Connect with us

Kozhikode

'എനിക്ക് ബെംഗളൂരൂവില്‍ പഠിക്കേണ്ട, നാട്ടിലേക്ക് വരണം'

Published

|

Last Updated

കോഴിക്കോട്: വീട്ടിലേക്ക് എപ്പോള്‍ വിളിച്ചാലും അതീവ ദുഖത്തോടെ അശ്വതി പറയും. അമ്മേ എനിക്ക് ബെംഗളൂരൂവില്‍ പഠിക്കേണ്ട. നാട്ടിലേക്ക് വരണം. ഇവിടെ കടുത്ത ചൂടാണ്. കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികളില്‍ നിന്ന് നേരിട്ട അവഹേളനവും പീഡനങ്ങളും ഒരിക്കല്‍ പോലും അശ്വതി വീട്ടില്‍ അറിയിച്ചിരുന്നില്ല. കാരണം അത്രക്ക് ദരിദ്രമായ അന്തരീക്ഷത്തില്‍ നിന്നാണ് നഴ്‌സിംഗ് എന്ന സ്വപ്‌നത്തിനായി അശ്വതി ബംഗളൂരുവിലേക്ക് തിരിച്ചത്. മകള്‍ ഓരോ തവണ വിളിക്കുമ്പോഴും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ കോളജില്‍ നിന്ന് അവസാനം വന്ന ഫോണ്‍ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ക്കുന്നതായിരുന്നു. നെഞ്ച് പുകയുന്ന വേദനയുമായി സഹപാഠികള്‍ക്കൊപ്പം അശ്വതിയെ കോളജ് അധികൃതര്‍ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വീട്ടില്‍ തിരികെ എത്തിയ അശ്വതി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അമ്മാവന്‍ ചോദിച്ച പ്പോഴാണ് കോളജിലെ ക്രൂര റാഗിംഗ് വിവരം അറിയുന്നത്. തുടര്‍ന്ന് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ട അശ്വതി സമീപവാസിയും മനുഷ്യാവശകാശ പ്രവര്‍ത്തകനുമായ അഡ്വ. മുഹമ്മദ് ശാഫിക്ക് പരാതി എഴുതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
അമ്മയും അമ്മാവനും അനിയത്തിയും അടങ്ങിയ ചെറിയ കുടുംബമാണ് അശ്വതിയുടേത്. ജനിച്ച് വീണപ്പോഴേ നാടുവിട്ട് പോയ പിതാവിനെ കണ്ട ഓര്‍മ പോലുമില്ല. കൂലിപ്പണിയെടുത്ത് ദിവസത്തേക്കുള്ള വക കണ്ടെത്തുന്ന കുടുംബം. നഴ്‌സിംഗ് അശ്വതിയുടെ സ്വപ്‌നമായിരുന്നു. പഠനത്തിന് വലിയ തുക ചെലവ് വരും എന്നതുകൊണ്ടാണ് വിദ്യാഭ്യാസ വായ്പയെടുത്തത്. നാല് ലക്ഷം രൂപ വായ്പയില്‍ 75,000 രൂപ ഫീസടച്ചാണ് അശ്വതി ഗുല്‍ബര്‍ഗിലെ കോളജില്‍ ചേര്‍ന്നത്. അനിയത്തിയുടെ ആഗ്രഹം മനസ്സിലാക്കി അമ്മക്ക് കൂടുതല്‍ പഠന ചെലവ് വരുത്തേണ്ടെന്ന് കരുതി വിദൂര വിദ്യാഭ്യാസം വഴിയാണ് ചേച്ചി അഞ്ജലി ബിരുദമെടുത്തത്. കഷ്ടതകള്‍ക്കിടയിലും വലിയ പ്രതീക്ഷയോടെ ബംഗളൂരുവിലേക്ക് അയച്ച മകള്‍ ഭക്ഷണം പോലും കഴിക്കാനാകാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ 20-ാം വാര്‍ഡില്‍ എത്തിയത് താങ്ങാനാകാതെ വിങ്ങിപ്പൊട്ടുകയാണ് മാതാവ് ജാനകി.

---- facebook comment plugin here -----

Latest