പോറലേല്‍ക്കാതെ 14 വര്‍ഷം പഴക്കമുള്ള മൃതദേഹം

Posted on: June 21, 2016 10:56 am | Last updated: June 21, 2016 at 10:56 am

നീലേശ്വരം: ഒന്നര പതിറ്റാണ്ട് മുമ്പ് മരിച്ചയാളുടെ ഖബറിടം തുറന്നവരെ അമ്പരപ്പിക്കുന്നതായിരുന്നു ആ കാഴ്ച. മൃതദേഹത്തിന് യാതൊരു പോറലുമില്ല. കഴിഞ്ഞ ദിവസം മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം ഖബറടക്കാന്‍ ഇവരുടെ പതിനാല് വര്‍ഷം മുമ്പ് മരണപ്പെട്ട ഭര്‍ത്താവിന്റെ ഖബറിടം തുറന്നപ്പോഴാണ് മൃതദേഹം ഒരുപോറലുമേല്‍ക്കാത്ത നിലയില്‍ കണ്ടത്. തൈക്കടപ്പുറത്തെ മാളികയില്‍ അഹ്മദ് ഹാജിയുടെ ഖബറിടമാണ് കഴിഞ്ഞ ദിവസം മരിച്ച ഭാര്യ ആഇശ (80)യുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി തുറന്നത്. എട്ടോ പത്തോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മുമ്പ് മരിച്ചവരുടെ ഖബര്‍ തുറന്ന് ഇപ്പോള്‍ മരിച്ചവരുടെ മൃതദേഹം മറവ് ചെയ്യുന്ന പതിവുണ്ട്. ഇതേരീതിയില്‍ അഹ്മദ് ഹാജിയുടെ ഖബറിടം തുറന്ന് ഭാര്യ ആഇശയുടെ മയ്യത്ത് മറവ്‌ചെയ്യാന്‍ ഒരുക്കം നടത്തിയപ്പോള്‍ ഖബറിടത്തില്‍ ആദ്യം തുണി കണ്ടെത്തുകയും ഇത് വലിച്ചപ്പോള്‍ മൃതദേഹത്തിന്റെ കാല് പുറത്ത് കാണുകയുമായിരുന്നുവെന്ന് ഖബര്‍ കുഴിക്കാന്‍ നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.

തുടര്‍ന്ന് മൃതദേഹത്തെ സ്പര്‍ശിച്ചുനോക്കിയപ്പോള്‍ ശരീര ഭാഗങ്ങളെല്ലാം അതേപടി തന്നെ നിലനില്‍ക്കുന്നതായി മനസ്സിലായി. നൂറുകണക്കിനാളുകള്‍ ഇതിന് സാക്ഷിയായിരുന്നു. ജനങ്ങള്‍ കൂടിയതോടെ മൃതദേഹം അതേപടി മറവ് ചെയ്തു. മറ്റൊരു സ്ഥലത്ത് ഖബര്‍ കുഴിച്ചാണ് ആഇശയുടെ മൃതദേഹം ഖബറടക്കിയത്. കൂടുതല്‍ സ്ഥല സൗകര്യമില്ലാത്തതിനാലാണ് തൈക്കടപ്പുറത്ത് പഴയ ഖബറിടം തുറന്ന് അതേസ്ഥലത്ത് പുതിയ ഖബറുകള്‍ ഉണ്ടാക്കുന്നത്.
ഇത്തരത്തില്‍ പഴക്കമുള്ള നിരവധി ഖബറുകള്‍ തുറന്നിരുന്നെങ്കിലും മൃതദേഹം അതേപടിയായുള്ള അനുഭവം ആദ്യത്തേതാണെന്നാണ് നാട്ടുകാരും ജമാഅത്ത് ഭാരവാഹികളും ഒരുപോലെ പറയുന്നത്. കര്‍ഷകനായിരുന്ന അഹ്മദ് ഹാജി ഇസ്‌ലാമിക ചിട്ടയ്ക്കും മത നിയമങ്ങള്‍ക്കനുസരിച്ചും ജീവിച്ചയാളാണെന്ന് ജമാഅത്ത് ഭാരവാഹി വ്യക്തമാക്കി. ടി കെ അബ്ദുല്‍ ഖാദര്‍ ഹാജി, നൂറുദ്ദീന്‍ ഹാജി, അബ്ദുറശീദ് ഹാജി, അബ്ദുല്‍ വാരിസ് ഹാരിസ്, ദൈനബി, ബീഫാത്വിമ എന്നിവരാണ് ആഇശയുടെ മക്കള്‍. അബ്ദുല്‍ അസീസ് എടക്കാട്, കെ വി ടി മുഹമ്മദ് ഷാഫി, നഫീസത്ത് ടി കെ, നഫീസത്തുല്‍ മുഹ്‌സിന, ഖദീജ, ഹലീമ കെ. എന്നിവര്‍ മരുമക്കളും ടി കെ അഹ്മദ് ഹാജി, മൊയ്തു ഹാജി, സഫിയ, അസ്മ, പരേതരായ അബ്ദുല്ല ഹാജി, ഖദീജ, ഉമ്മുകുല്‍സു എന്നിവര്‍ സഹോദരങ്ങളുമാണ്.