സല്‍മാന്‍ ഖാന്‍ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

Posted on: June 21, 2016 2:06 pm | Last updated: June 21, 2016 at 2:06 pm

salmanന്യൂഡല്‍ഹി: ചിത്രീകരണത്തിനിടയിലെ അമിത ജോലിഭാരത്തെ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയോടുപമിച്ച സല്‍മാന്‍ ഖാന്‍ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇല്ലെങ്കില്‍ കമ്മീഷന്‍ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷന്‍ മുന്നറിയിപ്പ് നല്‍കി.

പുതിയ ചിത്രം ‘സുല്‍ത്താ’ന്റെ ഷൂട്ട് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു തന്റെ അവസ്ഥയെന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. ചിത്രത്തിലെ ഗുസ്തി രംഗങ്ങളെക്കുറിച്ച് സ്‌പോട്ട്‌ബോയെക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സല്‍മാന്റെ വിവാദ പരാമര്‍ശം. ‘ചിത്രത്തിലെ ഗുസ്തി രംഗങ്ങളുടെ ഷൂട്ടിങ്ങിന് ആറ് മണിക്കൂറോളം വേണ്ടിവന്നു. വ്യത്യസ്ത ആംഗിളുകളില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ 120 കിലോ ഉള്ള ഒരാളെ പത്ത് തവണയിലധികം കൈകളില്‍ ഉയര്‍ത്തിപിടിക്കേണ്ടി വന്നു.അത് വളരെ പ്രയാസകരമായിരുന്നു. നിരവധി തവണ റിങ്ങില്‍ വീഴേണ്ടി വന്നു. റിങ്ങിലെ യഥാര്‍ത്ഥ ഫൈറ്റിന്റെ ഷൂട്ടിങ്ങിനിടെ ഇത് ആവര്‍ത്തിക്കേണ്ടി വന്നില്ല. ഷൂട്ടിന് ശേഷം റിങ്ങില്‍ നിന്നിറങ്ങിയപ്പോള്‍ ബലാത്സംഗത്തിനിരയായ സ്ത്രീക്ക് തുല്യമായിരുന്നു എന്റെ അവസ്ഥ. നേരെ നടക്കാന്‍ കഴിഞ്ഞില്ല.’ സല്‍മാന്റെ വിവാദപരാമര്‍ശം ഇങ്ങനെ.

പിന്നീട് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് താനങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.’ ഷൂട്ടിങ് കഴിഞ്ഞ് ഒരടി പോലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല, ഏറെ ബുദ്ധിമുട്ടിയിരുന്നു’ എന്നാണ് താന്‍ അര്‍ഥമാക്കിയത് എന്നാണ് സല്‍മാന്റെ വിശദീകരണം. പരാമര്‍ശം വിവാദമായതോടെ സല്‍മാനെ എതിര്‍ത്തും പ്രതിരോധിച്ചും നിരവധി പേര്‍ നവമാധ്യമങ്ങളിലൂടെ രംഗത്തെത്തി. പരാമര്‍ശത്തില്‍ സല്‍മാന്‍ മാപ്പ് പറയണമെന്നാണ് ചിലരുടെ ആവശ്യം.