കൃഷിനാശം ഉണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാനുള്ള ഉത്തരവിന് സ്റ്റേ ഇല്ല

Posted on: June 22, 2016 5:33 am | Last updated: June 22, 2016 at 12:33 am

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ കൃഷി നശിപ്പിക്കുകയും ആള്‍നാശമുണ്ടാക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. എന്നാല്‍, പരാതിക്കാരന് ആവശ്യവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റീസ് എ കെ ഗോയല്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി അടുത്തമാസം 15ന് വീണ്ടും പരിഗണിക്കാമെന്നും അറിയിച്ചു.
രണ്ടാഴ്ചക്കകം ഹരജിക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തോട് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യനും കൃഷിക്കും നാശമുണ്ടാക്കുന്ന നീല്‍ഗായി, കാട്ടുപന്നി, കുരങ്ങ് എന്നിവയെ കൊല്ലുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര വന്യജീവി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചത്.