മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന് മന്ത്രിസഭാ ഉപസമിതി

Posted on: June 22, 2016 1:44 pm | Last updated: June 22, 2016 at 8:16 pm
SHARE

abdurabbതിരുവനന്തപുരം: മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പിലും വന്‍ ക്രമക്കേട് നടത്തിയെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി സ്‌കൂളുകളും കോളേജുകളും അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി.അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ എയ്ഡഡ് ആക്കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ബഡ്‌സ് സ്‌കൂളുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുണ്ടായെന്നും ഉപസമിതി കണ്ടെത്തി. മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയതിലും ക്രമക്കേട് കണ്ടെത്തി. പ്രത്യക്ഷ ലക്ഷ്യ സഭയുടെ കോളേജിന് ഒരു കോടി രൂപ ചട്ട വിരുദ്ധമായി നല്‍കി. അറബിക് സ്‌കൂളുകളെ കോളേജുകളായി ഉയര്‍ത്തിയത് ക്രമവിരുദ്ധമായാണെന്നും ഉപസമിതി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഫയലുകളാണ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ മന്ത്രി സഭാ ഉപസമിതി പരിശോധിക്കുന്നത്. ഉപസമിതിയുട പരിശോധന തുടരുകയാണ്.നേരത്തെ, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് റവന്യു വകുപ്പ് എടുത്ത തീരുമാനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിരുന്നു. മുന്‍ സര്‍ക്കാര്‍ നടത്തിയ ഭൂമിയിടപാടുകള്‍ ചട്ടവിരുദ്ധമാണെന്നും എ കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി കണ്ടെത്തി.എ കെ ബാലന്‍ കണ്‍വീനറായുള്ള സമിതിയില്‍ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനുവരി 1 മുതല്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 127 ഉത്തരവുകളാണ് ഉപസമിതി ഇതുവരെ പരിശോധിച്ചത്. ഇതില്‍ ഭൂരിഭാഗവും ചട്ടങ്ങളുടെ ലംഘനമാണ്. മെത്രാന്‍ കായല്‍, ഹോം പ്ലാന്റേഷന്‍, കരുണ എസ്‌റ്റേറ്റ് തുടങ്ങിയ വിവാദ ഉത്തരവുകളെല്ലാം ചട്ടങ്ങള്‍ നഗ്‌നമായി ലംഘിച്ചുകൊണ്ടാണെന്നും മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here