ബദറിന്റെ പാഠങ്ങള്‍

ബദര്‍ ഇസ്‌ലാമിക ലോകത്തെ സജീവമാക്കി. മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം നല്‍കി. ബദറില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതമായ സ്ഥാനമാണ് അല്ലാഹു നല്‍കിയത്. പാരമ്പര്യമായി മുസ്‌ലിം സമൂഹം അവരെ ആദരിച്ചു പോരുന്നു. ബദരീങ്ങളുടെ പേര് ചൊല്ലി തവസ്സുല്‍ ചെയ്ത് പ്രാര്‍ഥിക്കുന്നതില്‍ പുണ്യം കണ്ടെത്തുന്നു. ബദര്‍ മൗലിദ് പള്ളികളിലും വീടുകളിലും സജീവമായി പാരായണം ചെയ്തു വരുന്നു. റമസാന്‍ നല്‍കുന്ന ആത്മീയതയുടെ , ദൈവ സഹായത്തിന്റെ ഉദാത്തമായ സന്ദേശമാണ് ബദര്‍ കൈമാറുന്നത്.
Posted on: June 22, 2016 6:00 am | Last updated: June 22, 2016 at 5:11 pm
SHARE

ബദര്‍. ഇസ്‌ലാമിക ചരിത്രത്തിലെ പോരാട്ടത്തിന്റെ, സഹനത്തിന്റെ, പ്രതിരോധത്തിന്റെ അനുപമായ സന്ദേശം നല്‍കുന്ന സംഭവമാണ്. ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനാണ് ബദര്‍ നടക്കുന്നത്. മക്കക്കും മദീനക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബദര്‍ എന്ന സ്ഥലത്ത് നടന്ന സംഭാവമായതിനാലാണ് ബദര്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.
ബദറിന്റെ സന്ദര്‍ഭം വളരെ വളരെ പ്രധാനമാണ്. ശത്രുക്കളുടെ ശല്യവും ഉപദ്രവവും അതിരുവിട്ടപ്പോഴാണ് തിരുനബിയും അനുചരന്മാരും മദീനയിലേക്ക് പലായനം ചെയ്യുന്നത്. മദീനയിലെ റസൂല്‍ (സ)യുടെ സ്വസ്ഥമായ ജീവിതവും ഇസ്‌ലാമിക പ്രബോധനവും മക്കയിലെ ശത്രുക്കളെ കൂടുതല്‍ വിദ്വേഷികളാക്കി. റസൂലിനെയും വിശുദ്ധ മതത്തെയും എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യുക എന്നതായി അവരുടെ ലക്ഷ്യം.
ആദര്‍ശ പ്രബോധനമായിരുന്നല്ലോ റസൂലിന്റെ ലക്ഷ്യം. അതിനാല്‍ ശത്രുക്കളുടെ എല്ലാ ഉപദ്രവങ്ങളെയും അവിടുന്ന് സഹിച്ചു. മദീനയിലെത്തിയ റസൂലിനെയും അനുയായികളെയും ദ്രോഹിക്കല്‍ തുടര്‍ന്നപ്പോള്‍ ആണ് യുദ്ധത്തിനു അനുമതി നല്‍കി അല്ലാഹുവിന്റെ സന്ദേശം ഇറങ്ങുന്നത്.. ”യുദ്ധത്തിലൂടെ ആക്രമിക്കപ്പെടുന്നവര്‍ മര്‍ദിതരാണെന്നതിനാല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. അവരെ സഹായിക്കാന്‍ അല്ലാഹു ശേഷിയുള്ളവനാണ്, തീര്‍ച്ച. അന്യായമായി വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണവര്‍. അല്ലാഹുവാണ് ഞങ്ങളുടെ രക്ഷിതാവെന്ന് പറയുക മാത്രമാണവര്‍ ചെയ്തത്” (22:39,40)
