ബദ്ര്‍- അവകാശ സംരക്ഷണ പോരാട്ടം

Posted on: June 22, 2016 6:00 am | Last updated: June 21, 2016 at 11:46 pm
SHARE

ലോക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിസ്മയമാണ് ബദ്ര്‍. അതിന് മുമ്പോ ശേഷമോ അതിനോട് സമാനമായ ഒരു സമരം ഉണ്ടായിട്ടില്ല. ഉണ്ടാകാന്‍ സാധ്യതയുമില്ല. നെഞ്ചിടിപ്പോടെയല്ലാതെ വിശ്വാസികള്‍ക്ക് ബദറിനെക്കുറിച്ചും ബദ്‌രീങ്ങളെക്കുറിച്ചും അനുസ്മരിക്കാന്‍ കഴിയില്ല.
അക്ഷരാര്‍ഥത്തില്‍ അഹന്തയുടെയും ധിക്കാരത്തിന്റെയും മോന്തായമിളകിയ ധര്‍മസമരമായിരുന്നു ബദ്ര്‍. തികച്ചും നിരായുധരും നിസ്സഹായരുമായ ചെറുസംഘം സായുധ സജ്ജരായ വന്‍ സംഘത്തിന് മേല്‍ വിജയഭേരി മുഴക്കിയ ഐതിഹാസികമായ സമരം. സമരങ്ങളുടെ മാതാവ് എന്നാണ് ബദ്ര്‍ അറിയപ്പെടുന്നത്. ഇസ്‌ലാമിന് പിന്നീടുണ്ടായ സര്‍വ വിജയത്തിന്റെയും പുരോഗതിയുടെയും നിമിത്തമായിരുന്നു ബദ്ര്‍. ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായി വര്‍ത്തിച്ചതും മറ്റു ധര്‍മ സമരങ്ങളിലെല്ലാം അതിശക്തമായ സ്വാധീനം ചെലുത്താന്‍ സാധിച്ചതും ബദ്‌റിന്റെ ഏറ്റവും പ്രധാന സവിശേഷതയാണ്. ഇസ്‌ലാമിക സമരവും സമാധാനവും സംബന്ധിച്ച അടിസ്ഥാന നയങ്ങളും വീക്ഷണങ്ങളും രൂപപ്പെടുന്നത് ബദ്‌റിന്റെ പശ്ചാതലത്തിലായിരുന്നു. ഇത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്.
ജയാപചയങ്ങള്‍ നിര്‍ണയിക്കുന്ന ആത്യന്തിക ഘടകം ആള്‍ബലമോ ആയുധ ശേഷിയോ അല്ല. ആദര്‍ശ പ്രചോദിതമായ ആത്മധൈര്യമുള്ളവര്‍ക്ക് അല്ലാഹു നല്‍കുന്ന അവര്‍ണനീയമായ സഹായമാണെന്ന് ബദ്ര്‍ വിളിച്ചുപറയുന്നുണ്ട്. ആണ്‍കുട്ടികളുടെ ആത്മധൈര്യം പര്‍വതങ്ങളെ പോലും തകര്‍ക്കുമെന്ന ആപ്തവാക്യം എന്ത് മാത്രം ശ്രദ്ധേയമാണ്! ബദ്‌രീങ്ങള്‍ ഇതിഹാസം രചിച്ചത് തകര്‍ക്കാനാകാത്ത ഈമാന്‍ കൊണ്ടാണെന്ന് സംഭവം സാക്ഷിയാണ്. ബദ്‌റില്‍ പങ്കെടുത്ത ധര്‍മയോദ്ധാക്കളെക്കുറിച്ച് വിശ്വവിശ്രുതനായ ഇമാം ബൂസ്വീരി തന്റെ ഖസ്വീദത്തുല്‍ ബുര്‍ദയില്‍ അത് അനാവരണം ചെയ്തിട്ടുണ്ട്. ബദ്‌രീങ്ങള്‍ പര്‍വത സമാനരാണ്. എല്ലാം തരിപ്പണമായ ബദ്ര്‍ രണാങ്കണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അവരോട് ഏറ്റുമുട്ടിയ ശത്രുക്കളോട് ചോദിച്ചു നോക്കൂ! ശത്രുക്കള്‍ക്ക് വിഷൂചികയേക്കാള്‍ മാരകമായ മൃത്യുവിന്റെ ഘട്ടമായിരുന്നു ബദ്ര്‍. അവിടത്തെ മണല്‍ത്തരികള്‍ ആ കഥ പറഞ്ഞു തരും. ബദ്‌റില്‍ എഴുതിവെച്ച രക്തസാക്ഷികളുടെ പേര്‍ വായിക്കുമ്പോള്‍ ആ കദനകഥകള്‍ ഓര്‍മ വരാതിരിക്കില്ല.
