമുക്ക് യോഗ തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യാം.
എന്നാലിതിനിടെ, മലപ്പുറം ജില്ലയില്‍ നിന്നൊരു വാര്‍ത്ത ആരുമറിയാതെ ചരമമടയുന്നുണ്ടായിരുന്നു. മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അറബി ഒന്നാം ഭാഷയായി എടുത്തവര്‍ക്കിടയില്‍, എസ് എസ് എല്‍ സിയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് സ്വര്‍ണമെഡല്‍ കൊടുക്കാനുള്ള ശ്രമത്തെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു എന്നതായിരുന്നു ആ വാര്‍ത്ത. സ്‌കൂളിലെ ഒരു അറബി അധ്യാപകന്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെന്നതു പോലെ ഇത്തവണയും ഈ സ്വര്‍ണമെഡലിനുള്ള പണം കൊടുത്തത്. അറബി പഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി അറബി ക്ലബിന്റെ മുന്‍കൈയോടെ നടത്താനിരുന്ന ഈ മെഡല്‍ദാനം മുടങ്ങുകയാണുണ്ടായത്. ഈ വാര്‍ത്ത വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്, ഫേസ്ബുക്കിലും ട്വിറ്ററിലും വാട്ട്‌സപ്പിലും ഷെയര്‍ ചെയ്തത്. ടി വിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആരും പ്രാധാന്യം കൊടുത്തു കാണുന്നില്ല. ആ സ്വര്‍ണമെഡല്‍, സ്പീക്കര്‍ കൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. അതനുസരിച്ച് അര്‍ഹരായ കുട്ടികള്‍ സ്‌കൂളില്‍ വന്നിട്ടുണ്ടാവും, അല്ലെങ്കില്‍ തടഞ്ഞുവെന്നറിഞ്ഞ് വന്നിട്ടുണ്ടാവില്ല. അവരുടെ യോഗം, നമ്മുടെയും. ശാന്തി, ശാന്തി.