മക്കാ നിവാസികളുടെ ഒരു കച്ചവട സംഘം ശാമില്‍ നിന്ന് തിരിച്ചുവരുന്ന വിവരം നബി(സ)യുടെ അറിവില്‍ പെട്ടു. ആ സംഘത്തെ പിടികൂടിയാല്‍ മക്കയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വലിയ സമ്പത്തിന്റെ ചെറിയ ഒരു വിഹിതം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് വിശ്വാസികള്‍ കരുതി. എന്നാല്‍ മുസ്‌ലിംകള്‍ തങ്ങളെ തേടിയിരിക്കുന്നു എന്ന വാര്‍ത്ത കേട്ട അബൂസുഫ്‌യാന്‍ സംഘത്തെ മദീനയില്‍ നിന്നകലെ കടല്‍ക്കരയിലൂടെ തിരിച്ചുവിട്ടു. മുസ്‌ലിംകള്‍ തങ്ങളെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നും ഉടനെ സഹായിക്കാന്‍ സൈന്യത്തെ അയക്കണമെന്നും മക്കാ നിവാസികളോട് ദൂതന്‍ മുഖേന ആവശ്യപ്പെടുകയും ചെയ്തു.
ഈ വിവരം കേട്ട് അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ഖുറൈശികള്‍ സര്‍വായുധ സജ്ജരായി മുസ്‌ലിംകളെ നേരിടാന്‍ പുറപ്പെട്ടു. അവര്‍ ബദ്‌റിലെത്തുമ്പോള്‍ വകച്ചവട സംഘം സുരക്ഷിതരായി കടന്നുപോയ വിവരമറിഞ്ഞു. പിരിഞ്ഞുപോകാമെന്ന് ശത്രുക്കളില്‍ പലരും അഭിപ്രായപ്പെട്ടു. പക്ഷേ, മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിച്ചേ മടങ്ങൂ എന്ന അഭിപ്രായക്കാരനായിരുന്നു നേതൃത്വത്തില്‍ ഉണ്ടായിരുന്ന അബൂ ജഹല്‍.
നബിയും 313 അനുചരന്മാരും പുറപ്പെട്ടു. മുസ്‌ലിംകളുടെ അംഗസംഖ്യ വളരെ കുറവായിരുന്നു. മൂന്ന് കുതിരകള്‍, എഴുപത് ഒട്ടകങ്ങള്‍.. ശത്രുക്കളുടെ എണ്ണമാകട്ടെ, ആയിരവും. അതില്‍ നൂറു ആശ്വ ഭടന്മാരും ഇരുമ്പ് കവചമണി ഞ്ഞ അറുനൂറു പേരും. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ സഹായത്തില്‍ മാത്രമായിരുന്നു പ്രതീക്ഷ. പ്രവാചകന്‍ (സ)യുടെ ഒരു പ്രാര്‍ഥനയുണ്ട് അവിടുന്ന്. ”അലാഹുവേ, നിന്നില്‍ വിശ്വസിച്ച ഈ ചെറു സംഘം നശിച്ചു പോയാല്‍, ഈ ഭൂമിയില്‍ നിന്നെ ആരാധിക്കാന്‍ പിന്നാരുമുണ്ടാകില്ല.” കണ്ണീരോഴുക്കിയുള്ള റസൂല്‍ (സ)യുടെ ആ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു. ശത്രുക്കളുടെ മൂന്നിലൊന്ന് ആള്‍ബലം മാത്രമേ ഉണ്ടായിരുന്നൂള്ളൂവെങ്കിലും മുസ്‌ലിംകളില്‍ നിന്ന് രക്തസാക്ഷിയായത് 14 പേര്‍ മാത്രം. ശത്രുക്കളില്‍ നിന്ന് 70 പേര്‍ കൊല്ലപ്പെട്ടു. ശത്രുക്കളിലെ എഴുപതാളുകള്‍ മുസ്‌ലിംകളുടെ തടവുകാരായി പിടിക്കപ്പെട്ടു.
