ട്രംപിന് നേരെ വധശ്രമം; ഒരാള്‍ അറസ്റ്റില്‍

Posted on: June 22, 2016 6:00 am | Last updated: June 22, 2016 at 12:19 am

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പുള്ള ഡൊണാള്‍ഡ് ട്രംപിനെതിരെ വധശ്രമം. ലാസ് വെഗാസില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പോലീസില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ട്രംപിന് നേരെ വെടിവെക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ പോലീസ് 19കാരനെ അറസ്റ്റ് ചെയ്തു. ജൂണ്‍ 18നായിരുന്നു സംഭവം അരങ്ങേറിയത്. 19കാരനായ മിച്ചല്‍ സാന്‍ഡ് ഫോര്‍ഡ് ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്ത പോലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുള്ള മിച്ചല്‍ സാന്‍ഡ് ഫോര്‍ഡ് കാലിഫോര്‍ണിയയില്‍ നിന്ന് ലാസ് വെഗാസിലെത്തിയത് ട്രംപിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതിന് മുമ്പ് തോക്ക് ഉപയോഗിച്ച് പരിചയമില്ലാതിരുന്നതിനാല്‍ ഉപയോഗത്തിന്റെ രീതികള്‍ നേരത്തെ പഠിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തനിക്ക് ഒന്നോ രണ്ടോ റൗണ്ട് വെടിവെക്കാന്‍ മാത്രമേ അവസരം കിട്ടുകയുള്ളൂവെന്നും അതിന് ശേഷം പോലീസ് എന്നെ വെടിവെച്ചുകൊല്ലുമെന്ന് ഉറപ്പിച്ചിരുന്നതായും അദ്ദേഹം പോലീസിനോട് വിശദീകരിച്ചു. ലാസ് വെഗാസിലെ ശ്രമം പരാജയപ്പെടുകയാണെങ്കില്‍ ഫീനിക്‌സില്‍ നടക്കുന്ന റാലിയില്‍ പങ്കെടുത്ത് ട്രംപിനെ വധിക്കാന്‍ ശ്രമം നടത്താന്‍ ഉദ്ദേശിച്ചിരുന്നതായും 19കാരന്‍ പറഞ്ഞു.
അതേസമയം, ഇദ്ദേഹം ഏത് രാഷ്ട്രത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന് പുറത്തുവിട്ടിട്ടില്ല. 18 മാസം മുമ്പ് മാത്രമാണ് ഇദ്ദേഹം അമേരിക്കയിലെത്തിയത്. ന്യൂ ജേഴ്‌സിയിലെ ഹൊബോക്കനിലാണ് ഇദ്ദേഹത്തിന്റെ താമസ സ്ഥലം.
നിരവധി വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായി മാറിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപ്. മുസ്‌ലിംകളെ അമേരിക്കിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന വിവാദമായ ആവശ്യം വരെ ഇദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.