കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കോണ്‍ഗ്രസ് ധര്‍ണ

Posted on: June 21, 2016 5:26 am | Last updated: June 21, 2016 at 1:27 am

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലവര്‍ധന ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കായിരുന്നു പ്രതിഷേധ പ്രകടനം. തിരുവനന്തപുരത്ത് ആര്‍ എം എസ് ഓഫീസിന് മുന്നിലെ ധര്‍ണ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും. ഹരിപ്പാട് ബി എസ് എന്‍ എല്‍ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി ബി എസ് എന്‍ എല്‍ ഓഫീനു മുന്നിലെ ധര്‍ണ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
കോന്നിയില്‍ അടൂര്‍ പ്രകാശ് എം എല്‍ എ, അമ്പലപ്പുഴയില്‍ കെ സി വേണുഗോപാല്‍ എം പി, പാലായിലും കടുത്തുരുത്തിയിലും ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി, കുന്നത്തുനാടില്‍ ഡി സി സി പ്രസിഡന്റ് വി ജെ പൗലോസ്, മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കന്‍, കോതമംഗലത്ത് കെ പി ബാബു, പെരുമ്പാവൂരില്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ്, കല്‍പ്പറ്റയില്‍ ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, മാനന്തവാടിയില്‍ എന്‍ ഡി അപ്പച്ചന്‍, കണ്ണൂരില്‍ കെ സുധാകരന്‍, ഇരിക്കൂരില്‍ കെ സി ജോസഫ് എം എല്‍ എ, മഞ്ചേശ്വരത്ത് ഡി സി സി. ജന. സെക്രട്ടറി കേശവ പ്രസാദ്, കാസര്‍ഗോഡ് കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.