സുന്നി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമം: ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: June 22, 2016 11:05 am | Last updated: June 22, 2016 at 11:05 am

മഞ്ചേരി: സുന്നി പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മുടിക്കോട് സ്വദേശികളായ ആലുങ്ങല്‍ ഷാഫി (25), വടക്കുംപാടം ഷൗക്കത്ത് (25), തച്ചുപറമ്പില്‍ സി കെ അബുബക്കര്‍ (40), ഒറ്റകത്ത് അന്‍വര്‍ (24), ഓളിക്കല്‍ ഷബീര്‍ (25) എന്നിവരെയാണ് പാണ്ടിക്കാട് എസ് ഐ ബേസില്‍ തോമസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ മുടിക്കോട് അങ്ങാടിയിലാണ് സംഭവം. മുടിക്കോട് പള്ളിയില്‍ നിന്ന് തറാവീഹ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുന്നി പ്രവര്‍ത്തകരെ പ്രതികള്‍ സംഘം ചേര്‍ന്ന് വാള്‍, പട്ടിക കഷ്ണം, ഇരുമ്പ് വടി, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് അടിക്കുകയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മുടിക്കോട് സ്വദേശികളായ പള്ളിക്കല്‍ മുഹമ്മദ് (42), മദാരി കരുവാരത്തൊടി അബ്ദുര്‍റഹ്മാന്‍ (52), മദാരി പള്ളിയാളി യൂസുഫലി (25), മദാരി പള്ളിയാളി ഹംസ (40), മദാരി മുക്കാക്കോട്ട് അബ്ദുസ്സമദ് (20) എന്നിവരെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.