വ്യാജ കറുവപ്പട്ട ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം

Posted on: June 22, 2016 6:00 am | Last updated: June 21, 2016 at 11:42 pm

casia-troceada KNRകണ്ണൂര്‍: മനുഷ്യശരീരത്തില്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയ വ്യാജ കറുവപ്പട്ട (കാസിയ) ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഇറക്കുമതി വിഭാഗം) കര്‍ശന നിയന്ത്രണങ്ങള്‍ ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം മനുഷ്യശരീരത്തിന് ഹാനികരമല്ലാത്ത മൂന്ന് ശതമാനം കോമറിന്‍ ഉള്ള കറുവപ്പട്ട മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ഥ കറുവപ്പട്ടയില്‍ . 004 ശതമാനം കോമറിനാണ് അടങ്ങിയിട്ടുള്ളത്.
കാസിയയില്‍ ഇത് നാല് ശതമാനത്തിലേറെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വലുതും ചെറുതുമായ തുറമുഖങ്ങളിലൂടെ ഏകദേശം മുപ്പത് ലക്ഷം കിലോഗ്രാമിലധികം വ്യാജ കറുവപ്പട്ടയാണ് പ്രതിവര്‍ഷം ഇറക്കുമതിയായി ഇന്ത്യയില്‍ എത്തുന്നത്. കൊച്ചി തുറമുഖത്തിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 38 കണ്‍സൈന്‍മെന്റ് കാസിയ ഇറക്കുമതി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഏകദേശം 7.6 കിലോഗ്രാം വരും. യഥാര്‍ഥ കറുവപ്പട്ടയുടെ ഉല്‍പാദന ചെലവ് കിലോഗ്രാമിന് 300 മുതല്‍ 1000 രൂപവരെയാണെങ്കില്‍ വ്യാജ കറുവപ്പട്ടയ്ക്ക് ഇത് എഴുപത് രൂപയോളം വരെ മാത്രമേയുള്ളൂവെന്നതാണ് ആയുര്‍വേദ, മസാല സുഗന്ധവ്യഞ്ജന വ്യാപാരികളെ വ്യാജന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.
വില കുറഞ്ഞ വിഷാംശം ഏറെയുള്ള ഇവ ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ വനങ്ങളില്‍ നിന്നാണ് ഇതുവരെ നിര്‍ബാധം ഇന്ത്യയിലെത്തുന്നത്. ജനലക്ഷങ്ങളെ അവരറിയാതെ മാരകമായ രോഗങ്ങള്‍ക്കടിമയാക്കുന്ന വ്യാജ കറുവപ്പട്ടക്കെതിരെ പത്തുവര്‍ഷത്തിലധികമായി നിരന്തരമായ ബോധവത്കരണവും നിയമയുദ്ധവുമായി ഒറ്റയാള്‍ പോരാട്ടം നടത്തിവന്ന കണ്ണൂരിലെ ലിയനാര്‍ഡോ ജോണിന്റെ പോരാട്ടമാണ് ഇപ്പോള്‍ ദേശീയ ഭക്ഷ്യസുരക്ഷാ വിഭാഗം പുറത്തിറക്കിയ ഉത്തരവിന് കാരണമായിരിക്കുന്നത്.