തനിക്കെതിരെയുള്ള സരിതയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് എ പി അബ്ദുല്ലക്കുട്ടി

Posted on: June 21, 2016 5:27 am | Last updated: June 21, 2016 at 1:28 am
SHARE

കൊച്ചി: മാനഭംഗക്കുറ്റമാരോപിച്ച് സരിത എസ് നായര്‍ തനിക്കെതിരെ നല്‍കിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടി സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. കാരണങ്ങളാന്നുമില്ലാത്തതിനാലാണ് ഇത്തരമൊരു പരാതിയുടെ പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നത്. എന്നാല്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെയും മറ്റും ഗുരുതരമായ ആരോപണമുയര്‍ന്നപ്പോള്‍ അത് തണുപ്പിക്കാനായി തമ്പാനൂര്‍ രവിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ അബ്ദുല്ലക്കുട്ടിക്കെതിരെ പരാതി നല്‍കിയതെന്ന് സരിത കമ്മീഷനില്‍ നല്‍കിയ മൊഴി താന്‍ വിശ്വസിക്കുന്നില്ല.
തന്റെ പേര് പോലിസിനോട് പറയരുതെന്ന് ആവശ്യപ്പെട്ട് സരിതയുടെയും അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്റെയും നമ്പറിലേക്ക് എസ് എം എസ് അയച്ചുവെന്ന കാര്യം അബ്ദുല്ലക്കുട്ടി നിഷേധിച്ചു. രേഖാമൂലവും അല്ലാതെയും സരിത ഉന്നയിച്ച ആരോപണങ്ങളും വാര്‍ത്തകളും മാനഹാനി ഉണ്ടാക്കിയിട്ടും സരിത്്‌ക്കോ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കോ എതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചിട്ടുണ്ടോഎന്ന ചോദ്യത്തിന് സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണം നടത്തുന്നതിനാല്‍ താന്‍ കേസ് നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. സരിത നല്‍കിയ പരാതിയില്‍ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരനായിരുന്ന താന്‍ പിന്നീട് എ ഗ്രൂപ്പില്‍ ചേര്‍ന്നതോടെ കേസിലെ തുടര്‍ നപടികള്‍ നിര്‍ത്തി വെക്കുകയുമായിരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇതില്‍ പേരില്‍ കണ്ണൂരില്‍ ഐ ഗ്രൂപ്പിന് അനുവദിച്ച അസംബ്ലി സീറ്റ് അബുള്ളക്കുട്ടിക്ക്്് നഷ്ടമായതെന്ന മാധ്യമ വാര്‍ത്തകളും ശരിയല്ല എന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
തന്നെ മൂന്നുതവണ നേരില്‍കണ്ടിട്ടുണ്ടെന്ന് സരിത കമ്മീഷനില്‍ നല്‍കിയ മൊഴി കളവാണ്. തനിക്കെതിരെ മാത്രം ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് സരിത പോലിസിന് പരാതി നല്‍കാനുണ്ടായ കാരണം അറിയില്ല. ആര്‍ ബി നായര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബിജുരാധാകൃഷ്ണനെ ഒരു പ്രാവശ്യവും ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിതാ എസ് നായരെ രണ്ട് തവണയും കണ്ടിട്ടുള്ളതായി കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ടീം സോളാര്‍ കമ്പനി കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചാണ് ബിജുവിനെയും സരിതയെയും ആദ്യമായി കാണുന്നത്. പിന്നീട് കടുത്തുരുത്തിയില്‍ സൗരോര്‍ജ തെരുവ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്നതിനായി സരിതയും ഒരു സംഘവും തന്നെ വന്നു കണ്ടതായും മോന്‍സ് ജോസഫ് എംഎല്‍എ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here