Connect with us

Gulf

എന്‍ജിനീയറിംഗ് റാങ്ക് തിളക്കത്തില്‍ ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂള്‍

Published

|

Last Updated

ദോഹ: കേരള എന്‍ജിനീയറിഗ് ആര്‍ക്കിടെക്ചര്‍ പ്രവേശന പരീക്ഷയില്‍ ആര്‍ക്കിടെക്ചറില്‍ ഒന്നാം റാങ്കിന്റെ തിളക്കവുമായി ദോഹ ബിര്‍ള പപ്ലിക് സ്‌കൂള്‍. സ്‌കൂളില്‍നിന്നും പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ നമിത നിജിയാണ് സ്‌കൂളിന്റെ അഭിമാനമായത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.
ആര്‍ക്കിടെക്ചര്‍ റാങ്ക് പ്ലസ് ടു മാര്‍ക്കിന്റെയും നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ കൂടിയാണ് കണക്കാക്കുന്നത്. 400ല്‍ 341.6 മാര്‍ക്കാണ് നമിതക്കു ലഭിച്ചത്. സി ബി എസ് ഇ പരീക്ഷയില്‍ 94.8 ശതമാനം മാര്‍ക്ക് നേടിയിരുന്നു. നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ 152 മാര്‍ക്കും നേടി. ദേശീയ തലത്തില്‍ ഉയര്‍ന്ന മാര്‍ക്കാണിത്. 2007ല്‍ അഞ്ചാം ക്ലാസിലാണ് നമിത ബിര്‍ള സ്‌കൂളില്‍ ചേര്‍ന്നത്. ആര്‍ക്കിടെക്ചര്‍ മേഖലയോട് താത്പര്യം തോന്നിയതു മുതല്‍ തന്നെ ഈ രംഗത്ത് കൂടുതല്‍ പഠിക്കുന്നതിനായി പരിശ്രമം നടത്തിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
നമിതക്ക് ഇതിനകം തന്നെ ഇന്ത്യയിലെ പ്രധാന ആര്‍ക്കിടെക്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആയ ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ പ്രവേശനം ഉറപ്പായിട്ടുണ്ട്.
ഖത്വര്‍ പ്രൊജക്ട് മാനേജ്‌മെന്റ് കമ്പനിയില്‍ സിവില്‍ ആന്‍ഡ് സ്ട്രക്ചറല്‍ എന്‍ജിനീയറായ നിജി പദ്മഗോഷിന്റെ മകളാണ് നമിത. മാതാവ് ശ്രീജയ ഖത്വര്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യത്തില്‍ ആര്‍ക്കിടെക്റ്റ് ആണ്. സഹോദരി നയന നിജി ബിര്‍ള സ്‌കൂളിലെ ക്ലാസ് പത്ത് വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ നമിതയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു.

Latest