പന്തല്ലൂരില്‍ സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ്-ചേളാരി ഗുണ്ടാ ആക്രമം

Posted on: June 21, 2016 1:26 am | Last updated: June 21, 2016 at 1:26 am

മഞ്ചേരി: ലീഗ്-ചേളാരി ഗുണ്ടാ ആക്രമണത്തില്‍ അഞ്ച് സുന്നി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പന്തല്ലൂര്‍ മുടിക്കോട് ജുമുഅ മസ്ജിദില്‍ നിന്നു ഞായറാഴ്ച രാത്രി തറാവീഹിന് നിസ്‌കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുന്നി പ്രവര്‍ത്തകരെയാണ് ലീഗ്-ചേളാരി വിഭാഗം ഗുണ്ടകള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. മുടിക്കോട് സ്വദേശികളായ പള്ളിക്കല്‍ മുഹമ്മദ് (42), മദാരി കരുവാരത്തൊടി അബ്ദുറഹ്മാന്‍ (52), മദാരി പള്ളിയാളി യൂസുഫലി (25), മദാരി പള്ളിയാളി ഹംസ (40), മദാരി മുക്കാകോട്ട് അബ്ദുസ്സമദ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെ നിസ്‌കാരം കഴിഞ്ഞു വരികയായിരുന്ന സുന്നി പ്രവര്‍ത്തകരെ ആസൂത്രിതമായി സംഘം ചേര്‍ന്നെത്തിയ നൂറോളം വരുന്ന സംഘമാണ് ആക്രമിച്ചത്. സംഘത്തിലെ പലരും അയല്‍പ്രദേശങ്ങളില്‍ നിന്നെത്തിയവരായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. പാണ്ടിക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമികളുടെ ഗുണ്ടാവിളയാട്ടം. കല്ല് കൊണ്ടുള്ള ഏറാണ് തുടങ്ങിയത്. പട്ടിക കഷ്ണം, ഇരുമ്പു വടി, വാള്‍, ഇരുമ്പ് പൈപ്പ് എന്നീ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പിന്നീട് അക്രമം. കഴിഞ്ഞ ഒന്നര വര്‍ഷമായി മുടിക്കോട് മദാരിജുല്‍ ഇസ്‌ലാം സംഘത്തിനു കീഴിലെ ജുമുഅ മസ്ജിദ് കമ്മിറ്റി ഭാരവാഹി തര്‍ക്കം നിലനില്‍ക്കുകയാണ്.