Connect with us

National

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ;20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

Published

|

Last Updated

ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചുകൊണ്ട് ഐഎസ്ആര്‍ഒയുടെ പി.എസ്.എല്‍.വി സി 34 ന്റെ വിക്ഷേപണം വിജയകരം. രാവിലെ 9.25 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് സി- 34 റോക്കറ്റ് വിക്ഷേപിച്ചത്. ഐ.എസ്.ആര്‍.ഒ) ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്കയക്കുന്നത്. ഇതോടെ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതത്തെും. റഷ്യ 33ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തയച്ചിരുന്നു.


ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റിനുപുറമെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും കാനഡയുടെ രണ്ടും ജര്‍മനി, ഇന്തോനേഷ്യ എന്നിവയുടെ ഓരോന്നു വീതവും ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ചെന്നൈ സത്യഭാമ സര്‍വകലാശാലയുടെയും പൂനെ കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെയും ഓരോ ഉപഗ്രഹങ്ങളും ഇതോടൊപ്പമുണ്ട്.

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്2 സി ഉപഗ്രഹത്തിനൊപ്പമാണ് മറ്റ് 19 ഉപഗ്രഹങ്ങളും കുതിക്കുക. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്‌ളിന്റെ (പി.എസ്.എല്‍.വി) 36ാമത്തെ ദൗത്യമാണിത്. വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റിന് 727.5 കിലോ ഭാരമുണ്ട്. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ് ലക്ഷ്യത്തിലെത്തും. തുടര്‍ന്ന് ഒന്നിന് പിന്നാലെ മറ്റൊന്നായി മറ്റുള്ളവയും ലക്ഷ്യത്തിലെത്തിക്കും. മുപ്പതുമുതല്‍ 60 വരെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണിത്.

2008 ഏപ്രിലില്‍ കാര്‍ട്ടോസാറ്റ് 2 എ ഉപഗ്രഹത്തിനൊപ്പം പത്ത് നാനോ ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. 2015 ഡിസംബറില്‍ ആറ് ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. ഇത്തവണ 22 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇറ്റലിയുടെ രണ്ടെണ്ണംകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിക്ഷേപണത്തിനു മുമ്പുള്ള പരീക്ഷണങ്ങള്‍ക്ക് ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

Latest