ശത്രുക്കളുടെ പതാക ചുമന്ന അബൂ അസീസ് പറയുന്നു: ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകളുടെ എതിര്‍പക്ഷത്തായിരുന്നു ഞാന്‍. യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചപ്പോള്‍ ഞാന്‍ തടവുകാരില്‍ ഒരാളായിരുന്നു. എന്നെ തടവിലെടുത്ത ഒരു അന്‍സാരിയുടെ വീട്ടിലായിരുന്നു ഞാന്‍ അന്തിയുറങ്ങിയത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന മുന്തിയ ഭക്ഷണമായ റൊട്ടി എനിക്ക് നല്‍കി അദ്ദേഹം ഈത്തപ്പഴം ഭക്ഷിക്കുമായിരുന്നു. തടവുകാരോട് മുസ്‌ലിംകള്‍ കാണിച്ച മാതൃകയുടെ അനുപമമായ സാക്ഷ്യമാണിത്. യുദ്ധക്കൊതിയോ വ്യക്തിവൈരാഗ്യമോ ഇവിടെ കാണാന്‍ കഴിയില്ല. തടവുകാരില്‍ ചിലര്‍ക്ക് നല്‍കപ്പെട്ട ജോലി നിരക്ഷരര്‍ക്ക് എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതായിരുന്നു.
ബദര്‍ ഇസ്‌ലാമിക ലോകത്തെ സജീവമാക്കി. മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം നല്‍കി. ബദറില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതമായ സ്ഥാനമാണ് അല്ലാഹു നല്‍കിയത്. പാരമ്പര്യമായി മുസ്‌ലിം സമൂഹം അവരെ ആദരിച്ചു പോരുന്നു. ബദരീങ്ങളുടെ പേര് ചൊല്ലി തവസ്സുല്‍ ചെയ്ത് പ്രാര്‍ഥിക്കുന്നതില്‍ പുണ്യം കണ്ടെത്തുന്നു. ബദര്‍ മൗലിദ് പള്ളികളിലും വീടുകളിലും സജീവമായി പാരായണം ചെയ്തു വരുന്നു. റമസാന്‍ നല്‍കുന്ന ആത്മീയതയുടെ , ദൈവ സഹായത്തിന്റെ ഉദാത്തമായ സന്ദേശമാണ് ബദര്‍ കൈമാറുന്നത്.
ബദറുമായി ബന്ധപ്പെട്ട് ഇന്നേറെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. ഇസ്‌ലാമിക ഹിംസയുടെ ആരംഭമായിരുന്നു ബദര്‍ എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ജിഹാദിന്റെ അര്‍ഥം പോലും തെറ്റായി പ്രചരിപ്പിക്കുന്നു.
സത്യദീനിന്റെ പ്രചാരണ രംഗത്ത് സന്ദര്‍ഭത്തിനനുസരിച്ച് വേണ്ടതൊക്കെ പ്രവര്‍ത്തിക്കാനുള്ള മാനസിക കരുത്ത് നേടലാണ് ജിഹാദ്. ജിഹാദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ഥം ‘എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുക’ എന്നാണ്. അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ സജീവമാകുകയും അവന്‍ വിരോധിച്ച കാര്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് ജിഹാദിന്റെ സാങ്കേതികാര്‍ഥം. ഇമാം ജുര്‍ജാനിയെ പോലെയുള്ള പണ്ഡിതന്മാര്‍ വിവരിച്ചത് പ്രകാരം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സേവനമാണ് ജിഹാദ്.
ഇന്നത്തെ കാലത്ത് മുസ്‌ലിംകള്‍ക്ക് പ്രധാനം ഏറ്റവും വലിയ സമരമായ സ്വശരീരത്തിന്റെ ഇച്ചകളോടും ആഗ്രഹങ്ങളോടും ഉള്ള പട പൊരുതലാണ്. ‘ജിഹാദുല്‍ അക്ബര്‍’ വലിയ ജിഹാദ് എന്ന പരാമര്‍ശം കൊണ്ട് റസൂല്‍ (സ) വിവക്ഷിച്ചതും അതാണ്. റമസാന്‍ ആ വലിയ പോരാട്ടത്തിനുള്ള വേദിയാകണം ഓരോ വിശ്വാസിയിലും.

 

LEAVE A REPLY

Please enter your comment!
Please enter your name here