ബദ്ര്‍ ഒരു ആക്രമണത്തിനോ നശീകരണത്തിനോ വേണ്ടി നടന്നതായിരുന്നില്ല. അവകാശ സംരക്ഷണത്തിനും ആഭ്യന്തര പ്രതിരോധത്തിനും വേണ്ടിയുള്ള ധര്‍മസമരമയിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷക്കും വേണ്ടിയുള്ള ചെറുത്തുനില്‍പ്പായിരുന്നു. അഹങ്കാരികള്‍ക്കും അക്രമികള്‍ക്കുമെതിരെയുള്ള പ്രതിഷേധമായിരുന്നു. ആദര്‍ശ സംരക്ഷണത്തിന് വേണ്ടിയുള്ള ആരോഗ്യകരവും സമാധാനപരവുമായ മുന്നേറ്റമായിരുന്നു. ആളപായമോ വസ്തുനാശമോ ലക്ഷ്യമേ ആയിരുന്നില്ല.
മാനസികവും ശാരീരികവും സാമ്പത്തികവുമായ ആക്രമണങ്ങളെ വിശ്വാസികള്‍ നിരന്തരം വിധേയരായി. മദീനയിലെത്തിയിട്ടും ശത്രുക്കള്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പതിമൂന്ന് വര്‍ഷത്തെ സഹനത്തിന് ശേഷം പ്രതിരോധത്തിനും ആദര്‍ശ പ്രചാരണത്തിനും വേണ്ടി ആയുധമെടുക്കാനും ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാനും മുസ്‌ലിംകള്‍ നിര്‍ബന്ധിതരായി. ഖുറൈശികള്‍ പിടിച്ചെടുത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആയുഷ്‌കാല സമ്പാദ്യം തിരിച്ചുപിടിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. അത് പക്ഷേ, സമരത്തില്‍ കലാശിച്ചു.
മുസ്‌ലിംകളുടെ ഭൂസ്വത്തുക്കള്‍ കൊള്ളയടിച്ച് ഒട്ടേറെ വീടുകള്‍ സ്വന്തമാക്കി. സഅ്ദുബ്‌നു അബീവഖാസി(റ)ന്റെ മണിമാളികയില്‍ അഭിശപ്തനായ അബൂജഹ്ല്‍ താമസമാക്കി. വിശ്വാസികള്‍ മക്കയില്‍ ഉപേക്ഷിച്ചുപോയ വിലപിടിപ്പുള്ള സമ്പത്തുക്കളെല്ലാം വാരിക്കുട്ടി. സിറിയയിലേക്ക് കച്ചവടസംഘമായി പുറപ്പെട്ടു. അങ്ങനെ മുസ്‌ലിംകളില്‍ നിന്ന് കവര്‍ന്നെടുത്ത മുതലുകള്‍ തിരിച്ചുപിടിക്കലായിരുന്നു ബദ്ര്‍. അതേ, ബദ്ര്‍ ധര്‍മസമരം സമാധാനത്തിനും നിലനില്‍പ്പിനും വേണ്ടിയായിരുന്നു. സത്യാസത്യ വിവേചനം സാധ്യമാകുകയും ചെയ്തു. ബദ്ര്‍ സ്മൃതി എന്നുമെന്നും നിലനില്‍ക്കുക തന്നെ ചെയ്യും. നിശ്ചയും നിങ്ങളെ ബദ്‌റില്‍ അല്ലാഹു സഹായിച്ചു. നിങ്ങള്‍ ദുര്‍ബലരായിരുന്നു (ഖുര്‍ആന്‍).