അഞ്ജു ബോബി ജോര്‍ജ്‌ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Posted on: June 22, 2016 2:30 pm | Last updated: June 23, 2016 at 11:41 am

anju bobby georgeതിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ്‌ രാജിവെച്ചു. തലസ്ഥാനത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.  അഞ്ജുവിനൊപ്പം കൗണ്‍സിലിലെ മറ്റു 13 അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചായിട്ടാണ് രാജിയെന്ന് അഞ്ജു പറഞ്ഞ്.

നേരത്തെ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ പരുഷമായി സംസാരിച്ചതായി അവര്‍ പരാതി ഉന്നയിച്ചിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായി അവര്‍ ആരോപിച്ചിരുന്നു. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയെന്നും ഫയലുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്നും അഞ്ജു പറഞ്ഞു. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് ക്രമക്കേടുകള്‍ പുറത്തുക്കൊണ്ടുവരണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. തന്നോടൊപ്പം തന്റെ സഹോദരന്‍  അജിത് മാര്‍ക്കോസ് പരീശീലക സ്ഥാനം രാജിവെക്കുകയാണെന്നും അഞ്ജു പറഞ്ഞു. അഞ്ച് മെഡലുകള്‍ നേടിയ കായിക താരമെന്ന നിലയിലാണ് അജിത്തിനെ നിയമിച്ചതെന്നും സഹോദരനെ നിയമിച്ചത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ലെന്നും അഞ്ജു പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടായതിനാല്‍ രാജിവെക്കുകയാണെന്നും ജി വി രാജയെ കരയിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ കണ്ണുനീര്‍ ഒന്നുമല്ലെന്നും അഞ്ജു പറഞ്ഞു.

അതേസമയം അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അവരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഞ്ജുവിന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ചുമതലകള്‍ നല്‍കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിവെക്കുന്ന കാര്യം അഞ്ജു തന്നെ അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഞ്ജുവിനെ പുകച്ച് പുറത്ത് ചാടിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരിക്കലും സ്ഥാനങ്ങള്‍ക്കോ അവാര്‍ഡിന് വേണ്ടിയോ ഞങ്ങള്‍ പോയിട്ടില്ല. എല്ലാം ഞങ്ങള്‍ക്ക് അംഗീകാരമായി ഇങ്ങോട്ട് കിട്ടിയതാണ്. പുതിയ ഭരണത്തില്‍ ഞങ്ങളുടെ സേവനം വേണ്ട എങ്കില്‍ അത് തുറന്ന് പറയാമെന്നും നേരത്തെ മാധ്യമങ്ങളോട് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ചില നിയമനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ചിലര്‍ക്ക് രണ്ടുമാസത്തേക്ക് വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതായും അനാവശ്യമായും കാണുന്നുവെന്നും കായിക മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു.

തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അപ്രതീക്ഷിതമാണെന്നും ഏറെ വേദനിപ്പിച്ചുവെന്നും അഞ്ജു പറഞ്ഞു. മതിയായ യോഗ്യതയില്ലാതെ അഞ്ജുവിന്റെ സഹോദരന് 80,000 രൂപ ശന്പളത്തില്‍ ജോലി നല്‍കിയതും ഏറെ വിവാദമായിരുന്നു. എന്നാല്‍, തന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതി നടന്നുവെന്ന് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അഞ്ജു ഇ.പി.ജയരാജന് കത്തു നല്‍കിയിരുന്നു. തന്റെ സഹോദരന്റേതടക്കം കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും വിജിലന്‍സ് മേധാവിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആറു മാസമായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി ഇനത്തിലുള്ള 40,000 രൂപ തിരിച്ചടയ്ക്കാന്‍ ഒരുക്കമാണെന്നും അഞ്ജു വ്യക്തമാക്കിയിരുന്നു.