ലോകത്തെ ‘കൂള്‍’ വിമാനത്താവളമായി ഹമദ്‌

Posted on: June 22, 2016 9:45 pm | Last updated: June 22, 2016 at 9:45 pm

ദോഹ: ഏറെ മാനസിക ഉല്ലാസത്തോടെ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനത്താവളങ്ങളില്‍ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഒന്നാമത്. ഹഫിംഗ്ടണ്‍ പോസ്റ്റ് തിരഞ്ഞെടുത്ത ലോകത്തിലെ ഏഴ് ‘കൂളസ്റ്റ്’ വിമാനത്താവളങ്ങളിലാണ് ഹമദ് ഒന്നാമതെത്തിയത്. യാത്ര സുഗമവും സുഖകരവുമാക്കുന്ന ലോകത്തെ മികച്ച വിമാനത്താവളങ്ങളെയാണ് ഹഫിംഗ്ടണ്‍ പോസ്റ്റ് തിരഞ്ഞെടുത്തത്.
വിമാനത്താവളത്തിലെ 25 മീറ്റര്‍ നീളമുള്ള നീന്തല്‍ക്കുളം, വിശ്രമ മുറികള്‍, ഖത്വര്‍ ഡ്യൂട്ടി ഫ്രീയിലെ കുട്ടികളുടെ കളിപ്പാട്ട സ്റ്റോര്‍, നേരത്തെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോപ്പിംഗ് എംപോറിയം, പ്രകാശം പരത്തുന്ന കരടിക്കുട്ടന്റെ പ്രതിമ, പെയിന്റിംഗുകള്‍, വിവിധ ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങിയവയെല്ലാം യാത്രയെ കുറിച്ച ആധിയും ആശങ്കയും പരിഹരിക്കാന്‍ പര്യാപ്തമായവയാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. മേഖലയില്‍ നിന്നുള്ള ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അഞ്ചാമതാണ്. അന്താരാഷ്ട്ര വ്യോമയാന മേഖലയില്‍ പ്രധാന പങ്കുവഹിക്കാന്‍ ഹമദിനെ പര്യാപ്തമാക്കുന്നതാണ് ഈ നേട്ടമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.