അഭ്യൂഹങ്ങള്‍ തള്ളി പോലീസ്; ക്വട്ടേഷനും കുളിക്കടവും കെട്ടുകഥ

Posted on: June 21, 2016 5:24 am | Last updated: June 21, 2016 at 1:25 am

കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ അമീറുല്‍ ഇസ്‌ലാമിനല്ലാതെ മറ്റാര്‍ക്കും നേരിട്ട് പങ്കില്ലെന്ന നിലപാടിലുറച്ച് പോലീസ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണ സംഘത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജിഷയെ കൊല്ലാന്‍ ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയിരുന്നതായി ഇതുവരെയുള്ള വിവരം ലഭിച്ചിട്ടില്ല. വി ഐ പിയുടെ പങ്ക് സംബന്ധിച്ച് പ്രചരിക്കുന്നത് കഥകള്‍ മാത്രമാണ്. ഒരു വി ഐ പിയെ പിടിച്ച് ഒരു ഗൂഢാലോചനക്കഥയുണ്ടാക്കിയാല്‍ എല്ലാവര്‍ക്കും സന്തോഷമാകും. പക്ഷെ ഇല്ലാത്ത കഥയുണ്ടാക്കാന്‍ പോലീസിന് കഴിയില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ ലഭിച്ച വിവരമനുസരിച്ച് ഇത് ക്വട്ടേഷന്‍ കൊലപാതകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജിഷക്ക് പ്രതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രമാണ്. കുളിക്കടവിലെ സംഭവവും ഇത്തരത്തില്‍ കെട്ടിച്ചമച്ചതാണ്. അമീര്‍ ചോദ്യം ചെയ്യലിനിടയില്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് സത്യമാകണമെന്നില്ല. ഏത് കൊലയാളിയും കൊലപാതകത്തിന് ഒരു ന്യായീകരണമുണ്ടാക്കാന്‍ ശ്രമിക്കും. അത്തരത്തില്‍ അമീറുല്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അതിന് പ്രസക്തിയില്ല. ഇക്കാര്യത്തില്‍ ജിഷയുടെ അമ്മ പറയുന്നതാണ് സത്യം. നാട്ടിലെ വായ്‌നോക്കികളോടുള്ള പരിചയം മാത്രമാണ് ജിഷക്ക് അമീറിനോട് ഉണ്ടായിരുന്നത് എന്ന് വേണം കരുതാന്‍.
പ്രതിക്ക് ജിഷയോടു തോന്നിയ ലൈംഗിക അഭിനിവേശവും ജിഷയുടെ ചെറുത്തു നില്‍പുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടത്തിയ രീതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇയാള്‍ വിശദമായി തന്നെ അഭിനയിച്ചു കാണിച്ചിരുന്നു. ജിഷയുടെ ശരീരത്തിലുണ്ടായ ഓരോ മുറിവും ഇയാള്‍ എണ്ണിയെണ്ണി വിവരിച്ചു തന്നു. അഭിനയിച്ചു കാണിച്ച രീതിയിലുള്ള മുറിവുകളും പരുക്കുകളുമാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇയാള്‍ കാണിച്ച രീതിയില്‍ കുത്തിയാല്‍ മാത്രമേ ജിഷയുടെ ദേഹത്ത് ഉണ്ടായിരുന്ന തരത്തിലുള്ള മുറിവുണ്ടാക്കാന്‍ കഴിയൂ. ഡി എന്‍ എ പരിശോധനാ ഫലം പോലെ നൂറ് ശതമാനം ശാസ്ത്രീയമായ തെളിവുകള്‍ ഉള്ളപ്പോള്‍ കൊലയാളി അമീര്‍ ആണെന്ന കാര്യത്തില്‍ ചെറിയൊരു സംശയത്തിന് പോലും സാധ്യതയില്ല.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലുള്ള ക്രിമിനലുകളുടെ മാനസികാവസ്ഥ മാനസിലാക്കിയാല്‍ കൊലപാതകം നടത്താന്‍ അവര്‍ക്ക് വലിയ കാരണങ്ങള്‍ വേണ്ടെന്ന് ബോധ്യമാകും. നമ്മുടേതില്‍ നിന്ന് പാടേ വിഭിന്നമായ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഇത്തരക്കാരുടെ ചെയ്തികള്‍ക്ക് നമ്മുടേതായ യുക്തി വെച്ച് കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ കാരണം.
ഒരു പെണ്‍കുട്ടിയെ ബലമായി കീഴടക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റ് കാണാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒരു പ്രകോപനവുമില്ലാതെ കൊലപാതകം നടത്താന്‍ കഴിയുന്ന മാനസികാവസ്ഥയുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നതാണ് ജിഷ സംഭവം നല്‍കുന്ന യഥാര്‍ഥ മുന്നറിയിപ്പെന്നും ഈ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.